അമ്പലപ്പുഴ ഗോപകുമാര്‍

അമ്മയെപ്പറ്റി ഞാനോര്‍ക്കുമ്പൊഴൊക്കെയും
എന്മനം നീലക്കടലുപോലെ
അമ്മയെയോര്‍ത്തു ഞാന്‍ ധ്യാനിച്ചിരിക്കുമ്പോ-
ഴെന്മനം നീലനഭസ്സുപോലെ…

അന്തമെഴാത്തൊരഗാധമഹോദധി-
ക്കക്കരെയോ അമ്മ! ആര്‍ക്കറിയാം…
ചിന്ത്യമല്ലാത്ത മഹാകാശസീമകള്‍-
ക്കപ്പുറമോ അമ്മ! ആര്‍ക്കറിയാം…

സൂര്യനും ചന്ദ്രനും നക്ഷത്രരാശിയും
പോയിമറഞ്ഞൊരു ശൂന്യതയില്‍
ഒച്ചയനക്കമില്ലാരവാരങ്ങളി-
ല്ലച്ച്യുതാകാശമഹാസരിത്തില്‍.

ഓങ്കാരമായുണര്‍ന്നാദി മഹസ്സിൻ്റെ-
തേജസ്സായമ്മ മിഴി തുറക്കെ,
ഓരോ തളിരിലും പൂവിലുമീ ജഗത്-
പ്രാണനായമ്മ തുടിച്ചു നിലേ്ക്ക,

ജീവന സംഗീതധാരയായെത്തുന്ന-
തേതൊരു ബ്രഹ്മകടാക്ഷതീര്‍ത്ഥം!
ആരോരുമിങ്ങറിഞ്ഞീടാത്തൊരദ്ഭുത-
പ്രേമപ്രപഞ്ചനിഗൂഹിതാര്‍ത്ഥം…!

അമ്മയോടൊത്തുള്ളൊരൈഹികജീവിത-
സമ്മുഗ്ദ്ധസൗഭാഗ്യജന്മമാരേ
സമ്മാനമായ്ക്കനി,ഞ്ഞാപ്പരാശക്തിതന്‍-
നിര്‍മ്മായലീലകളാര്‍ക്കറിയാം…?

എല്ലാം മഹാമായതന്‍ അനഘാനന്ദ-
സന്ദോഹലക്ഷ്മിതന്‍ തൃക്കടാക്ഷം!
ആ കടാക്ഷത്തിലലിഞ്ഞാത്മബോധമാര്‍-
ന്നമ്മയെത്തന്നെ വണങ്ങി നില്ക്കാം…