നമ്മുടെ മനസ്സു് ശുദ്ധമാണെങ്കിൽ, ഈശ്വരസ്മരണയോടെയാണു് ഓരോ കർമ്മവും ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും ഭഗവത്കൃപ നമ്മളിലുണ്ടാകും. മറിച്ചു്, എത്ര തവണ ക്ഷേത്രത്തിൽപ്പോയാലും സ്വാർത്ഥതയും പരനിന്ദയും വിടാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല.
അയൽവാസികളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ഭക്തയും മറ്റേ സ്ത്രീ വേശ്യയുമായിരുന്നു. ഭക്ത കൂട്ടുകാരിയോടു പറയും, ”നീ ചെയ്യുന്നതു ശരിയല്ല, മഹാപാപമാണ്. അതു നിന്നെ നരകത്തിലേ എത്തിക്കുകയുള്ളൂ.
വേശ്യാസ്ത്രീ എപ്പോഴും കൂട്ടുകാരിയുടെ വാക്കോർക്കും. ഞാൻ എത്ര വലിയ പാപിയാണ്. ജീവിക്കാൻ മറ്റു യാതൊരു മാർഗ്ഗവുമില്ല, അതുകൊണ്ടു ഞാൻ ഈ തെറ്റുകൾചെയ്യുന്നു. ഈശ്വരാ! എന്നോടു് ക്ഷമിക്കണേ. അടുത്ത ജന്മമെങ്കിലും എൻ്റെ കൂട്ടുകാരിയെപ്പോലെ അവിടുത്തെ പ്രാർത്ഥിക്കാനും പൂജിക്കുവാനുമുള്ള അവസരം ഉണ്ടാക്കിത്തരണേ. ഈശ്വരാ എൻ്റെ തെറ്റുകൾക്കു് മാപ്പുതരണേ. ഇതു പറഞ്ഞു് അവർ ദിവസവും കരയും.
ക്ഷേത്രത്തിൽപ്പോകുന്ന സ്ത്രീ ക്ഷേത്രത്തിലെത്തിയാലും തൻ്റെ കൂട്ടുകാരിയെക്കുറിച്ചും അവരുടെ പ്രവൃത്തിയെക്കുറിച്ചുമാണു ചിന്ത. അവസാനം രണ്ടു പേരും മരിച്ചു. ഭക്തയെ നരകത്തിലേക്കും വേശ്യയെ സ്വർഗ്ഗത്തിലേക്കും കൊണ്ടുപോകുന്നതിനായി ദൂതന്മാരെത്തി.
ഭക്തയ്ക്കു് ഇതൊട്ടും സഹിച്ചില്ല. അവർ ചോദിച്ചു, ”ജീവിതകാലം മുഴുവൻ വേശ്യാവൃത്തി നടത്തിയവളെ നിങ്ങൾ സ്വർഗ്ഗത്തിൽ കൊണ്ടു പോകുന്നു. ക്ഷേത്രത്തിൽ പോകുകയും പൂജ നടത്തുകയും ചെയ്ത എന്നെ നരകത്തിലേക്കും. ഇതെന്തു നീതിയാണ്? നിങ്ങൾക്കു തെറ്റു പറ്റിയിട്ടുണ്ട്?”
സ്വർഗ്ഗദൂതന്മാർ പറഞ്ഞു. ”ഞങ്ങൾക്കു് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നീ ക്ഷേത്രത്തിൽ പോകുമ്പോഴും പൂജ ചെയ്യുമ്പോഴുമെല്ലാം നിൻ്റെ മനസ്സു നികൃഷ്ടമായ പ്രവൃത്തികളെക്കുറിച്ചാണു ചിന്തിച്ചു കൊണ്ടിരുന്നത്. എന്നാൽ നിൻ്റെ കൂട്ടുകാരി വേശ്യയായിരുന്നു എങ്കിലും അവൾ അതുമായി ബന്ധിച്ചിരുന്നില്ല. അവളുടെ മനസ്സു് ഈശ്വരനിലായിരുന്നു.
തൻ്റെ തെറ്റുകളെക്കുറിച്ചോർത്തു് ആ സ്ത്രീ പശ്ചാത്തപിക്കാത്ത ദിവസങ്ങളോ ഈശ്വരനെ വിളിച്ചു മാപ്പപേക്ഷിക്കാത്ത സമയങ്ങളോ ഇല്ലായിരുന്നു. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതു കൊണ്ടു വേശ്യയായി ജീവിച്ചെങ്കിലും അവർ യഥാർത്ഥ ഭക്തയായിരുന്നു. അതുകൊണ്ടാണു് അവരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നത്.”