പി. നാരായണക്കുറുപ്പ്
ജനങ്ങള്‍ ശങ്കാകുലര്‍ ആകുന്ന അവസ്ഥ (ഇംഗ്ലീഷിലെ സ്കെപ്റ്റിസിസം) പരിഷ്‌കൃത രാജ്യങ്ങളുടെ ലക്ഷണമായിക്കഴിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍. ഭൗതികശാസ്ത്രത്തിൻ്റെ മുന്നേറ്റവും വ്യാപാരമനഃസ്ഥിതിയും മനോവ്യാപാരത്തെ നിത്യജീവിത പ്രശ്‌നത്തിലേക്കും ലാഭക്കച്ചവടത്തിലേക്കും തളച്ചിടുകയും ചെയ്തു. ഈ കാലഘട്ടത്തിലും വിശ്വമാനവികത (ദീനദയാല്‍ ഉപാധ്യായയുടെ വാക്കു്) എന്ന ദര്‍ശനം അനേകം ഋഷിതുല്യരായ ആചാര്യന്മാരുടെ വാക്കിലും കര്‍മ്മത്തിലും നിലനിന്നതു നമ്മുടെ നാട്ടില്‍ മാത്രമാണു്. ഈ വസ്തുത അനേകം ദുഃഖകരമായ സംഭവപരമ്പരയ്ക്കിടയിലും നമുക്കു സ്വാഭിമാനവും സാന്ത്വനവും പകരുന്നു.
ആ ഋഷിപരമ്പരയെ വന്ദിച്ചുകൊണ്ടു് നമുക്കേറ്റവും അടുത്തുള്ള അമ്മ എന്ന ഋഷിയെപ്പറ്റി ചിന്തിക്കാം. ആ ചിന്ത ഉദിക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സു് കാണപ്പെടുന്ന ലോകത്തെ നിത്യാനുഭവത്തിൻ്റെ തലത്തില്‍നിന്നു് ഉയര്‍ന്നു പറക്കുന്നതായും കാണാത്ത ലോകത്തിൻ്റെ ഈശ്വരസാന്നിദ്ധ്യത്തില്‍ ചെന്നെത്തി ശാന്തിയുടെ പ്രാണവായു ഉള്‍ക്കൊള്ളുന്നതായും നമുക്കു തോന്നും. തോന്നണം. അപ്പോള്‍ ശങ്കാകുലത മാറുന്നു. മനസ്സിൻ്റെയും ബുദ്ധിയുടെയും വികാസംകൊണ്ടു ജനനം, മരണം എന്നീ ചാക്രിക സംഭവങ്ങളുടെ അങ്ങേപ്പുറത്തുള്ള ജീവന്‍ എന്ന ചൈതന്യത്തെ ഭാവനയിലെങ്കിലും അനുഭവനീയമാക്കാന്‍ സാധിക്കുന്നു. സാധിക്കണം. അവിടെ ഭക്തിയും ജ്ഞാനവും ഒരുമിക്കുന്നു. അങ്ങനെ നയിക്കപ്പെടുന്ന കര്‍മ്മമാണു നമ്മുടെ ധര്‍മ്മം എന്ന തോന്നല്‍ വരുന്നു. ഇതാണു സത്യാവബോധത്തിൻ്റെ വഴി. ഈ വഴിക്കു സഞ്ചരിക്കുവാന്‍ നമുക്കു സാധിക്കണം. ഇങ്ങനെ ചില ജീവിതോദ്ദേശ്യം സാധിച്ചെടുക്കുന്നതിനാണു ‘സാധന’ എന്നു പറയുന്നതു്.
പറഞ്ഞപ്പോള്‍ എളുപ്പമായി എങ്കിലും അനുഷ്ഠിക്കുമ്പോഴറിയാം മനസ്സു് ഒരിടത്തു നില്ക്കുന്നില്ല എന്നു്. ശ്രദ്ധ ഉറയ്ക്കുന്നില്ല. പേടിക്കേണ്ട. മനോവികാരങ്ങള്‍ക്കു് അടിപ്പെട്ടു പോവുക എന്നതു മനുഷ്യസ്വഭാവമാണു്, വ്യക്തിയുടെ ദോഷമല്ല. ‘മായ’ എന്നു ചിലരൊക്കെ പറയുന്ന ജീവിതസമരത്തിൻ്റെ പ്രേരണയാണതു്. മായയില്‍നിന്നു സത്യദര്‍ശനത്തിലേക്കു പുരോഗമിക്കാനുള്ള ഇച്ഛാശക്തിയും ഒരനുഗ്രഹമെന്നോണം മനുഷ്യനു കിട്ടിയിട്ടുണ്ടു്. ഇതാണു ശരിയായ അര്‍ത്ഥത്തില്‍ നമ്മുടെ പുരോഗമനം. സാമൂഹികതലത്തില്‍ ഇന്നു പ്രസിദ്ധിയാര്‍ജ്ജിച്ച പുരോഗമനം പലതരം ദുഃഖങ്ങളെ ഇരട്ടിപ്പിക്കുന്നതിനേ സഹായിക്കൂ എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആത്മീയ പുരോഗമനമാണു് ആശ്രയിക്കാവുന്ന ഒരേയൊരു മാര്‍ഗ്ഗം. നമുക്കു നന്മയും ശാന്തിയും അരുളുന്ന അരങ്ങില്‍ ചെന്നിരിക്കാം. അവിടെ ശാന്തരസമാണു സ്ഥായി. വീരം, വിദ്വേഷം, ക്രോധം, പ്രതികാരം തുടങ്ങിയ കലിയുടെ പകര്‍ച്ചകള്‍ അവിടെയില്ല. ഇവിടെയാണു മനസ്സിൻ്റെ സ്വസ്ഥത നാം അറിയുന്നതു്.
ചിലര്‍ ഈ കഴിവോടെ ജനിക്കുന്നു. ഗുരൂപദേശത്താല്‍ കഴിവു വികസിച്ചു ‘സച്ചിദാനന്ദം’ എന്ന പരമമായ അവസ്ഥയിലെത്തുന്നു. കൂടുതല്‍ പേരും ഈശ്വരാനുഗ്രഹം എന്ന മാനസികാവസ്ഥയില്‍ സംതൃപ്തി കണ്ടെത്തുന്നു. നമ്മള്‍ ചെയ്തുപോകുന്ന കര്‍മ്മങ്ങളുടെ ആകെത്തുക (ജന്മാന്തരകര്‍മ്മവും ഉള്‍പ്പെടും.) അനുസരിച്ചാണു നമുക്കു ലഭിക്കുന്ന വെളിപാടു് അല്ലെങ്കില്‍ സമചിത്തത അല്ലെങ്കില്‍ ജ്ഞാനോദയം. സാധാരണക്കാരന്‍ ബൗദ്ധിക തലത്തിലേക്കു് ഉയരണമെങ്കില്‍ ഒരു ജ്ഞാനിയുടെ കീഴില്‍ ശിക്ഷണം നേടണം. ശാസ്ത്രകാരനോ സാഹിത്യകാരനോ ആവാം ഈ ജ്ഞാനി. ബൗദ്ധികതലത്തില്‍ നിന്നു് ആത്മീയതലത്തിലേക്കു് ഉയരണമെങ്കില്‍ ആചാര്യന്‍ അല്ലെങ്കില്‍ ഗുരുവാണു നമുക്കു വേണ്ടതു്. ഭാരതത്തില്‍ ‘വേദ’മാണു യഥാര്‍ത്ഥ ജ്ഞാനം.
വേദപാരമ്പര്യം ആദ്ധ്യാത്മികതയിലാണെന്നും നിത്യജീവിത സാമൂഹികസത്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും പറയുന്നവരുണ്ടു്. അവര്‍ വിസ്മരിക്കുന്നതു വസിഷ്ഠന്‍, മൈത്രേയി, ഗാര്‍ഗ്ഗി, യാജ്ഞവല്ക്യന്‍ തുടങ്ങിയ സിദ്ധയോഗികള്‍ ചരിത്രാതീത രാമായണകാലം മുതല്‍ രാഷ്ട്രീയ സാമൂഹിക നിത്യജീവിത പ്രശ്‌നങ്ങളില്‍ ഭരണാധിപന്മാരെ ഉപദേശിച്ചുപോന്ന ചരിത്രത്തെയാണു്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനാവട്ടെ കര്‍മ്മയോഗി എന്ന തൻ്റെ നിയോഗം ബാല്യകാലം മുതല്‍ സമാധിദശവരെ പുലര്‍ത്തി; യുദ്ധ രംഗത്തു തേരാളിയായി നിര്‍ണ്ണായക ചരിത്ര മുഹൂര്‍ത്തങ്ങളെ നിയന്ത്രിച്ചു. അവര്‍ ധ്യാനനിരതരായിരുന്നിരിക്കാം. അതിലേറെ പോരാളികളും ആയിരുന്നു. ഈ ചരിത്രമാണു് ഓരോ കാലത്തും ധര്‍മ്മത്തിനു ഗ്ലാനി പറ്റിയ ഘട്ടങ്ങളി ലൊക്കെ ആവര്‍ത്തിച്ചതും.
ഓര്‍ക്കുക, പതിനെട്ടാം ശതകം മുതല്‍ തുടങ്ങിയ മുഗളന്മാരില്‍നിന്നുള്ള വിമോചനത്തിൻ്റെ ചരിത്രം ഝാന്‍സിറാണി, താന്തിയാതൊപ്പെ, ശിവജി, അനേകം രാജാക്കന്മാര്‍, ബലിദാനികള്‍, ഭക്തിപ്രസ്ഥാനം, ആര്യസമാജം, പ്രാര്‍ത്ഥനാസമാജം തുടങ്ങിയ സാര്‍വ്വത്രികമായ നവോത്ഥാന പ്രവര്‍ത്തന പരമ്പര. അടുത്ത കാലത്തെ സ്വാതന്ത്ര്യസമരം, രാമരാജ്യം എന്ന മുദ്രാവാക്യം. കേരളത്തില്‍ത്തന്നെ എത്രയോ ആദ്ധ്യാത്മികഗുരുക്കന്മാര്‍ ഭക്തിയെയും സാമൂഹിക സമത്വത്തെയും ജനനന്മയെയും ഒരേ ശ്വാസത്തിലല്ലേ പറഞ്ഞു ഫലിപ്പിച്ചതും, ഒരേ കര്‍മ്മത്താലല്ലേ കൂട്ടിയിണക്കിയതും! ആദ്ധ്യാത്മികം, ഭൗതികം എന്ന വേര്‍തിരിവു നമുക്കില്ല.
ഈ സമഗ്രവീക്ഷണവും പാരമ്പര്യവും ആധുനികസാമൂഹികാവശ്യവും തമ്മിലുള്ള സംയോജനവും ആണു ഭാരതത്തിൻ്റെ ശക്തി എന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ടു്. വിവേകാനന്ദസ്വാമിയും നിവേദിതയും ആ തിരിച്ചറിവിനു് അടുത്തകാലത്തു് ആക്കം കൂട്ടിയതായും നമുക്കു് അറിയാം. ഇതിൻ്റെ തുടര്‍ച്ചയായി വേണം അമ്മയ്ക്കു് ആഗോളതലത്തില്‍ ഇന്നു ലഭിക്കുന്ന ആദരവിനെ കാണാന്‍.
ഐക്യരാഷ്ട്രസഭയില്‍നിന്നു 2002ലെ ഗാന്ധി കിങ് അവാര്‍ഡ് (മഹാത്മാഗാന്ധിയുടെയും
ഡോക്ടര്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങിൻ്റെയും പേരിലുള്ളതു്.) അമ്മ സ്വീകരിച്ചപ്പോള്‍ അവിടെ മുഴങ്ങിയ ജനശബ്ദം ഈ വസ്തുതയെ വ്യക്തമാക്കുന്നു. ഗാന്ധിജിയും ലൂതര്‍കിങും സ്വപ്‌നം കണ്ടതു സമസ്തലോകത്തിൻ്റെയും ശാന്തിയും സ്നേഹവും ഐക്യവുമായിരുന്നു, സ്ത്രീപുരുഷ സമത്വമായിരുന്നു. പോര, ചരാചരപ്രപഞ്ചത്തിൻ്റെ അന്യോന്യ ആശ്രിതത്ത്വത്തില്‍ ഉറച്ചുനില്ക്കുന്ന വിശ്വപ്രേമമായിരുന്നു. ഈ വസ്തുതയാണു പ്രസ്തുത അവസരത്തില്‍ അമ്മ എടുത്തു പറഞ്ഞതും.
സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ മുഖവുരയോടെ പ്രസിദ്ധീകരിച്ച ‘സാര്‍വ്വലൗകിക മാതൃത്ത്വം’ എന്ന ഗ്രന്ഥത്തില്‍നിന്നു് ഉദ്ധരിക്കട്ടെ: ക്രിസ്ത്യന്‍ പ്രക്ഷേപണ വിഭാഗക്കാര്‍ ചോദിച്ചു, ”അമ്മയ്ക്കു ലോകമൊട്ടാകെ അനുയായികളുണ്ടു്. അവരെല്ലാം അമ്മയെ ആരാധിക്കുന്നവര്‍ തന്നെയോ?”
അമ്മ: അമ്മ അവരെ ആരാധിക്കുന്നു. അവരെല്ലാമാണു് എൻ്റെ ദൈവം. അമ്മയ്ക്കു സ്വര്‍ഗ്ഗസ്ഥനായ ഒരു ദൈവവുമില്ല. കാണാവുന്ന എന്തും, നിങ്ങളെല്ലാംതന്നെ അമ്മയ്ക്കു ദൈവമാണു്. അതുകൊണ്ടു് അവരെല്ലാം എന്നെയും സ്നേഹിക്കുന്നു. സ്നേഹം പരസ്പരമുള്ളതാണല്ലോ. അവിടെ ദ്വന്ദ്വമില്ല. സ്നേഹമെന്ന ഏകത്വം മാത്രമേയുള്ളൂ. (‘അദ്വൈതം’ എന്നതു് ഏതോ അപാരപാണ്ഡിത്യത്തിൻ്റെ ഭാഷയല്ലെന്നും നിത്യജീവിതത്തിലെ ഏറ്റവും ലളിതമായ മാനസികാനുഭവമാണെന്നും ഈ വാക്കുകളില്‍ വ്യക്തം.)
ഡോ: ജെയിന്‍ ഗുഡാള്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകയോടു് അമ്മ പറഞ്ഞു, ”ഈ സ്നേഹം മനുഷ്യനില്‍ ഒതുങ്ങുന്നില്ല. ഒരിക്കല്‍ ഒരു ചെമ്പരുന്തു് ഒരു മീനിനെ കൊത്തിയെടുത്തു് എൻ്റെ മടിയില്‍ ഇട്ടുതന്നു. മറ്റൊരിക്കല്‍ പശു തൊഴുത്തില്‍നിന്നു നേരിട്ടു ഇറങ്ങിവന്നു് അമ്മയ്ക്കു പാലുകുടിക്കാന്‍ വേണ്ടി മുല ചുരത്തി മുന്‍പില്‍ നിന്നു. അമ്മ പാടുന്നതു കേട്ടു, ഒരു തത്തക്കിളി ആസ്വദിച്ചുനിന്നു. പ്രാവുകള്‍ നൃത്തംവച്ചു.” പ്രപഞ്ചാത്മാവുമായുള്ള ഐക്യം ഭാവനയൊന്നുമല്ലെന്നും ജീവിതത്തില്‍ ഉടനീളം അതുണ്ടെന്നും വിദേശികള്‍ മനസ്സിലാക്കിയതു് അമ്മയില്‍നിന്നുതന്നെ.
സ്വയം ‘അമ്മ’ എന്നു പറയുമ്പോള്‍ ഞാന്‍ എന്ന ഭാവം തോന്നാതെയാവുന്നു. അങ്ങനെ വരണമെങ്കില്‍ സ്വയം പരമാത്മാവു് എന്ന ഊര്‍ജ്ജംതന്നെയാണെന്നും അതില്‍നിന്നും ജീവാത്മാവിനെ മാത്രം, നമുക്കു മനസ്സിലാക്കുവാന്‍ വേണ്ടി, വേര്‍തിരിച്ചു പറയുന്നു എന്നുമാണു് അമ്മയുടെ ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതു്. ഈ അവസ്ഥയെ ചിലരെങ്കിലും ”ആള്‍ദൈവം” എന്നു പറയുന്നതു് ആദരസൂചകമായിട്ടാവില്ല. പക്ഷേ, അവര്‍ക്കറിയില്ലാത്ത അര്‍ത്ഥമാണു് ആ വാക്കിനു്. ഭാരതഭൂമിയില്‍ ഇപ്പറയുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും ”ആള്‍ദൈവങ്ങ”ളാണു്. ഈ സത്യം സ്വയം അറിഞ്ഞാല്‍ അവര്‍ക്കു നന്നു്. അതില്‍ അമൃതാനന്ദതത്ത്വം എവിടെയോ ഉണ്ടു്. നമ്മുടെ നാട്ടുകാര്‍ അതറിഞ്ഞില്ലെങ്കിലും വെളിയില്‍നിന്നു വന്ന ജിജ്ഞാസുക്കളായ അന്വേഷകര്‍ക്കു് അമൃതത്വം ഏതാണ്ടു ഗ്രഹിക്കാന്‍ കഴിഞ്ഞു. പാശ്ചാത്യനാടുകളിലെ ശിഷ്യന്മാരിലും ശിഷ്യകളിലും അതു പൊതുവെ പ്രകടമാണല്ലോ.
രാഷ്ട്രീയ അതിപ്രസരത്താല്‍ അന്ധരായിത്തീര്‍ന്നവരുടെ കൂട്ടത്തിലാണു കേരളത്തിലുള്ളവര്‍ എന്നു തോന്നുന്നു. അവര്‍ അമ്മയെ മനസ്സിലാക്കാന്‍ ഇനിയും കാലമെടുക്കും. അമ്മയ്ക്കാണെങ്കില്‍ എല്ലാവരും മക്കള്‍തന്നെ. ലൗകികതലത്തില്‍ത്തന്നെ നമ്മുടെ ഗൃഹങ്ങളില്‍ കുട്ടികള്‍ പലപ്പോഴും ഓര്‍ക്കാറില്ല തങ്ങളുടെ പെറ്റമ്മ പുലര്‍ത്തിപ്പോരുന്ന വാത്സല്യത്തിൻ്റെ തോതു്. ഒരു സാധാരണ സംഭവംപോലെ ആ സ്നേഹം കടന്നുപോകുന്നു. കാലാന്തരത്തില്‍ ചിലപ്പോള്‍ പെറ്റമ്മയുടെ കാലശേഷം പലരും വികാരവായ്‌പ്പോടെ അനുസ്മരിക്കുന്നതു കേട്ടിട്ടുണ്ടു തങ്ങളുടെ അമ്മയുടെ അപാരമായ സ്നേഹത്തെപ്പറ്റി. ത്യാഗത്തെപ്പറ്റി. ചിലരെങ്കിലും പശ്ചാത്തപിക്കാറുണ്ടു്, പെറ്റമ്മയ്ക്കുവേണ്ടി പുത്രധര്‍മ്മം അനുഷ്ഠിക്കാന്‍ കഴിയാതെ പോയതില്‍. ഇത്തരം കൃത്യവിലോപങ്ങള്‍ക്കൊക്കെ ഒരു ഉചിതമായ പരിഹാരമാണു് എല്ലാ മക്കളുടെയും അമ്മയെ, മാതൃവാത്സല്യം ഈശ്വരാനുഗ്രഹമാക്കി മാറ്റാന്‍ കഴിയുന്ന അമ്മയെ, അറിയാന്‍ ശ്രമിക്കുക, ആരാധിക്കാന്‍ കഴിയുക എന്നതു്. ആ സൗഭാഗ്യമാണു് അമ്മയുടെ മുന്‍പില്‍ നമുക്കു ലഭിച്ചിരിക്കുന്നതു്. സാഷ്ടാംഗം പ്രണമിക്കുക.