അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവുമാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാർഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമയോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു.

അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാർഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. 892 ബിരുദ വിദ്യാർഥികളും 486 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴു സര്‍വകലാശാലാ മെഡല്‍ ജേതാക്കളും ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

എന്‍റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അമൃത വിശ്വവിദ്യാപീഠത്തിന്‍റെ ആദര്‍ശത്തിന് ഒത്തവിധം മാതൃരാജ്യമായ ഇന്ത്യയേയും പ്രകൃതിയേയും മനുഷ്യകുലത്തെയും സ്‌നേഹം, വിശ്വാസം, സഹിഷ്ണുത, വിനയം എന്നിവയിലൂടെ സേവിക്കുമെന്ന് ബിരുദധാരികള്‍ പ്രതിജ്ഞ ചെയ്തു.

അമൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങുകളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന പാരമ്പര്യത്തിനനുസൃതമായി എല്ലാ വിദ്യാർഥികളും അതിഥികളും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്.

അമൃത വിശ്വവിദ്യാപീഠം പ്രസിഡന്‍റും അമ്മയുടെ പ്രഥമശിഷ്യനുമായ സംപൂജ്യ സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷപ്രസംഗം നടത്തി. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി. ഹേമന്തകുമാര്‍ കോണ്‍വൊക്കേഷന്‍ പ്രസംഗം നടത്തി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപദേഷ്ടാവ് പ്രൊഫ. ജി.എം. നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.