ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ?
ഭൗതികമായും ഭാരതം സമ്പന്നരാജ്യംതന്നെയായിരുന്നു. എന്നാല്‍ ഇവിടെയുള്ളവരില്‍ അഹങ്കാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. ‘എനിക്കു് അവൻ്റെതുകൂടി വേണമെന്നായി. ഇതു ഭ്രാന്താണു്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പൊരുതുന്നവര്‍ ഭ്രാന്തന്മാരാണു്. പരസ്പരമുള്ള അസൂയയിലും അഹങ്കാരത്തിലും ഈശ്വരനെ മറക്കാന്‍ തുടങ്ങി. ധര്‍മ്മം വെടിഞ്ഞു. പരസ്പരം കലഹം വര്‍ദ്ധിച്ചു. ഐക്യവും തന്മൂലം ഭൗതികശക്തിയും നഷ്ടമായി. ഇതു് ഇവിടെ മറ്റു രാജ്യക്കാരുടെ ആധിപത്യത്തിനു കാരണമായി.
എത്രയോ വര്‍ഷക്കാലം, വിദേശികള്‍ ഭാരതത്തെ അടക്കിവാണു. അവര്‍ നമ്മുടെ സമ്പത്തെല്ലാം ചോര്‍ത്തിക്കൊണ്ടുപോയി; രാജ്യത്തെ ഒരു മരുഭൂമി പോലെ ആക്കിത്തീര്‍ത്തു. ഒരു മരുഭൂമിയില്‍ വിത്തു നട്ടു കിളിര്‍പ്പിച്ചെടുക്കാന്‍ എത്ര പ്രയാസപ്പെടണം! അത്ര കണ്ടു് ശ്രമിച്ചാലേ നമ്മുടെ രാജ്യവും പച്ചപിടിക്കൂ. ഇന്നും ഭാരതത്തിൻ്റെ നിലനില്പിന്നു കാരണം ഇവിടുത്തെ ഭൗതികശക്തിയല്ല; അവശേഷിക്കുന്ന ആത്മീയ ശക്തി ഒന്നുമാത്രമാണു്.
എന്നാല്‍ ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും നമ്മള്‍ ശരിയായ പാഠം ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണു വാസ്തവം. ഇപ്പോഴും രാജ്യത്തിൻ്റെ ഉയര്‍ച്ചയെക്കാള്‍ വ്യക്തിലാഭത്തിലാണു മിക്കവരുടെയും നോട്ടം. ശരിയായ ഭൗതികശ്രേയസ്സു് ആദ്ധ്യാത്മിക വിദ്യയിലൂടെ മാത്രമേ കൈവരുകയുള്ളൂ എന്നവര്‍ മനസ്സിലാക്കുന്നില്ല. ഇന്നുള്ള ഭൗതികസമ്പത്തുതന്നെ വേണ്ടരീതിയില്‍ വിനിയോഗിച്ചാല്‍ ഇവിടെ ദാരിദ്ര്യത്തിനു സ്ഥാനം കാണില്ല. ഇവിടെയുള്ളവര്‍ക്കു കഴിയാന്‍ വേണ്ടതു് ഇവിടെത്തന്നെയുണ്ടു്. പക്ഷേ അന്യൻ്റെ മുതല്‍ ആരും അപഹരിക്കരുതെന്നു മാത്രം.
അന്യജാതിക്കാര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കുമ്പോള്‍, നമ്മളാകട്ടെ കൃഷിസ്ഥലങ്ങള്‍ കളിസ്ഥലങ്ങളും വ്യവസായശാലകളുമാക്കി മാറ്റുകയാണു്. പണം കൊണ്ടു വയറു നിറയ്ക്കുവാനാകുമോ? പണം നല്കിയാല്‍ വാങ്ങാനാഹാരം ഉണ്ടാകണ്ടേ ? ഓരോ രാജ്യത്തിനും തനതായ പൈതൃകമുണ്ടു്. അതില്‍ ഊന്നിനിന്നു കൊണ്ടുള്ള പരിഷ്‌കരണമേ, ആ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുകയുള്ളൂ.
അതിനാല്‍ നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ട ചെറുപ്പക്കാര്‍, ചെറിയചെറിയ കൂട്ടങ്ങളായി, ഓരോ ഗ്രാമത്തിലും ചെന്നു്, ജനങ്ങളെ ബോധവാന്മാരാക്കണം. രാജ്യത്തെ സ്വന്തം വീടുപോലെ കാണുവാന്‍ ജനങ്ങളെ പഠിപ്പിക്കണം. കൃഷിഭൂമി കൃഷിക്കുവേണ്ടി വിനിയോഗിക്കുവാന്‍ അവരെ പ്രേരിപ്പിക്കണം. വീടില്ലാത്തവര്‍ക്കു വീടുവച്ചു കൊടുക്കണം. ആഹാരമില്ലാത്തവര്‍ക്കു് ആഹാരം എത്തിക്കണം. ഒപ്പം നമ്മുടെ സംസ്‌കാരംകൂടി അവര്‍ക്കു പകരണം. നമ്മുടെ സംസ്‌കാരത്തെ മറന്നുകൊണ്ടു്, ഇന്നത്തെ ഈ പോക്കു തുടര്‍ന്നാല്‍, നമ്മള്‍ വളരെ ദുഃഖങ്ങള്‍ സഹിക്കേണ്ടി വരും. ആദ്ധ്യാത്മികസംസ്‌കാരം ഭാരതത്തില്‍നിന്നു പൂര്‍ണ്ണമായും എന്നു നഷ്ടമാകുന്നുവോ; അന്നു് ഈ രാജ്യത്തിൻ്റെ അധഃപതനമായിരിക്കും.