അമ്മയുടെ 66-ാമത് ജന്മദിനത്തിൽ അമ്മ നടത്തിയ സത്‌സംഗത്തിൻ്റെ സംക്ഷിപ്ത രൂപം

മക്കളെ എല്ലാവരും ഒത്തൊരുമയോടും സ്നേഹത്തോടും ഇങ്ങനെ ഇരിക്കുന്നതു കാണുമ്പോള്‍, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഭംഗിയായി കോര്‍ത്തിണക്കിയ മനോഹരമായൊരു പൂമാല പോലെയാണു അമ്മയ്ക്കു തോന്നുന്നതു്. നിങ്ങളുടെ ഈ മനസും സേവനമനോഭാവം മേല്‍ക്കുമേല്‍ വളരട്ടെ, വികസിക്കട്ടെ. അതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു. ഇതൊരു സന്തോഷത്തിൻ്റെ നിമിഷമാണെങ്കിലും, ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടു വലയുന്നവരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു.

സ്വന്തം മുറിയുടെ മേല്‍ക്കൂരയിലെ ദ്വാരത്തിലൂടെ കാണുന്ന ആകാശത്തിൻ്റെതു് നോക്കി, ഒരു കുട്ടി പറയുകയാണു്, ”ദാ അതെൻ്റെ ആകാശമാണു്.” ഇതുപോലെയാണു മനുഷ്യന്‍. പ്രകൃതിയേയും ജീവിതത്തെയും നമ്മള്‍ വളരെ ചെറുതാക്കി കാണുന്നു. ജീവിതത്തിൻ്റെ വലിപ്പം മനസ്സിലാക്കിയാലെ, അതിനു മുന്‍പില്‍ നാം എത്രമാത്രം ചെറുതാണെന്നു ബോദ്ധ്യപ്പെടു.

‘പ്രകൃതി’ അമ്മയാണു്. ‘പ്രകൃതിമാതാവു്’ എന്നാണു നമ്മള്‍ പറയുന്നതു്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു കടല്‍, അമ്മയാണു്. വനത്തില്‍ ജീവിക്കുന്നവര്‍ക്കു്, കാട് അമ്മയാണു്. മലയോരങ്ങളില്‍ താമസിക്കുന്നവരുടെ അമ്മ ആ മലകളും അതിനോടു ചേര്‍ന്ന പ്രകൃതിയുമാണു്. മനുഷ്യനേയും സകലജീവരാശികളേയും പോറ്റുന്നതും വളര്‍ത്തുന്നതും പ്രകൃതിയാണു്. കുറച്ചുകൂടി ഉയര്‍ന്നു ചിന്തിച്ചാല്‍, മാതാപിതാക്കന്മാരുടെ ചിന്തയില്‍ ഉദയം കൊള്ളുന്നതിനും, പിന്നീട്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു ഭ്രൂണമായി രൂപം കൊള്ളുന്നതിനു മുന്‍പും, മരണശേഷവും നമ്മുടെ നിലനില്പ് പ്രകൃതിയിലാണു്. ഈ വിധത്തില്‍ നോക്കുമ്പോള്‍, പ്രകൃതിയാണു നമ്മുടെ മാതാവും പിതാവും എല്ലാം. ആ പ്രകൃതിമാതാവിൻ്റെ മക്കളാന്നു നമ്മള്‍. ആ അമ്മയ്ക്കു മക്കളായ നമ്മളോട് സ്നേഹവും ദയയും മാത്രമേയുള്ളു. എന്നാല്‍, നമ്മള്‍ മക്കള്‍, പ്രകൃതിമാതാവിൻ്റെ നെഞ്ചില്‍ സദാ ചവുട്ടി കൊണ്ടിരിക്കുകയായിരുന്നു. സ്നേഹസമ്പന്നയായ ആ അമ്മ ഇപ്പോള്‍ രോഗിയായി, അവശയായി.

ഇന്നത്തെ സമൂഹത്തില്‍ നാലു കാര്യങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നതുകാണാം.

  1. സമ്പത്ത് സദാചാരത്തേക്കാള്‍ പ്രധാനമായിരിക്കുന്നു.
  2. സൗന്ദര്യം നന്മയേക്കാള്‍ പ്രധാനമായിരിക്കുന്നു.
  3. ദിശയേക്കാള്‍ വേഗത പ്രധാനമായിരിക്കുന്നു.
  4. മനുഷ്യരേക്കാള്‍ യന്ത്രങ്ങള്‍ പ്രധാനമായിരിക്കുന്നു.

ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന സ്ഥാനം നല്കിയില്ലെങ്കില്‍, നമ്മുടെ ജീവിതം ചിതലുപിടിച്ച തടി പോലെ പാഴായിത്തീരും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് നമുക്കുണ്ടാവില്ല. അതുകൊാണ് ഋഷിമാര്‍ ധര്‍മ്മബോധത്തിന് ഏറ്റവും പ്രാധാന്യം നല്കിയത്. നമുക്കും അന്യര്‍ക്കും ഗുണകരമായ രീതിയില്‍ സമൂഹവുമായി ബന്ധപ്പെടാന്‍ ധര്‍മ്മ ബോധം കൂടിയേ തീരൂ. ഈ ധര്‍മ്മബോധം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ചെറുപ്പത്തില്‍ തന്നെ കൊടുക്കണം. ഇന്ന്, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അച്ഛനമ്മമാര്‍ ഉടനെ അവരുടെ കയ്യില്‍ കൈഫോണ്‍ കൊടുക്കും. ഇതിലൂടെ ആ നിമിഷത്തെ കരച്ചില്‍ നില്‍ക്കും. എന്നാല്‍ അതിനൊപ്പം മൂല്യങ്ങള്‍ കൊടുത്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍ കരയേണ്ടി വരും. ഈ മൂല്യങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ദുഃഖവും കഷ്ടവും അനുഭവിക്കുമ്പോള്‍ അവയെ നേരിടാനും അതിജീവിക്കാനുള്ള ശക്തി അവരില്‍ ഉണ്ടാകും.

മനുഷ്യൻ്റെ തെറ്റായ ധാരണകളും അതില്‍ നിന്നുണ്ടായ തെറ്റായ പ്രവര്‍ത്തികളുമാണു് പ്രകൃതിയെയും ലോകത്തെയും ഈ വിധത്തിലാക്കിയതു്. ഇത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രവര്‍ത്തിയിലും കാഴ്ച്ചപ്പാടിലും മാറ്റം വരുത്താന്‍ നമ്മള്‍ തയ്യാറാകുന്നില്ല എന്നതാണു് അത്ഭുതം. നമുക്ക് എല്ലാവര്‍ക്കും ആഹാരം ആവശ്യമാണ്. എന്നാല്‍ കൃഷി ചെയ്യാനും പച്ചക്കറികള്‍ വളര്‍ത്താനും മിക്കവര്‍ക്കും മടിയാണ്. നമുക്കെല്ലാം ജലം ആവശ്യമാണ്. എന്നിട്ടും വെള്ളം പാഴാക്കാതിരിക്കാനും മഴവെള്ളം സംഭരിക്കാനും നമ്മള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല. നമുക്ക് ജീവിക്കാന്‍ ഓക്‌സിജന്‍ ആവശ്യമാണ് എന്നു നമുക്കറിയാം. എന്നാല്‍ കൂടുതല്‍ മരങ്ങള്‍ നടാന്‍ നമുക്കു മടിയാണ്. നമ്മള്‍ മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നു. എന്നാല്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവരാഗ്രഹിക്കുന്ന സമയവും ശ്രദ്ധയും നല്കാന്‍ നമ്മള്‍ മറക്കുന്നു. നമുക്ക് ശാന്തി വേണം. എന്നാല്‍ മറ്റുള്ളവരില്‍ തെറ്റു കാണുന്ന ശീലം ഉപേക്ഷിക്കാന്‍ മടി കാണിക്കുന്നു.

ഈ പ്രപഞ്ചം അതിൻ്റെതായൊരു താളത്തിലും ലയത്തിലും ശ്രുതിയിലുമാണു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു്. അതുകൊണ്ടുതന്നെ മനുഷ്യനും അവൻ്റെ ജീവതയാത്രയെ പ്രപഞ്ചത്തിൻ്റെ താളത്തിനും ശ്രുതിയ്ക്കും അനുസരിച്ച് രൂപപ്പെടുത്തിയെടുക്കണം. അല്ലെങ്കില്‍ സ്വഭാവികമായും ജീവിതം സംഘര്‍ഷപൂര്‍ണ്ണമാകും. ഇന്ദ്രിയസുഖങ്ങള്‍ മാത്രം തേടി പോയാല്‍, ജീവിതവുമായി ശ്രുതിചേര്‍ക്കാന്‍ സാധിക്കില്ല. നമ്മുടെ അസ്തിത്വത്തിൻ്റെ ഒരു ഭാഗം മാത്രമാന്നു ശരീരം. ജീവിതത്തിൻ്റെ ഉണ്മ ആത്മസത്തയാണു്. അത് അകത്താണു്. അതറിയാന്‍ ആത്മീയചിന്തയും സാധനകളും സദ്കര്‍മ്മങ്ങളും ആവശ്യമാണു്. മുന്‍വിധി കാരണം ഒന്നിനെയും അതിൻ്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ കഴിയുന്നില്ല. നമ്മുടെയും മറ്റുള്ളവരുടെയും സത്യം കാണാതെ പോകുന്നതു കൊണ്ട്, ഒന്നിനെയും ആസ്വദിക്കുന്നില്ല. എല്ലാം സ്വീകരിക്കുന്നൊരു മനോഭാവം വളര്‍ത്തിയെടുക്കുമ്പോള്‍ എല്ലാത്തിലും മധുരം നുകരാന്‍ കഴിയും.

ജീവിതത്തില്‍ നമുക്ക് രണ്ടു രീതിയില്‍ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളര്‍ച്ച, രണ്ടാമത്തേത് പക്വതയുടെ വളര്‍ച്ച. പ്രായം കൊണ്ടു വളരാന്‍ പ്രത്യേകിച്ചൊരു ശ്രമത്തിൻ്റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാല്‍ പക്വതയുടെ വളര്‍ച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്. പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളില്‍ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മീകമായ അറിവാണ് ഈ യാത്രയ്ക്ക് പാത തെളിയിക്കുന്നത്.

പ്രായം കൊണ്ടു വളരുക എന്നാല്‍ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്.

യഥാര്‍ത്ഥത്തില്‍, മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ എത്രമാത്രം മനസ്സിലിടം സൃഷ്ടിക്കുവോ, അത്രമാത്രം സന്തോഷവും നമുക്കു ലഭിക്കും. അഹംബുദ്ധി കൂടുന്തോറും സന്തോഷം കുറയും. പ്രകൃതിയുടെയും ജീവിതത്തിൻ്റെയും നിയമം നിസ്വാര്‍ത്ഥയാണു്. അതുകൊണ്ടുതന്നെ അഹംഭാവത്തിൻ്റെയും സ്വാര്‍ത്ഥതയുടെയും മേല്‍ നിയന്ത്രണമില്ലാത്തവര്‍ക്ക് ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയില്ല. കാരണം അവര്‍ പ്രപഞ്ചനിയമത്തിനു വിരുദ്ധമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണു്. ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ ഇത്തിരിപ്പോന്ന ഒരു ജീവിയാണു്. നമ്മുടെ മറുഭാഗത്തു നില്‍ക്കുന്നത് അന്തമില്ലാത്ത വിശ്വശക്തിയാണു്. അത് ഓരേ താളത്തിലും ശ്രുതിയിലും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുമ്പോളാണ്, മനുഷ്യന്‍ ആ നിയമത്തിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന ഓര്‍മ്മവേണം. അതറിഞ്ഞ്, ആ നിയമത്തോടു പൊരുത്തപ്പെട്ടു പോയാല്‍, ശാന്തിയും സന്തോഷവുമുണ്ടാകും ശാന്തി തനിയെ കൈവരും. ജീവിതം വളരെ ചെറുതാണു്. ഈ ചെറിയ കാലയളവില്‍, സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നമുക്കു കഴിയണം.

ഈ അവസരത്തില്‍ കേരളത്തിലെ മക്കളോട് ചില കാര്യങ്ങള്‍ പറയാന്‍ അമ്മ ആഗ്രഹിക്കുന്നു. ഇക്കഴിഞ്ഞ ഓണത്തിന് എന്തുമാത്രം മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ഏകദേശം അഞ്ഞൂറ്‌കോടി രൂപയുടെ മദ്യം മുന്നുനാലുദിവസം കൊണ്ട് കുടിച്ചു എന്നാണ് കണക്ക്. അമ്മ ചിന്തിക്കുകയാണ് കേരളത്തില്‍ വീടില്ലാത്ത എത്രമക്കള്‍ ഉണ്ട്. ഇത്രയും പണമുണ്ടായിരുന്നെങ്കില്‍ ഒരു പതിനായിരം പേര്‍ക്ക് നല്ല വീടുവച്ചുകൊടുക്കുവാന്‍ സാധിക്കുമായിരുന്നു. അതുമാത്രമല്ല ഈ മദ്യപാനംകൊണ്ട് എത്ര കുടുംബങ്ങളാണ് കണ്ണീര്‍ കുടിക്കുന്നത്. എത്ര അമ്മമാരും കുഞ്ഞുങ്ങളുമാണ് നിത്യവും വേദന തിന്നു ജീവിക്കുന്നത്. ഇന്ത്യയില്‍ മദ്യപാനത്തിൻ്റെ കാര്യത്തില്‍ മലയാളികള്‍ ഒന്നാം സ്ഥാനത്താണ്. സംസ്‌ക്കാരം മറന്ന ഉല്ലാസമല്ല നമുക്കാവശ്യം. സംസ്‌ക്കാരത്തെ വളര്‍ത്തുന്ന ഉല്ലാസമാണ് വേണ്ടത്. സമൂഹത്തില്‍ മൂല്യങ്ങളെ ഉണര്‍ത്താനും വളര്‍ത്താനുമുള്ള അവസരങ്ങളാകണം ഓരോ ആഘോഷവും.

മക്കളുടെ കണ്ണുകള്‍ കാരുണ്യത്താല്‍ ആര്‍ദ്രമാവട്ടെ. ശിരസ്സുകള്‍ വിനയത്താല്‍ നമ്രമാവട്ടെ. കൈകള്‍ മറ്റുള്ളവരുടെ സേവയില്‍ മുഴുകട്ടെ. കാലുകള്‍ ധര്‍മ്മത്തിൻ്റെ പാതയിലൂടെ ചരിക്കട്ടെ. കാതുകള്‍ ദുഃഖിതരുടെ ദുഃഖം കേള്‍ക്കാന്‍ സന്നദ്ധമാവട്ടെ. നാവ് എപ്പോഴും ദയാപൂര്‍ണ്ണമായ വാക്കുകളും സത്യവും പറയട്ടെ. അങ്ങനെ മക്കളുടെ ജീവിതം തന്നെ ലോകത്തിന് അനുഗ്രഹമായിതീരട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു.