ആചാരപ്രഭവോ ധര്‍മ്മഃ
• ജന്മദിനസന്ദേശം 1990 •

മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. എത്രമാത്രം ഭക്തിയോടും ആവേശത്തോടും കൂടിയാണോ മക്കള്‍ അമ്മയ്ക്കു സേവ ചെയ്യുവാന്‍ തയ്യാറാകുന്നതു്, അതേപോലെ ലോകസേവയ്ക്കും തയ്യാറാകണം. ലോകത്തിൻ്റെ ദുഃഖം ഇല്ലാതാക്കുവാന്‍ നിസ്സ്വാര്‍ത്ഥമായി പ്രയത്‌നിക്കുന്നതാണു് അമ്മയ്ക്കുള്ള യഥാര്‍ത്ഥ പാദപൂജ. അമ്മയുടെ ജന്മദിനം കഷ്ടപ്പെടുന്നവരുടെ കണ്ണുനീരൊപ്പുന്നതിനുള്ള ഒരു ദിവസമായിക്കരുതി മക്കള്‍ അതിനുവേണ്ടി ശ്രമിക്കുന്നതു കാണുന്നതാണു് അമ്മയെ ഏറെ ആനന്ദിപ്പിക്കുന്നതു്.

മക്കള്‍ക്കു് അമ്മയോടു സ്നേഹമുണ്ടെങ്കില്‍, അമ്മയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കില്‍, മക്കള്‍ ഓരോ ജന്മദിനത്തിനു വരുമ്പോഴും ഒരു ദുശ്ശീലമെങ്കിലും ഉപേക്ഷിക്കുവാനായി പ്രതിജ്ഞയെടുക്കണം. അതാണു് അമ്മയോടുള്ള യഥാര്‍ത്ഥസ്നേഹം. സിഗററ്റിലാണു് ആനന്ദമെങ്കില്‍ എല്ലാവര്‍ക്കും അതില്‍നിന്നും ആനന്ദം കിട്ടേണ്ടതല്ലേ? അതില്ല. ചിലര്‍ക്കു സിഗററ്റിൻ്റെ മണം ശ്വസിക്കുവാന്‍ കൂടി കഴിയില്ല: അസ്വസ്ഥതയാണു്. ആനന്ദം വസ്തുവിനെയല്ല, മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്. മനസ്സിനെ സ്വാധീനമാക്കിയാല്‍ ബാഹ്യവസ്തുക്കളുടെ യാതൊന്നിൻ്റെയും സഹായം കൂടാതെ ആനന്ദം നേടുവാന്‍ കഴിയും. പിന്നെ എന്തിനു് അനാവശ്യമായി പണം വ്യയം ചെയ്തു് ആരോഗ്യം നഷ്ടമാക്കണം? അതിനാല്‍, സിഗരറ്റു വലിക്കുന്ന മക്കള്‍, സിഗരറ്റുവലി ഈ ജന്മദിനം മുതല്‍ ഒഴിവാക്കും എന്നു പ്രതിജ്ഞയെടുക്കുക. ആ ദുശ്ശീലം ഉപേക്ഷിക്കുമ്പോള്‍ അതിനുപയോഗിച്ച പണം ഒരു സാധു കുട്ടിയുടെ പഠിത്തകാര്യങ്ങള്‍ക്കു ചെലവഴിക്കാം. മദ്യം കഴിക്കുന്ന മക്കള്‍ക്കു് അതു നിര്‍ത്താനായി പ്രതിജ്ഞയെടുക്കാം. നൂറും അഞ്ഞൂറും രൂപവരെ ഒരു വസ്ത്രത്തിനുവേണ്ടി നാം ചെലവാക്കാറുണ്ടു്. ഒരുവര്‍ഷം പത്തു സാരിയെങ്കിലും ഉപയോഗിക്കുന്ന മക്കളുണ്ടു്. അതു് ഒന്‍പതാക്കാം. അതില്‍നിന്നും മിച്ചംവരുന്ന പണം രോഗംകൊണ്ടു കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ഒരാളിനു മരുന്നിനു വേണ്ടി നല്കാം. അമ്മയോടു സ്നേഹമുണ്ടെങ്കില്‍, പരമാത്മാവിനോടു സ്നേഹമുണ്ടെങ്കില്‍ ഇങ്ങനെയൊരു ത്യാഗഭാവം സ്വീകരിക്കാന്‍ മക്കള്‍ തയ്യാറാകണം.

മക്കളേ, ത്യാഗം കൂടാതെ ഈശ്വരനെ സാക്ഷാത്കരിക്കുവാന്‍ സാദ്ധ്യമല്ല. ‘ത്യാഗേനൈകേ അമൃതത്വമാനശുഃ’ ത്യാഗത്തിലൂടെയേ അമൃതത്വം നേടാന്‍ കഴിയൂ എന്നാണു്. എന്തിനും ത്യാഗം വേണം. ഒരു പരീക്ഷ ജയിക്കണമെങ്കില്‍ ലക്ഷ്യംവച്ചു നല്ലവണ്ണം പഠിക്കണം. ഒരു പാലം തീര്‍ക്കണമെങ്കില്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും പ്രയത്‌നിക്കണം. ഏതു പ്രയത്‌നത്തിൻ്റെയും വിജയത്തിനടിസ്ഥാനം ത്യാഗമാണു്. ത്യാഗമില്ലാതെ സംസാരസമുദ്രം തരണം ചെയ്യുവാന്‍കഴിയില്ല. ത്യാഗം ഇല്ലാതെ മന്ത്രം ജപിച്ചതുകൊണ്ടു മാത്രം യാതൊരു ഫലവുമില്ല. ത്യാഗമില്ലാത്തവന്‍ എത്ര മന്ത്രം ജപിച്ചാലും മന്ത്രദേവതയെ സാക്ഷാത്കരിക്കുവാന്‍ സാധിക്കില്ല. ത്യാഗബുദ്ധിയുള്ളവന്‍ മന്ത്രം ജപിച്ചില്ലെങ്കിലും അവൻ്റെ മുന്നില്‍ ദേവത എത്തും. അവനുവേണ്ടി ജോലി ചെയ്യുന്നതിനായി എല്ലാ ദേവതകളും പിറകെ എത്തും. ഇതിനര്‍ത്ഥം മന്ത്രം ജപിക്കണ്ട എന്നല്ല. മന്ത്രജപത്തോടൊപ്പം ആ തത്ത്വം അനുസരിച്ചു ജീവിക്കുകയും വേണം. വിത്തു വിതച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണമാകുന്നില്ല. ത്യാഗമനോഭാവത്തോടെ നല്ല കര്‍മ്മങ്ങള്‍കൂടി അനുഷ്ഠിച്ചാലേ പൂര്‍ണ്ണതയുള്ളൂ. നമ്മളില്‍നിന്നുമുണ്ടാകുന്ന നല്ല കര്‍മ്മങ്ങളാണു നമ്മള്‍ എത്രത്തോളം വളര്‍ന്നു എന്നു കാണിക്കുന്നതു്.