ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ?

അമ്മ : ഭാരതം ദരിദ്രരാഷ്ട്രമാണെന്നു് ആരു പറഞ്ഞു? ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നും ഭാരതം സമ്പന്നംതന്നെ.

എത്ര ദാരിദ്ര്യത്തില്‍ക്കഴിയുമ്പോഴും സുഖലോലുപതയില്‍ക്കഴിയുന്ന പല പാശ്ചാത്യരാഷ്ട്രങ്ങളിലുമുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നില്ല. മനോരോഗികളുടെ, മയക്കുമരുന്നിന്നടിമകളായവരുടെ എണ്ണം അത്രകണ്ടു് പെരുകുന്നില്ല. കാരണം, ഇവിടെയൊരു ആദ്ധ്യാത്മികസംസ്‌കാരം അവശേഷിച്ചിട്ടുണ്ടു്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ ശാന്തി നിലനിര്‍ത്താനാവൂ.

സംതൃപ്തി

താനുണ്ടാക്കിയ സ്വത്തില്‍ തനിക്കു ജീവിക്കാന്‍ വേണ്ടതു മാത്രമെടുത്തിട്ടു ബാക്കി ദാനം ചെയ്യുവാനാണു് ആദ്ധ്യാത്മികം ഉപദേശിക്കുന്നതു്. എന്നാല്‍, ഇന്നുള്ളവര്‍ മറ്റുള്ളവൻ്റെ സ്വത്തും അപഹരിച്ചു ബാങ്കിലിടുവാനാണു ശ്രമിക്കുന്നതു്. നമ്മുടെ ജീവിതം മുഴുവന്‍ പണസമ്പാദനത്തിനു നീക്കിവച്ചിരിക്കുന്നു. എത്ര സ്വത്തു നേടിയിട്ടും ജീവിക്കുന്നതു് ഏറ്റവും ദരിദ്രനായിട്ടും. കാരണം സമ്പത്തുണ്ടെങ്കിലും മനശ്ശാന്തിയില്ല.

ഒരുപിടി വറ്റാണെങ്കിലും കുടുംബത്തിലെ എല്ലാവരും പങ്കിട്ടു കഴിച്ചു സംതൃപ്തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനോ അതോ അസുഖം കാരണം വയറു നിറച്ചുണ്ണുവാന്‍ കഴിയാതെ, സ്വാര്‍ത്ഥചിന്തകള്‍കൊണ്ടു് ഉറക്കം വരാതെ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ കിടന്നുരുളുന്ന ധനവാനോ; ആരാണു യഥാര്‍ത്ഥത്തില്‍ ദരിദ്രന്‍ ? അങ്ങനെ നോക്കിയാല്‍ ഭാരതം സമ്പന്നരാജ്യമാണെന്നുതന്നെ പറയേണ്ടിവരും. ആ സമ്പത്തു നഷ്ടമാകാതെ നോക്കിയാല്‍ മാത്രം മതി.