സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു.

അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു കാര്യം തിരക്കി. സുഹൃത്തു പറഞ്ഞു ‘എനിക്കു വെള്ളമായിരുന്നു ആവശ്യം. ഇത്രയും കുഴി കുത്തിയ സമയംകൊണ്ടു ഞാന്‍ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ എപ്പോഴേ വെള്ളം കിട്ടുമായിരുന്നു. പല കുഴി കുത്തിയ കാരണം ആയുസ്സും ആരോഗ്യവും നഷ്ടമായതു മിച്ചം!

കൂട്ടുകാരന്‍ എന്താണു് ഉദ്ദേശിക്കുന്നതെന്നു് അദ്ദേഹത്തിനു മനസ്സിലായി. അനേകം ദേവതകളെ പൂജിക്കുന്ന സമയംകൊണ്ടു മനസ്സിനെ ഒന്നില്‍ നിര്‍ത്താന്‍ ശീലി ച്ചിരുന്നുവെങ്കില്‍ എപ്പോഴേ ഫലം കിട്ടുമായിരുന്നു. എല്ലാം ഒന്നിലുണ്ടു്. അതു തന്നിലുമുണ്ടു്. അദ്ദേഹം പ്രാകൃതഭക്തി വെടിഞ്ഞു യഥാര്‍ത്ഥ ഭക്തനായിത്തീര്‍ന്നു.

ആദ്ധ്യാത്മികസാധനയില്‍ പ്രാര്‍ത്ഥനയ്ക്കു് അതിൻ്റെതായ സ്ഥാനമുണ്ടു്. അതു് ദുര്‍ബ്ബലതയല്ല. ലൈറ്റു കാണിച്ചു മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ (വെളിച്ചം കാണിച്ചു മീനുകളെ ആകര്‍ഷിച്ചു വലകളില്‍ മീന്‍ പിടിക്കുന്ന സമ്പ്രദായം പല സ്ഥലങ്ങളിലും കാണാം. തീരപ്രദേശങ്ങളില്‍ ചീനവലകള്‍ ഉപയോഗിച്ചു് ഇതേ രീതിയില്‍ മീന്‍ പിടിക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണു്.)

ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള പ്രാര്‍ത്ഥനയിലൂടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഉള്‍പ്രേമത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്നു. വാസ്തവത്തില്‍ ഭക്തിയെന്നതു നിത്യാനിത്യവിവേകമാണു്. നിത്യം എന്തു്, അനിത്യം എന്തു് എന്നു മനസ്സിലാക്കി നമ്മള്‍ ചെയ്യുന്ന കര്‍മ്മമാണു ഭക്തി.