ഇന്ന് ശിവരാത്രിയാണ്. പരമമായ മംഗളത്തെ തരുന്ന രാത്രിയാണ് ശിവരാത്രി. ത്യാഗം, തപസ്സ്, വ്രതം, ഭക്തി, ജ്ഞാനം എല്ലാം ഒത്തുചേരുന്ന ഒരു ആഘോഷമാണ് ശിവരാത്രി.ഇവയെല്ലാം ഒത്തുചേർന്ന ശിവാരാധനയിലൂടെ നമ്മൾ പരമമായ മംഗളത്തെ പ്രാപിക്കുന്നു. അഥവാ ഈശ്വരനുമായി ഒന്നു ചേരുന്നു. സംഹാരമൂർത്തിയായിട്ടാണ് ശിവൻ അറിയപ്പെടുന്നത്. തുടക്കമുണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഇവ രണ്ടുമുണ്ടെങ്കിൽ ഇടയിൽ സ്ഥിതിയും ഉണ്ടാകും. സൃഷ്ടിസ്ഥിതിലയങ്ങൾ വേറിട്ട് നിൽക്കുകയില്ല. ഒരു പൂ വിടരണമെങ്കിൽ മൊട്ട് ഇല്ലാതാകണം. കായ് ഉണ്ടാകണമെങ്കിൽ പൂ കൊഴിഞ്ഞു വീഴണം. അപ്പോൾ സൃഷ്ടിസ്ഥിതിലയങ്ങൾ ഒന്നിൻ്റെ തന്നെ വിവിധ ഭാവങ്ങൾ ആണ്. ഇതുപോലെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഒരേ പരമാത്മാവിൻ്റെ ഭിന്ന മുഖങ്ങളാണ്.
ശിവൻ്റെ അത്ഭുതലീലകളും മഹാത്മ്യവും എത്രപറഞ്ഞാലും തീരുകയില്ല. ശിവൻ ധ്യാനനിമഗ്നനാണ്, ഒപ്പം നടരാജനുമാണ്. ഏകാകിയായ ഭിക്ഷാടനമൂർത്തിയാണ് അതേസമയം ലോകത്തിൻ്റെ മുഴുവനും പിതാവുമാണ്, അർധനാരീശ്വരനാണ്. അധർമ്മികളെ ശിക്ഷിക്കുന്ന ഭൈരവനാണ്. ഋഷികൾക്കും ലോകത്തിനും ആദിഗുരുവായ ദക്ഷിണാമൂർത്തിയാണ്. ലോകരക്ഷകനായ നീലകണ്ഠനാണ്. ജ്ഞാനമാകുന്ന മൂന്നാം തൃക്കണ്ണോടു കൂടിയവനാണ്. കാലത്തേയും കാമത്തേയും ജയിച്ചവനാണ്. ഇങ്ങനെ ശിവൻ്റെ വിശേഷങ്ങൾക്ക് അവസാനമില്ല.ഓരോ രൂപവും ഓരോ ഭാവവും അർത്ഥപൂർണ്ണമാണ്. ആദ്ധ്യാത്മികമായ തത്വങ്ങൾ പഠിപ്പിക്കുന്നതാണ്.
ജീവിതത്തിൽ പലവിധ സൗഭാഗ്യങ്ങൾ നമുക്ക് ഉണ്ടാകാം.ഉന്നതകുലത്തിൽ ജനനം, സ്നേഹസമ്പന്നരായ അച്ഛനമ്മമാർ, സുന്ദരവും ആരോഗ്യപൂർണ്ണവുമായ ശരീരം, ഉന്നത വിദ്യാഭ്യാസം, പണം, പദവി, കീർത്തി അങ്ങനെ പലപല സൗഭാഗ്യങ്ങൾ. എന്നാൽ ഇതെല്ലാം ഇന്നുണ്ട് നാളെയില്ല എന്നതരത്തിലുള്ളതാണ്. ലോകത്തേയും ലോകവസ്തുക്കളേയും ആശ്രയിച്ചുള്ളതാണ്.അതിനാൽ ഇതൊക്കെ ഏതുനിമിഷവും നഷ്ടപ്പെട്ട് പോകാം. എന്നാൽ ഒരിക്കലും നഷ്ടപ്പെടാത്തതും എപ്പോഴും നമുക്ക് സംതൃപ്തിയും സന്തോഷവും തരുന്ന എന്താണോ അതാണ് ഏറ്റവും മംഗളകരമായ സൗഭാഗ്യം. അതു ആത്മാനന്ദമാണ്, ഈശ്വരനുമായുള്ള ഐക്യമാണ്. അതിലേയ്ക്ക് നമ്മളെ നയിക്കുന്നതാണ് ശിവരാത്രി.
ഊണും ഉറക്കവും വെടിഞ്ഞ് ഭഗവാനെ ഭജിക്കുക എന്നതാണ് ശിവരാത്രി അനുഷ്ഠാനത്തിൽ പ്രധാനം. ഇന്ദ്രിയ ധർമ്മങ്ങളാകുന്ന വിശപ്പും ദാഹവും ജയിച്ച്, അജ്ഞാനമാകുന്ന ഉറക്കത്തിലേയ്ക്ക് വഴുതി വീഴാതെ ജ്ഞാനത്തിൻ്റെ ഉണർവിൽ കഴിയുന്ന രാത്രിയാണ് ശിവരാത്രി. ലോകർക്ക് രാത്രി വിശ്രമത്തിനും ആസ്വാദനത്തിനും ഉള്ള സമയമാണ്. എന്നാൽ ഭക്തൻ്റെ ഭാവം അതല്ല. രാത്രി ഈശ്വരസ്മരണയ്ക്ക് ഏറ്റവും പറ്റിയ സമയം ആണ്. ഇന്ദ്രിയാസ്വാദനങ്ങൾ അല്പസുഖം തരുന്നതും അല്പനിമിഷം മാത്രം നിലനിൽക്കുന്നതുമാണ്.
അവ ആസ്വദിക്കരുത് എന്നല്ല, അവ ആസ്വദിക്കുമ്പോഴും അവിടുത്തെ കൃപകൊണ്ടാണ് അത് ലഭിച്ചതെന്ന നന്ദിയോടെയും ലോകസ്വഭാവം മറക്കാതെയും അവ അനുഭവിക്കാം. ലോകത്തിൽ നിന്ന് കിട്ടുന്ന അല്പസുഖങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നവരാണ് സാധാരണ ജനങ്ങൾ. എന്നാൽ ഇന്ദ്രിയങ്ങളേയും മനസ്സിനേയും അധീനമാക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന വലുതായ ശാന്തിയും സുഖവും ഉണ്ട്. അതിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലുകളാണ് വ്രതവും തപസ്സും.
ശിവരാത്രിക്ക് ഉപവാസം പ്രധാനമാണ്. രാപ്പകൽ പൂർണ്ണമായും ഉപവസിക്കുകയെന്നതാണ് ആചാരം. അല്ലെങ്കിൽ അവനവൻ്റെ ശക്തിക്കനുസരിച്ച് ഉപവസിക്കാം. ഉപവാസം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഈശ്വരസമീപം വസിക്കുക അല്ലെങ്കിൽ ആത്മനിഷ്ഠനായിരിക്കുക എന്നതാണ്. ബാഹ്യമായ ആഹാരം വെടിയൽ അതിന് സഹായിക്കും. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന എല്ലാംതന്നെ ആഹാരമാണ്. അവയെ വെടിയുന്നതിൻ്റെ പ്രതീകമാണ് അന്നമാകുന്ന അഹാരം ഉപേക്ഷിക്കൽ. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം കിട്ടുന്നു. അപ്പോൾ ഭക്ഷണം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഊർജ്ജത്തെ ശരീരം സ്വന്തം ശുദ്ധീകരണത്തിനും രോഗങ്ങളെ മാറ്റുവാനും ഉപയോഗിക്കുന്നു. അപ്പോൾ പ്രാണൻ ശരിയായ ദിശയിൽ ചരിക്കുകയും മനസ്സ് ധ്യാനാത്മകമായ അവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നു. ആ അവസ്ഥയിൽ രാത്രി ഉറക്കമൊഴിഞ്ഞാൽ നല്ല ഉണർവുണ്ടാകും. ധ്യാനം ഏകാഗ്രമാകുകയും ചെയ്യും.
അതുമാത്രല്ല ശാരീരകമായ പല അസുഖങ്ങളും ശമിപ്പിക്കാൻ ഉപവാസംകൊണ്ട് കഴിയും. എന്നാൽ ഒന്നും അമിതമാവരുത്. മിതത്വവും സന്തുലനവും ആവശ്യമാണ്. അധികം ഉറങ്ങുന്നവനും തീരെ കുറച്ചുറങ്ങുന്നവനും അധികം ഭക്ഷിക്കുന്നവനും തീരെകുറച്ച് ഭക്ഷിക്കുന്നവനും യോഗം സാധ്യമല്ലെന്ന് ഗീതയിലും പറയുന്നുണ്ടല്ലോ. അങ്ങനെയായാൽ നമ്മുടെ നിയന്ത്രണമില്ലാതെ ഉറക്കം കടന്നുവരും ശാരീരികമായ മറ്റ് പ്രേരണകളും വരും. മനസ്സിനെ ഏകാഗ്രമാക്കാൻ ശ്രമിക്കുമ്പോൾ മനസ്സ് ഉറക്കത്തിലേക്ക് വഴുതുക എന്നത് അധികംപേരുടേയും പ്രശ്നമാണ്. ഉള്ളിൽ തമസ്സ് കൂടുതൽ ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ സംഭവിക്കും. സത്സംഗങ്ങൾ കേൾക്കുന്നതും മന്ത്രജപവും പലരും ഉറക്ക ഗുളികകൾക്ക് പകരമായി വിജയകരമായി ഉപയോഗിച്ച് വരുന്നുണ്ട്.
ധ്യാനിക്കാനിരുന്നാൽ ഉടൻ ഉറക്കം അവരെ പിടിക്കൂടും. അല്ലെങ്കിൽ ചില പതിവു ചിന്തകൾ മനസ്സിൽ കടന്നുവരും. ധ്യാനവും ഉറക്കവും അല്ലെങ്കിൽ ധ്യാനവും വിപരീത ചിന്തകളും വിട്ടുപിരിയാത്ത കൂട്ടുകാരെപോലെയായിത്തീരുന്നു. ഈ പ്രശ്നത്തെ എങ്ങനെ ജയിക്കും? വീണ്ടും വീണ്ടും ജാഗ്രത വളർത്തി, വീണ്ടും വീണ്ടും പരിശ്രമിച്ച് അതിനെ ക്രമേണ ജയിക്കണം.
ശിവരാത്രിയുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും വ്രതം എടുക്കുന്നതും ഉറക്കമിളക്കുന്നതും. സിനിമ കണ്ടും മൊബൈലിൽ ഗെയിം കളിച്ചും രാത്രി ഉറങ്ങാതിരുന്നാൽ അതു ശിവരാത്രി വ്രതമാവില്ല. ശിവരാത്രി വ്രതത്തിൻ്റെ പിന്നിലുള്ള തത്വവും നമ്മൾ അറിഞ്ഞിരിക്കണം.
ശിവൻ്റെ അഷ്ടമൂർത്തികൾ പ്രസിദ്ധമാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി പിന്നെ മനസ്സ്, ബുദ്ധി, ജീവാത്മാവ് ഇവയാണ് അഷ്ടമൂർത്തികൾ ഈ പ്രപഞ്ചം മുഴുവൻ ശിവമയമാണെന്ന് സാരം. അതിനാൽ സകല ജീവികളിലും ഈശ്വരനെ ദർശിച്ച് സ്നേഹിക്കുക, സേവിക്കുക, ആദരിക്കുക, ആരാധിക്കുക എന്നതാണ് നമ്മുടെ ധർമ്മം. ശിവാരാധനയിലൂടെ അതിലേക്കാണ് നമ്മൾ ഉയരേണ്ടത്. അജ്ഞാനമാകുന്ന മോഹനിദ്രയിൽ നിന്ന് ഉണരാനും ആന്തരികമായ ശാന്തിയും സൗന്ദര്യവും കണ്ടെത്താനും ശിവരാത്രി നമ്മെ ആഹ്വാനം ചെയ്യുന്നു. ആ ഉണർവിലേക്ക് ഉണരാൻ നമുക്ക് ഓരോത്തർക്കും കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.