മക്കള്‍ എല്ലാവരും കണ്ണടച്ചു മനസ്സു് ശാന്തമാക്കുക. എല്ലാ ചിന്തകളും വെടിഞ്ഞു മനസ്സിനെ ഇഷ്ടമൂര്‍ത്തിയുടെ പാദങ്ങളില്‍ കേന്ദ്രീകരിക്കുക. വീടിനെക്കുറിച്ചോ ജോലിയെക്കുറിച്ചോ ചിന്തിക്കാതെ, തിരിയെ പോകേണ്ട സമയത്തെക്കുറിച്ചോ ബസ്സിനെക്കുറിച്ചോ ഓര്‍ക്കാതെ, ഇഷ്ടമൂര്‍ത്തിയെക്കുറിച്ചു മാത്രം ചിന്തിക്കുക. മറ്റു വര്‍ത്തമാനങ്ങളെല്ലാം ഉപേക്ഷിച്ചു ഭഗവദ്മന്ത്രം മാത്രം ജപിക്കുക.

വൃക്ഷത്തിൻ്റെ ശിഖരത്തില്‍ എത്ര വെള്ളം ഒഴിച്ചാലും പ്രയോജനമില്ല. അതേസമയം ചുവട്ടിലാണു് ആ വെള്ളമൊഴിക്കുന്നതെങ്കില്‍ അതു വൃക്ഷത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തും. അതിനാല്‍ ഈശ്വരപാദം മാത്രം സ്മരിക്കുക. മറ്റെന്തു ചിന്തിക്കുന്നതും വൃക്ഷത്തിൻ്റെ ശിഖരത്തില്‍ വെള്ളമൊഴിക്കുന്നതുപോലെ വ്യര്‍ത്ഥമാണു്. വള്ളം കെട്ടിയിട്ടുകൊണ്ടു് എത്ര തുഴഞ്ഞാലും അക്കരെയെത്തില്ല. ബന്ധുമിത്രാദികളിലും സമ്പത്തിലും മനസ്സുവച്ചുകൊണ്ടു് എത്ര പ്രാര്‍ത്ഥിച്ചാലും ശരിയായ പ്രയോജനം ലഭിക്കില്ല; ആദ്ധ്യാത്മിക പാതയില്‍ പുരോഗതി കൈവരില്ല. അതിനാല്‍ മനസ്സിനെ പൂര്‍ണ്ണമായും ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക. അതുകൊണ്ടു മാത്രമേ ഫലമുള്ളൂ.

വാസ്തവത്തില്‍ ആദ്ധ്യാത്മികജീവികളുടെ ലോകത്തില്‍ ജനനവും ഇല്ല, മരണവും ഇല്ല. ജനിച്ച ചിന്ത എന്നു മരിക്കുന്നുവോ അന്നു് അവന്‍ ഈശ്വരൻ്റെ കവാടത്തില്‍ എത്തിക്കഴിഞ്ഞു. ജനന മരണങ്ങള്‍ക്കപ്പുറമാണു പരമാത്മാവിൻ്റെ ലോകം. മക്കളുടെ സന്തോഷം മാത്രം കണ്ടുകൊണ്ടാണു് അമ്മ ഈ ആഘോഷങ്ങള്‍ക്കെല്ലാം സമ്മതം നല്കിയതു്. മക്കളുടെ സമത്വം, ത്യാഗം, പ്രേമം ഇവയെല്ലാം ഒരുമിച്ചുകൊണ്ടുവരുന്ന സമയമാണിതു്. കൂടാതെ, മക്കളെയെല്ലാം അമ്മയ്ക്കു് ഒരുമിച്ചു കാണുവാനും കഴിയുന്നു.

ഇവിടെ വന്നിട്ടുള്ള മക്കള്‍ വെറുതെ പോകുവാന്‍ പാടില്ല. അല്പസമയം ജപധ്യാനങ്ങള്‍ ചെയ്തു മനസ്സിനെ ഈശ്വരോന്മുഖമാക്കിയതിനു ശേഷമേ പോകാവൂ. അതു മാത്രമാണു നമ്മുടെ യഥാര്‍ത്ഥ സമ്പത്തു്. അതിനു വേണ്ടിയാണു് അമ്മ ഈ അര്‍ച്ചന ചെയ്യിക്കുന്നതു്.

അമ്മ പ്രാര്‍ത്ഥനയ്ക്കു കൂടുതല്‍ പ്രാധാന്യം നല്കിയതുകൊണ്ടു് ആശ്രമത്തെപ്പറ്റി ‘ഭക്തിപ്രസ്ഥാനം’ എന്നു ചിലര്‍ പറയാറുണ്ടു്. ഭക്തിയെന്നതു് ഒരു താഴ്ന്ന പടിയായിട്ടാണു് അവരുടെ ധാരണ.
ചിലര്‍ ഈശ്വരനിഷേധികളാണു്. വേറെ ചിലര്‍ക്കു് ഈശ്വരന്‍ നിരാകാരനും നിര്‍ഗ്ഗുണനുമാണു്. ഇവരുടെയൊക്കെ ദൃഷ്ടിയില്‍ ‘ഭക്തി’ ദുര്‍ബ്ബലതയാണു്. അനേകം ദൈവങ്ങളെയും മാടന്‍, മറുത തുടങ്ങിയ ദുര്‍ദ്ദേവതകളെയും മറ്റും ആരാധിക്കുന്നതാണു് അന്ധമായ ഭക്തി. എല്ലാറ്റിലും നിറഞ്ഞുനില്ക്കുന്ന, ഏകവും അഖണ്ഡവുമായ ആ പരമാത്മചൈതന്യത്തെ തൻ്റെ ഉള്ളിലും സര്‍വ്വതിലും ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി.