അമൃതപ്രിയ 2012
ജീവിതത്തിൻ്റെ അർത്ഥം
കുഞ്ഞായിരിക്കുമ്പോൾ മുതലേ ഈ ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ‘ഈശ്വരനിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈശ്വരനുണ്ടായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നില്ല; ഈ ക്രൂരതയും ദുഃഖവും ചൂഷണവും ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാലും ഈ സുന്ദരമായ പ്രകൃതിയും മനുഷ്യൻ കണ്ടുപിടിച്ച കലാരൂപങ്ങളും മനുഷ്യർക്കിടയിലെ അപൂർവ്വമായുള്ള സ്നേഹവുമൊക്കെ ക്രൂരത നിറഞ്ഞ ഈ ലോകത്തെ സുന്ദരമാക്കുന്നുണ്ടു് എന്നു ഞാൻ വിശ്വസിച്ചു. സംഗീതം, സാഹിത്യം, കവിത എല്ലാം എനിക്കിഷ്ടമായിരുന്നു.
1985 ജൂണിൽ ഒരു ദിവസം ഞാൻ ഫ്രാൻസിൽ ട്രെയിൻ കാത്തുനില്ക്കുകയായിരുന്നു. അന്നെനിക്കു് ഇരുപത്തിയേഴു വയസ്സാണു പ്രായം. അടുത്തുനിന്നിരുന്ന രണ്ടു പേർ സംസാരിക്കുന്നതു ഞാൻ കേട്ടു. അതിലൊരാൾ പറയുകയാണു്, ”ഈ ബുക്കിൽ പറയുന്നതു നാമെല്ലാം ആ പരമസത്യത്തിൻ്റെ മൂർത്തീരൂപങ്ങളാണെന്നാണു്. പക്ഷേ, നാമതു് അറിയുന്നില്ലെന്നു മാത്രം.” ആ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ആ അപരിചിതനെ സമീപിച്ചു് അദ്ദേഹം പറഞ്ഞതിൻ്റെ അർത്ഥമെന്താണെന്നു് അന്വേഷിച്ചു.
ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിച്ച അതേ ട്രെയിനിൽ പാരീസിലേക്കു പോകാൻ നില്ക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഒരു മണിക്കൂർ പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിനിൽ ഇരുന്നും ഞങ്ങൾ സംസാരിച്ചു. മുംബൈയിൽ ജീവി ച്ചിരുന്ന നിസർഗ്ഗദത്ത് മഹാരാജുമായുള്ള സംഭാഷണങ്ങൾ അടങ്ങിയ ‘ഐ ആം ദാറ്റ്’ എന്ന പുസ്ത കമായിരുന്നു അദ്ദേഹത്തിൻ്റെ കൈയിൽ. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുകയാണു്, ഒരു മുൻപരിചയവുമില്ല, എങ്കിലും ആ പുസ്തകം അദ്ദേഹമെനിക്കു വായിക്കാൻ തന്നു. അന്നുതന്നെ ഞാനതു വായിക്കാൻ തുടങ്ങി.
തികച്ചും പുതിയ ഒരു അറിവാണു് ആ പുസ്തകം എനിക്കു സമ്മാനിച്ചതു്. എൻ്റെ ജീവിതവീക്ഷണം ആകെ മാറി. ആത്മജ്ഞാനിയായ ഒരു മഹാത്മാവായിരുന്നു നിസർ ഗ്ഗദത്ത് മഹാരാജ്. 1980ൽ അദ്ദേഹം ശരീരം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ മുഴുവൻ എനിക്കു മനസ്സിലായില്ല. എങ്കിലും അതാണു സത്യമെന്നു് എനിക്കു വിശ്വസിക്കാൻ സാധിച്ചു. ലോകത്തിൽ ഞാൻ അതുവരെ കണ്ട ദുരിതങ്ങൾക്കും അനീതികൾക്കുമൊക്കെ ഒരു കാരണമുണ്ടു് എന്നു ഞാൻ തിരിച്ചറിഞ്ഞു. എല്ലാ അനുഭവങ്ങൾക്കും കാരണം ഒരുവൻ്റെ പൂർവ്വകർമ്മങ്ങളാണു്. ആത്മാവിനെക്കുറിച്ചും ഓരോരുത്തരുടെയും ഉള്ളിലുള്ള ഈശ്വരചൈതന്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ടായിരുന്നു. അതെല്ലാം എനിക്കു പുതിയ അറിവായിരുന്നു. അദ്ദേഹം പറഞ്ഞതു മുഴുവൻ എനിക്കു മനസ്സിലായില്ല. ഒരു ആത്മജ്ഞാനി പറയുന്നതൊക്കെ മനസ്സിലാക്കാൻ മറ്റൊരു ആത്മജ്ഞാനിക്കല്ലാതെ മറ്റാർക്കാണു കഴിയുക?
അടുത്ത രണ്ടു വർഷം ആ പുസ്തകം ഞാൻ എപ്പോഴും കൂടെ കൊണ്ടു നടന്നു. ഭാരതത്തിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപു് ഋഷീശ്വരന്മാർ തപസ്സിലൂടെ നേടിയ അറിവാണു വേദത്തിലും ഉപനിഷത്തിലുമുള്ള വേദാന്തം. അതുതന്നെയാണു നിസർഗ്ഗദത്ത് മഹാരാജും പറയുന്നതെന്നു ഞാൻ മനസ്സിലാക്കി. ഭഗവദ്ഗീതയും ഞാൻ പഠിക്കാൻ ശ്രമിച്ചു. അതിൽ രണ്ടാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള, തീ കൊണ്ടു കത്തിക്കാനോ വെള്ളംകൊണ്ടു നനക്കാനോ വാളുകൊണ്ടു മുറിക്കാനോ സാധിക്കാത്ത ആത്മാവിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനാകെ കോരിത്തരിച്ചു. പിന്നീടു്, മറ്റു മതങ്ങളിലെ ഉപദേശങ്ങളും പഠിക്കണം എന്നു നിശ്ചയിച്ചു ഞാൻ ബൈബിളും ഖുറാനും പഠിച്ചു. എല്ലാ മതങ്ങളിലും പറയുന്നതു് ഒരേ കാര്യം തന്നെ; കാരുണ്യം, വിനയം, വൈരാഗ്യം, സേവനം…
മൂന്നു വർഷം കഴിഞ്ഞു. 1988 ജൂലായിൽ ഒരു ദിവസം ഞാൻ എന്നോടുതന്നെ ചോദിച്ചു. ‘എനിക്കിപ്പോൾ ഈശ്വരവിശ്വാസമായി, ശരിതന്നെ. പക്ഷേ, ഞാനെന്താണു ചെയ്യേണ്ടതു്?’ ഈ സംശയം വന്നപ്പോഴാണു് അതിൻ്റെ ഉത്തരമെന്നവണ്ണം അമ്മ എൻ്റെ ജീവിതത്തിലേക്കു വന്നതു്. നമ്മൾ ഗുരുവിനെത്തേടി അലയേണ്ടതില്ല എന്നു് അമ്മ പറയാറുണ്ടു്. പരമ ജ്ഞാനത്തിൻ്റെ ബീജം എല്ലാവരുടെയും ഉള്ളിലുണ്ടു്. സാഹചര്യം അനുകൂലമാകുന്നതുവരെ ഗുരു കാത്തിരിക്കും. സമയമാകുമ്പോൾ ഒരു കുളിർമഴപോലെ ഗുരു നമ്മെ തേടിയെത്തും. അതാണു് ഒരു മഹാത്മാവിൻ്റെ കാരുണ്യം. നമ്മൾ അമ്മയെ കാത്തിരിക്കുന്നില്ല. എന്നാൽ, അമ്മ നമ്മൾ ഓരോരുത്തരെയും പ്രതീക്ഷിച്ചിരിക്കയാണു്. ഞാൻ ആദ്യമായി അമ്മയെ കാണാൻ പോകുന്നതു ഗുരുവിൻ്റെ അടുത്തെത്താനുള്ള വെമ്പലോടെയോ ഭക്തിയോടെയോ ഒന്നുമല്ല. അമ്മയെക്കുറിച്ചു് ഒരു മാഗസിനിൽ വായിച്ചപ്പോൾ ഒരു കൗതുകം തോന്നി, അത്രതന്നെ. ഒരൊറ്റ ദർശനംകൊണ്ടു് എൻ്റെ ജീവിതത്തിൻ്റെ ഗതിയാകെ മാറ്റാൻ കെല്പുള്ളവളുടെ മുന്നിലേക്കാണു പോകുന്നതെന്നു് അന്നു ഞാനറിഞ്ഞില്ല.
ആദ്യമായി അമ്മയുടെ മുന്നിൽ
ഇപ്പോഴും ഞാൻ നല്ലതുപോലെ ഓർക്കുന്നു. അമ്മയെയും പ്രതീക്ഷിച്ചു ദർശനഹാളിലിരുന്ന ഞാൻ വളരെ അസ്വസ്ഥയായിരുന്നു. തിരക്കിനിടയിലിരിക്കുന്നതു് എനിക്കു സ്വതവേ ഇഷ്ടമല്ല. (അന്നു് ഒരു നൂ റുപേരേ ഹാളിലുണ്ടായിരുന്നുള്ളൂ. അതു തിരക്കായി അന്നെനിക്കു തോന്നി. എന്നാൽ ഇന്നത്തെ തിരക്കോ!) ഷൂസ് പുറത്തു് ഊരിവച്ചിരിക്കയാണു്. ഹാളിലെ തറ വൃത്തിയുള്ളതാണോ എന്നു ഞാൻ സംശയിച്ചു. എന്നാൽ അമ്മ വന്നപ്പോൾ തിരക്കും വെറും തറയിൽ ഇരിക്കുന്നതിൻ്റെ അസ്വസ്ഥതയുമൊക്കെ ഞാൻ വിസ്മരിച്ചു. അമ്മയിൽ നിന്നു പ്രസരിക്കുന്ന പ്രേമത്തിൻ്റെയും ശാന്തിയുടെയും തരംഗങ്ങളിൽ ഞാൻ മുങ്ങിപ്പോയി എന്നു പറയാം. അമ്മ തീർച്ചയായും ആത്മജ്ഞാനിയായ ഒരു മഹാത്മാവുതന്നെ. അല്ലെങ്കിൽ എങ്ങനെയാണു് അമ്മയുടെ സാന്നിദ്ധ്യം ഇത്ര ശക്തിയുള്ളതാകുന്നതു്?
അമ്മ വന്നു് അല്പസമയത്തിനകം ഞാൻ ദർശനത്തിനു് അമ്മയുടെ മുന്നിലെത്തി. അമ്മയെന്നെ ആലിംഗനം ചെയ്തു മടിയിൽ കിടത്തിയപ്പോൾ അമ്മയുടെ അടുത്തിരുന്ന ആരോ പൊട്ടിക്കരയുന്ന ശബ്ദം ഞാൻ കേട്ടു. കാന്തത്തിൻ്റെ സാമീപ്യത്തിൽ ഇരുമ്പു കാന്തമാകുന്നതുപോലെ അമ്മയുടെ സാന്നിദ്ധ്യത്തിൽ എനിക്കും കാരുണ്യമേറിയോ? ഒരു നിമിഷം ഞാൻ തലയുയർത്തി അവരെ മാടിവിളിച്ചു. ‘എല്ലാവരും വരൂ. അമ്മയുടെ ഹൃദയത്തിൽ എല്ലാവർക്കും ഇടമുണ്ടു്’ എന്നു് ഉറക്കെ വിളിച്ചു പറയണമെന്നു് എനിക്കു തോന്നി.
എൻ്റെ ഹൃദയം അമ്മ അറിഞ്ഞു കാണണം. പൊട്ടിച്ചിരിച്ചുകൊണ്ടു് അമ്മ എൻ്റെ തലയിൽ താളമിടുന്നതുപോലെ തട്ടി. അമ്മയുടെ ദർശനം തീരുന്നതുവരെ ഞാൻ ആ ഹാളിലിരുന്നു. എല്ലാവരെയും കണ്ടുകഴിഞ്ഞു പോകാനായി എഴുന്നേറ്റപ്പോൾ അമ്മ എന്നെ നോക്കി, ‘വീണ്ടും കാണാം’ എന്ന മട്ടിൽ ആംഗ്യം കാണിച്ചു. എങ്ങനെയാണു് അമ്മയെ വീണ്ടും കാണുന്നതു് എന്നെനിക്കു മനസ്സിലായില്ല. എനിക്കൊരു ജോലിയുണ്ടു്. താമസിയാതെ വിവാഹം കഴിച്ചു കുട്ടികളൊക്കെയായി കുടുംബമായി ജീവിക്കണമെന്നാണു ഞാൻ തീരുമാനിച്ചിരുന്നതു്. ഇനി എന്നെങ്കിലും അമ്മയെ കാണുമോ എന്നുപോലും എനിക്കു സംശയമായിരുന്നു.