വിഷു, നല്ല കാര്യങ്ങള്‍ തുടങ്ങുവാനുള്ള സമയമെന്നാണ് സങ്കല്‍പം. നമുക്ക് നഷ്ടപ്പെട്ടുവരുന്ന, പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള അവസരമായി ഈ വിഷുവിനെ മാറ്റാന്‍ നമ്മോട് അമ്മ ആവശ്യപ്പെടുകയാണ്. പ്രകൃതി നമുക്ക് അമ്മയാണ്. നമ്മെ വളര്‍ത്തി, പരിചരിച്ച്, ഈ നിലയില്‍ എത്തിച്ച ഭൂമിയോടും സകല ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍ മറക്കരുത്. പ്രകൃതി ചൂഷണത്തിലൂടെ സ്വയം നാശത്തിലേയ്ക്കു നീങ്ങുന്ന മനുഷ്യരാശി, പ്രകൃതി സംരക്ഷണത്തിലേക്കു തിരിച്ചു വരണമെന്ന് അമ്മ ഓര്‍മ്മിപ്പിയ്ക്കുന്നു.

വിഷുക്കണിയോടൊപ്പം വൃക്ഷക്കണി

കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിച്ചുവരുന്ന ചൂടും, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ നമുക്ക് മുന്നറിയിപ്പു തന്നുകൊണ്ടിരിക്കുന്നു. ഒരു വൃക്ഷം വെട്ടേണ്ടി വന്നാല്‍ പത്തെണ്ണമെങ്കിലും നട്ടു പരിപാലിച്ചു വളര്‍ത്താന്‍ പൂര്‍വ്വികരും ഉപദേശിക്കുന്നു. തൊടിയില്‍ നിന്നുള്ള ചെടികളും ഫലങ്ങളും ഉപേക്ഷിച്ച് കമ്പോളങ്ങളെ ആശ്രയിച്ചത് മറ്റൊരു വലിയ വിപത്തിലേയ്ക്കാണ് നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്: വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് മാരകങ്ങളായ രാസവസ്തുക്കളാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. കാലങ്ങളായി മാധ്യമങ്ങളും, ശാസ്ത്രജ്ഞരും, സര്‍വകലാശാലകളും അതേക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. കാന്‍സര്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വന്ധ്യതാപ്രശ്‌നങ്ങള്‍, തലച്ചോറിലെ തകരാറുകള്‍, ജനിതക വൈകല്യങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, അവയവങ്ങള്‍ക്ക് നാശം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ എണ്ണമറ്റ പാര്‍ശ്വഫലങ്ങളാണ് കീടനാശിനികള്‍ നല്‍കുന്നത്. എന്നാല്‍, പച്ചക്കറി വിട്ട് മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കാമെന്ന സമ്പ്രദായം, കൊളസ്‌ട്രോളും പ്രഷറും മറ്റുമായി രോഗികളുടെ വരവ് കൂട്ടി. അപ്പോള്‍ ഡോക്ടര്‍മാര്‍ പച്ചക്കറിയും പഴങ്ങളും ധാരാളം കഴിയ്ക്കാന്‍ ഉപദേശിച്ചു. പക്ഷേ അതിന്, വിഷമല്ലാത്ത പച്ചക്കറി എവിടെ? പഴങ്ങളെവിടെ? നമുക്ക് വേണ്ടത് നാംതന്നെ ഉണ്ടാക്കിയിരുന്ന ശീലം, അപ്രത്യക്ഷമായി. തൊടികള്‍ ശൂന്യമായി. കണ്‍മുന്നില്‍ വിളഞ്ഞ വിഭവങ്ങള്‍കൊണ്ട് മൃഷ്ടാന്നം കഴിച്ചിരുന്ന നമ്മളാണ്, കൂടുതല്‍ ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായപ്പോള്‍ ഈ ദുര്യോഗത്തില്‍ പെട്ടുപോയത്.

നമ്മുടെ വീട്ടു വളപ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്ന നാടന്‍ പച്ചക്കറികള്‍; ചതുരപ്പയറും കോവലും കറിവേപ്പിലയും നിത്യവഴുതനയും തഴുതാമയും തകരയും ചീരയും അടതാപ്പും കാച്ചിലും കിഴങ്ങും വാളമരയും, അങ്ങനെ അസംഖ്യം എണ്ണം വീടും നാടുമൊഴിഞ്ഞ് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പലതും പുതിയ തലമുറ കണ്ടിട്ടുപോലുമില്ല. നാല്‍പതു ശതമാനം പ്രകൃതിയാണ് കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ നശിപ്പിയ്ക്കപ്പെട്ടത്. വായു, വെള്ളം, ഭക്ഷണം ഇവയെല്ലാം ഇന്ന് വിഷമയമായിരിയ്ക്കയാണ്.

മാതാ അമൃതാനന്ദമയീ മഠത്തിന്റെ അനവധി പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു, 2015ലെ ഭാരതയാത്രാ വേളയില്‍, അമ്മ ആഹ്വാനം ചെയ്ത ‘വിഷുത്തൈനീട്ടം’ പദ്ധതി. ഏറെ പ്രശംസിയ്ക്കപ്പെട്ട ‘അമലഭാരതം’ പദ്ധതിയിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യമാകെ പ്രചോദനമായിരുന്നു. ബഹുജന പങ്കാളിത്തംകൊണ്ടും, നിസ്വാര്‍ത്ഥ സേവനംകൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ട ശുചീകരണ യജ്ഞത്തിനു ശേഷം പരിസ്ഥിതി സംരക്ഷണത്തിനായുള്ള അമ്മയുടെ സങ്കല്‍പ പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. ഈ സേവാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്, മഠത്തിന്റെ യുവജന കൂട്ടായ്മയായ ‘അയുദ്ധ്’ (അമൃത യുവധര്‍മ്മ ധാര) ആണ്.

വിഷുത്തൈനീട്ടം

നമുക്ക് നഷ്ടപ്പെടുന്ന പ്രകൃതിയോടുള്ള ഹൃദയബന്ധം വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് ഓരോ വിഷുവും. വിഷു കാര്‍ഷികോല്‍സവമാണ്. വിശേഷിച്ചും മലയാളികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്ന്. കാര്‍ഷിക സംസ്‌ക്കാരം കൈമോശം വന്നുകൊണ്ടിരിയ്ക്കുന്ന മലയാളി, വിഷുവിനെ അതിന്റെ അര്‍ത്ഥത്തില്‍ കാണാന്‍ വിട്ടുപോയി. കൈരളിയുടെ കാര്‍ഷിക സംസ്‌കൃതിയും ആരോഗ്യവും ഭക്ഷണവും സ്വാസ്ഥ്യവും തിരിച്ചെടുക്കാനും, ആഗോള താപനവും പ്രകൃതിക്ഷോഭങ്ങളും വന്നെത്തും മുന്‍പ് സ്വന്തം സ്വത്വത്തിലേയ്ക്ക് മടങ്ങാനും, പ്രകൃതിയോടുള്ള ഹൃദയബന്ധത്തെപറ്റി പുതുതലമുറയെ ബോധവാന്മാരാക്കുന്നതിനുമായി ലക്ഷ്യമിട്ടാണ് ‘വിഷുത്തൈനീട്ടം’, മലയാളി സമൂഹത്തില്‍, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഉല്‍സവത്തോട് ബന്ധിച്ചു തന്നെ അവതരിപ്പിയ്ക്കുന്നത്.
നാശത്തിലേയ്ക്ക് നീങ്ങുന്ന മനുഷ്യരാശിയെ രക്ഷിയ്ക്കാന്‍ ഇനി വരുന്ന തലമുറയ്ക്കാണ് കഴിയുക. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്‌നേഹവും സഹായവുമാണ് വിഷുക്കൈനീട്ടം. ഇത്തവണ വിഷുവിന്, കൈനീട്ടം നല്‍കുമ്പോള്‍ അതോടൊപ്പം വൃക്ഷങ്ങളുടെയോ പച്ചക്കറികളുടെയോ തൈകള്‍ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കണം : ‘വിഷുക്കൈനീട്ടത്തോടൊപ്പം വിഷുത്തൈനീട്ടം’. വിഷുവിനുള്ള കൈനീട്ടം വര്‍ഷം മുഴുവന്‍ ഫലം തരുന്ന ഒരു മരമായിരിയ്ക്കട്ടേ. ആശങ്കകള്‍ അകന്ന് അടുത്ത വര്‍ഷത്തേയ്ക്ക് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് വിഷുക്കണി. കണിയൊരുക്കുമ്പോള്‍ ഒരു വൃക്ഷത്തൈയും കണ്ണന് കാഴ്ചയായി വയ്ക്കുക : ‘വിഷുക്കണിയോടൊപ്പം വൃക്ഷക്കണി’.

അമൃത സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍, അമൃത വിദ്യാലയങ്ങള്‍, കേരളമാകെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌ക്കൂളുകള്‍, ഇതര വിദ്യാലയങ്ങള്‍, ക്ഷേത്രങ്ങള്‍, പൊതുപരിപാടികള്‍, ആശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളെല്ലാം വിഷുത്തൈനീട്ടത്തിന്റെ വിതരണ കേന്ദ്രങ്ങളാകാറുണ്ട്. അമൃതകുടുംബങ്ങള്‍, അമൃതശ്രീ തുടങ്ങിയ കൂട്ടായ്മകള്‍ വഴി വീടുകളിലും ഗ്രാമകൂട്ടായ്മകളിലും വിഷുത്തൈനീട്ടം ആചരിച്ചു വരുന്നു. ഇന്ത്യയിലെ മഠം ദത്തെടുത്ത 101 ഗ്രാമങ്ങളിലേയ്ക്ക് അമൃത വിശ്വവിദ്യാപീഠം വിദ്യാര്‍ത്ഥികള്‍ നേരില്‍ ചെന്ന് തൈകള്‍ നല്‍കി വരുന്നു.

കാര്‍ഷിക സമൃദ്ധിയെയും പ്രകൃതിയോടുള്ള ഹൃദയബന്ധത്തെയും വീണ്ടെടുക്കാനുള്ള പ്രതിജ്ഞയോടെ കാര്‍ഷികോല്‍സവമായ വിഷുവിനെ വരവേല്‍ക്കാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്പല്‍ സമൃദ്ധമായ നാളെയെ നല്‍കാനും ‘വിഷുത്തൈനീട്ട’ത്തിലൂടെ ഒന്നു ചേരാം. നന്മയുടെയും സ്‌നേഹത്തിന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!