ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ?
ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം.
നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്‌നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം സ്വീകരിക്കുക എന്നതാണു നദിയുടെ സ്വഭാവം. ഒരാള്‍ പുച്ഛിച്ചാലോ, മറ്റൊരാള്‍ കവിത രചിച്ചാലോ നദിക്കു ഭാവമാറ്റമില്ല. ഒരാള്‍ കുടിക്കുന്നു, ഒരാള്‍ കുളിക്കുന്നു, ഒരാള്‍ ശൗചം ചെയ്യുന്നു – നദിക്കു് ആരോടും പ്രത്യേകതയില്ല. നദിയുടെ ഈ ഭാവം ഒരു വ്യക്തിയുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും നിറഞ്ഞുകവിയുമ്പോള്‍, അതിനെയാണു കാരുണ്യമെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.
ഒരു വൃക്ഷം വെട്ടിയാല്‍ പത്തു തൈ നടണമെന്നു പറയും. ഇതിലെന്തര്‍ത്ഥമാണുള്ളതു്? കെട്ടിടത്തിൻ്റെ തേക്കിന്‍ തൂണുകള്‍ മാറ്റിയിട്ടു തീപ്പെട്ടിക്കൊള്ളികള്‍ നാട്ടുന്നതുപോലെയാണിതു്. വലിയ ഒരു വൃക്ഷം അന്തരീക്ഷത്തിനു നല്കുന്ന ശുദ്ധിയും പരിസരത്തിനു പകരുന്ന കുളിര്‍മ്മയും പത്തോ നൂറോ ചെറുതൈകള്‍ക്കു നല്കുവാനാവില്ല. ഒരു വൃക്ഷം വെട്ടണമെങ്കില്‍ പകരം ഒന്നു നട്ടു് ഒരുവിധം വലുതാകുന്നതുവരെ കാത്തിരിക്കണം. വലിയ ഒരു വൃക്ഷം പ്രകൃതിക്കു കൊടുക്കുന്ന താളലയം ഒരു ചെറുതൈയ്ക്കു നല്കാനാകില്ല. ഒരു ബക്കറ്റു വെള്ളത്തില്‍ ഒരു സ്പൂണ്‍ ക്ലോറിന്‍ ഇട്ടാലേ ശുദ്ധിയാവുകയുള്ളൂ എങ്കില്‍; പകരം അതിൻ്റെ നൂറിലൊരംശം ഇട്ടതുകൊണ്ടു് എന്തു പ്രയോജനം?
വൃക്ഷങ്ങളുടെ നാശം മനുഷ്യവംശത്തിൻ്റെതന്നെ നാശമായിരിക്കും. പണ്ടത്തെ പല ജീവജാലങ്ങളും ഇന്നു ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. അവയ്ക്കു്, മാറിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ വയ്യാതായി. അതുപോലെ ഇന്നു നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നമുക്കും അവയുടെ ഗതിതന്നെ. കാലാവസ്ഥയുമായി ഇഴുകിപ്പോകാന്‍ പറ്റില്ല. വംശനാശം സംഭവിക്കും. മനുഷ്യൻ്റെ സ്വാര്‍ത്ഥത അത്രത്തോളം എത്തിയിരിക്കുന്നു.
ഒരിടത്തു് ഒരു മദ്യവില്പനക്കാരിയുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവു് എപ്പോഴും ഭാര്യയോടു പറയും, ”എടീ, കൂടുതല്‍ ആളുകള്‍ വരാന്‍വേണ്ടി നീ ദിവസവും പ്രാര്‍ത്ഥിക്കണേ” എന്നു്. ഒരു ദിവസം മദ്യപിക്കാന്‍ വന്ന ഒരാള്‍ ഈ പ്രാര്‍ത്ഥന കേട്ടു. അയാള്‍ ആ സ്ത്രീയോടു പറഞ്ഞു, ”എനിക്കു് കൂടുതല്‍ ജോലി കിട്ടാന്‍ വേണ്ടി കൂടി നിങ്ങള്‍ ഒന്നു പ്രാര്‍ത്ഥിക്കണേ.” ”എന്താണു നിങ്ങളുടെ ജോലി ?” ”ശവപ്പെട്ടി നിര്‍മ്മാണം.” അയാള്‍ പറഞ്ഞു. ഇപ്പറയുന്നവനും അതില്‍പ്പെടും എന്നവനറിയുന്നില്ല. ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥയും ഇതു തന്നെ.