മക്കളേ, മനസ്സിൻ്റെ ശ്രുതി ശരിയായാല്‍ എല്ലാം നല്ല ശ്രുതിയായിത്തീരും. അതിൻ്റെ ശ്രുതി ഒന്നു തെറ്റിയാല്‍ ജീവിതത്തില്‍ സകലതും അപശ്രുതിയായി മാറും. ഇതു സംഭവിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കു പരിശീലനം നല്കുന്നതിനുള്ള കേന്ദ്രങ്ങളാണു് ആശ്രമങ്ങള്‍.
ഇന്നു ചിലര്‍ക്കു് ആശ്രമങ്ങളെയും ആത്മീയജീവിതത്തെയും ദുഷിക്കാനും പരിഹസിക്കാനുമാണു താത്പര്യം. കുറച്ചു നാളുകൾക്കു മുമ്പ് ഒരു സിനിമയിറങ്ങി. ആശ്രമങ്ങളെ പൊതുവേ കളിയാക്കിക്കൊണ്ടുള്ള ഒന്നു്. നമ്മുടെ കേരളത്തില്‍ ഏതെങ്കിലും ഒരാശ്രമത്തില്‍നിന്നും കഞ്ചാവു പിടിച്ചതായി ചരിത്രമില്ല. ഈ സിനിമയും മറ്റും കണ്ടു ചിലര്‍ അഭിപ്രായം പറയുന്നതു കേട്ടിട്ടു് ഇവിടെ വരുന്ന ഭക്തരായ മക്കള്‍ വിഷമിച്ചു. അവരുടെ വിഷമം, സത്യമെന്തെന്ന് അന്വേഷിക്കാതെ ആളുകള്‍ അഭിപ്രായം പറയുന്നതിലാണു്. ഒരു എഴുത്തുകാരൻ്റെ സങ്കല്പകഥ, മുത്തശ്ശിക്കഥ, അതു സിനിമയില്‍ കണ്ടാല്‍ കണ്ണടച്ചു ആളുകള്‍ വിശ്വസിക്കും. മഹാത്മാക്കളുടെ വാക്കുകള്‍ തള്ളിക്കളയും. ബുദ്ധിജീവികള്‍ എന്നു സ്വയം അഭിമാനിക്കുകയും ചെയ്യും. ആശ്രമത്തില്‍ ചെന്നു നേരില്‍ കാണുന്നതല്ല വിശ്വാസം. സിനിമയിലെ മുത്തശ്ശിക്കഥകളാണു പലര്‍ക്കും സത്യം. ആ സിനിമ കണ്ടിട്ടു് ആളുകള്‍ ആശ്രമങ്ങളെ ആക്ഷേപിക്കുന്നു. എങ്കില്‍ ഈ ‘ബുദ്ധിജീവികള്‍’ വാസ്തവസ്ഥിതിയെക്കുറിച്ചു് അന്വേഷിക്കുവാന്‍ തയ്യാറാകുന്നില്ല.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അടുത്തുചെന്നു് ഒരാള്‍ പറയുകയാണു്, ‘ഞാന്‍ നിങ്ങള്‍ മരിച്ചു കിടക്കുന്നതു കണ്ടു. നിങ്ങള്‍ എങ്ങനെയാണു മരിച്ചെതെന്നും ഞാന്‍ കേട്ടു.’ ജീവിച്ചിരിക്കുന്ന ആളോടാണു പറയുന്നതു്. ഇതു പോലെയാണു് ഓരോ കാര്യവും. നേരില്‍കാണുന്നതിലല്ല വിശ്വാസം. സിനിമയിലും കഥകളിലും കാണുന്നതാണു കാര്യം. ഭാവനയിലുള്ള കാര്യങ്ങള്‍ ഉള്ളതുപോലെ എഴുതി ഫലിപ്പിക്കുക എന്നതു് എഴുത്തുകാരൻ്റെ കഴിവാണു്. അതു് എഴുത്തുശൈലിയാണു്. അങ്ങനെ എഴുതിയാല്‍ അയാള്‍ക്കു കുറെ പണം കിട്ടും. പേരും പ്രശസ്തിയും നേടാം. അതിനുവേണ്ടി അവര്‍ ഏതു രീതിയിലും എഴുതും. ഈ രീതിയില്‍ എഴുത്തുകാരും നിര്‍മ്മാതാക്കളും മറ്റും പണം സമ്പാദിക്കുന്നു. ആഡംബരത്തോടെ ജീവിക്കുന്നു. എന്നാല്‍, ആദ്ധ്യാത്മികജീവികള്‍ അങ്ങനെയല്ല. ത്യാഗപൂര്‍ണ്ണമാണു് അവരുടെ ജീവിതം.
അമ്മ കലകളെ നിന്ദിക്കുകയല്ല. കലകള്‍ ആവശ്യമാണു്. ഓരോന്നിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്. പക്ഷേ, ഉള്ള സംസ്‌കാരം കൂടി നശിപ്പിക്കുന്ന തരത്തിലാകരുതു കലകള്‍. കലകള്‍ മനുഷ്യനെ നന്നാക്കാനും അവൻ്റെ മനസ്സിനെ വിശാലമാക്കാനും വേണ്ടിയായിരിക്കണം. മറിച്ചു്, മനുഷ്യനെ മൃഗമാക്കിത്തീര്‍ക്കുവാനാകരുതു്. വ്യാജഡോക്ടര്‍മാര്‍ ഉള്ളതുകൊണ്ടു വൈദ്യശാസ്ത്രം തെറ്റാണെന്നും എല്ലാ ഡോക്ടര്‍മാരും കള്ളന്മാരാണെന്നും പറയുന്നതു ശരിയാണോ? അത്തരം ചിന്ത ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതു ജനങ്ങളോടു കാട്ടുന്ന വഞ്ചനയാണു്. ഏതിൻ്റെയും നല്ലവശം ഉള്‍ക്കൊള്ളുവാന്‍ പഠിപ്പിക്കുന്ന കലകള്‍കൊണ്ടേ മനുഷ്യനും സമൂഹത്തിനും പ്രയോജനമുള്ളൂ.
ഇവിടെ താമസിക്കുന്ന മക്കളെക്കുറിച്ചു് ഇവിടെ വന്നിട്ടുള്ളവര്‍ക്കറിയാം. പകലും രാത്രിയും അവര്‍ കഷ്ടപ്പെട്ടു ജോലി ചെയ്യുകയാണു്. അവര്‍ അദ്ധ്വാനിക്കുന്നതു് അവര്‍ക്കു സുഖിക്കുവാനോ അവരുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ നല്കുവാനോ അല്ല. ഇവിടുത്തെ കുഞ്ഞുങ്ങള്‍ ലോകത്തിനു വേണ്ടിയാണു് അദ്ധ്വാനിക്കുന്നതു്. ഇവിടെവരുന്ന മക്കള്‍ക്കു താമസസൗകര്യം ചെയ്യുന്നതിനും മറ്റുമായി വെള്ളക്കെട്ടുകള്‍ നികത്താന്‍ അര്‍ദ്ധരാത്രിക്കും അവര്‍ മണ്ണു ചുമക്കുന്നതു കാണാം. ഊണും ഉറക്കവും വിട്ടുള്ള അവരുടെ ഈ അദ്ധ്വാനംകൊണ്ടാണു് ഇത്രയും കുറഞ്ഞ കാലയളവില്‍ ഈശ്വരന്‍ ഇത്രയധികം സേവനം ചെയ്യുവാനിടയാക്കിയതു്. പിന്നെ ഗൃഹസ്ഥാശ്രമിമക്കള്‍, അവരും അവരുടെ കഴിവിനൊത്തവണ്ണം സേവനം ചെയ്യുന്നു. ഇപ്പോഴും ആ ശ്രമം നമ്മള്‍ തുടരുന്നു. ഇങ്ങനെയുള്ള ആശ്രമങ്ങളിലെ ആദ്ധ്യാത്മികജീവികള്‍ തങ്ങളെത്തന്നെ ലോകത്തിനു സമര്‍പ്പിച്ചിരിക്കുകയാണു്. സ്വാര്‍ത്ഥതയ്ക്കായി അവര്‍ യാതൊന്നും ചെയ്യുന്നില്ല.