ചോദ്യം : മനുഷ്യന്‍ ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ?

അമ്മ : പ്രകൃതി മനുഷ്യനെ കാത്തുരക്ഷിക്കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ അവനും ബാദ്ധ്യസ്ഥനാണു്. മനുഷ്യനില്‍ നിന്നുള്ള തരംഗങ്ങളനുസരിച്ചു സസ്യങ്ങള്‍ പ്രതികരിക്കുമെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ചെടിയെ നുള്ളാന്‍ ചെന്നാല്‍ അതു വിറയ്ക്കുമെന്നു സയന്‍സ് കണ്ടുപിടിച്ചു. എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പു ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഈ അറിവു് ഉള്‍ക്കൊണ്ടു ജീവിച്ചിരുന്നു.

പ്രകൃതിയെ സംരക്ഷിക്കുവാന്‍ മനുഷ്യൻ ബാദ്ധ്യസ്ഥനാണു്

ശകുന്തളയുടെ കഥയറിയില്ലേ, കണ്വമുനിക്കു കാട്ടില്‍നിന്നും കിട്ടിയതാണു ശകുന്തളയെ. ശകുന്തള ആശ്രമത്തില്‍നിന്നു പോകാന്‍ നേരം അവള്‍ ലാളിച്ചു വളര്‍ത്തിയിരുന്ന മുല്ലവള്ളി അവളെ വിടാതെ കാലില്‍ച്ചുറ്റി. വളര്‍ത്തുമൃഗങ്ങള്‍ കണ്ണീരൊഴുക്കി. സസ്യങ്ങളെയും മൃഗങ്ങളെയും സ്നേഹിച്ചാല്‍ അവ നമ്മെയും അതു പോലെ സ്നേഹിക്കുമെന്നാണിതു കാണിക്കുന്നതു്. പക്ഷേ സ്വാര്‍ത്ഥത മുറ്റിയ മനുഷ്യനു സ്നേഹം എന്തെന്നുകൂടി അറിയാതെയായി.

സാധാരണ വ്യക്തി വൈദ്യുതിവിളക്കാണെങ്കില്‍, സാധകന്‍ ട്രാന്‍സ്‌ഫോമറാണു്. നാനാത്വത്തില്‍ ഓടി നടക്കുന്ന മനസ്സിനെ ഒരിടത്തു നിര്‍ത്തുകവഴി സാധകൻ്റെ മനസ്സു് ശാന്തമാകുന്നു. പഠിച്ച സ്തുതി മറന്നിരിക്കുന്ന സമയത്തു്, അതിൻ്റെ ആദ്യവരി കേള്‍ക്കുന്നതു്, അടുത്ത വരികള്‍ ഓര്‍ക്കുവാന്‍ സഹായിക്കുന്നതുപോലെ, തന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിയെ സാധകന്‍ സാധനയിലൂടെ ഉണര്‍ത്തിയെടുക്കുകയാണു്. വിദ്വേഷമില്ലാത്ത അവൻ്റെ ശ്വാസോച്ഛ്വാസംപോലും പ്രകൃതിക്കു ഗുണകരമാണു്. വെള്ളത്തെ ഫില്‍റ്റര്‍ ശുദ്ധികരിക്കുന്നതു പോലെ, പ്രകൃതിയെ ശുദ്ധീകരിക്കുന്ന ഫില്‍റ്ററാണു തപസ്വിയുടെ പ്രാണന്‍. ആയുര്‍വ്വേദത്തില്‍ എണ്ണ തെളിയിക്കാന്‍ അഞ്ജനക്കല്ല് ഉപയോഗിക്കാറുണ്ടു്. അതുപോലെ പ്രകൃതിയുടെ അഞ്ജനക്കല്ലാണു തപസ്വി.

പ്രകൃതിയെ നോക്കുമ്പോള്‍, പ്രകൃതി എന്തു ത്യാഗം നമുക്കു ചെയ്യുന്നു! പ്രകൃതിയിലെ ഏതൊരു വസ്തു എടുത്തുനോക്കിയാലും അവ അവയ്ക്കുവേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നു കാണുവാന്‍ കഴിയും. എല്ലാം മനുഷ്യനന്മയ്ക്കുവേണ്ടിമാത്രം. അങ്ങനെ നിസ്സ്വാര്‍ത്ഥമായി യാതൊരു ഫലാകാംക്ഷയും കൂടാതെ മനുഷ്യസേവനം ചെയ്യുന്ന പ്രകൃതിയെ ദ്രോഹിക്കുന്നവൻ്റെ ഹൃദയം എത്ര ക്രൂരമായിരിക്കണം! പ്രകൃതിയുടെ ത്യാഗത്തിൻ്റെ കോടിയിലൊരംശം നമ്മള്‍ പ്രകൃതിയോടു കാണിക്കുന്നുണ്ടോ? പ്രകൃതിയിലെ ഓരോ കാഴ്ചയും വീക്ഷിക്കുക. നമുക്കു് എന്തെന്തു പാഠങ്ങളാണു പഠിക്കുവാനുള്ളതു്! അവയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി, ജീവിതം ആനന്ദപൂര്‍ണ്ണമാകും.