അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ‘വിഷുത്തൈനീട്ടം’ പദ്ധതി, അഞ്ചാമത് വര്‍ഷത്തിലേയ്ക്ക് കടന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 06 ശനിയാഴ്ച, അമൃതപുരിയില്‍ വച്ച് നടന്നു. വിഷുവിന് കൈനീട്ടത്തോടൊപ്പവും വിഷുക്കണിയിലും ഒരു വൃക്ഷത്തൈ കൂടി ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 2015 ല്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത പദ്ധതിയാണ് ‘വിഷുത്തൈനീട്ടം’. മഠത്തിന്റെ യുവജന വിഭാഗമായ ‘അയുദ്ധ്’ ആണ് ‘വിഷുത്തൈനീട്ട’ത്തിന്റെ പ്രവര്‍ത്തന പ്രചരണ ഏകോപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
‘മുറ്റത്തൊരു പഴത്തോപ്പ് മുകളിലൊരു കിളിക്കൂട്’ എന്ന വിളംബരത്തോടെയായിരുന്നു, സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യത്തില്‍ ഈ വര്‍ഷത്തെ വിഷുത്തൈനീട്ടത്തിന് തുടക്കം കുറിച്ചത്.
ഒരു ചെറിയ തടികഷ്ണമായാലും, അതില്‍ കുറച്ചു വെള്ളവും ഭക്ഷണവും കിളികള്‍ക്കായി നമ്മള്‍ കരുതണമെന്നും, ചുട്ടുപൊള്ളുന്ന വെയിലത്ത് ഈ കരുതല്‍ കിളികള്‍ക്ക് ആശ്വാസമായിരിക്കുമെന്നും, അനുഗ്രഹസന്ദേശത്തില്‍ അമ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം വന്നെത്തിയ എല്ലാവരോടും പ്രായഭേദമെന്യേ പദ്ധതിയുടെ ഭാഗമാകാന്‍ അമ്മ ആഹ്വാനം ചെയ്തു. വിഷുപ്പക്ഷി പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പക്ഷികള്‍ക്ക് ഒരു കിളിക്കൂട് ഒരുക്കുന്നത്തിന്റെ അവശ്യകത പ്രധാന്യത്തോടെ പരാമര്‍ശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കിളിക്കൂടുകളുടെ വിതരണ ഉദ്ഘാടനവും അമ്മ നിര്‍വ്വഹിച്ചു.
ഇതിന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍, ഇനിയുള്ള ദിവസങ്ങളില്‍ തങ്ങളുടെ അധ്യാപകരുടെ വീടുകളിലെത്തി ഫലവൃക്ഷത്തൈയും, കിളിക്കൂടും സമ്മാനിക്കും. വിദ്യാര്‍ത്ഥികള്‍ ഒരുക്കിവച്ച നാലായിരത്തഞ്ഞൂറോളം തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ‘നമ്മുടെ കുട്ടികള്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി അതിനെ പരിപാലിക്കട്ടെയെന്നും ചെടികളും വൃക്ഷങ്ങളും നമ്മളുടെ ഭാഗമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകട്ടെ’യെന്നും അമ്മ പറഞ്ഞു. ഭൂമി ഫലഭൂയിഷ്ടമായാല്‍ അത് നമ്മളുടെ ജീവിതത്തെയും സമൃദ്ധമാക്കുമെന്നും, ആനന്ദവും സൗന്ദര്യവും അകവും പുറവും നിറയു’മെന്നും അമ്മ അനുഗ്രഹ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘വിഷുത്തൈനീട്ടം’ പദ്ധതിയുടെ ഭാഗമായി അയുദ്ധ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കേരളത്തിലുടനീളം മൂന്നര ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തു കഴിഞ്ഞത്. കൂടാതെ, വിവിധ രാജ്യങ്ങളിലായി 10 ലക്ഷം വൃക്ഷത്തൈകള്‍ ഐക്യരാഷ്ട്ര സഭയുടെ ‘ ട്രില്യണ്‍ ട്രീ’ പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുകയുമുണ്ടായി.
‘ഇതിനോടകം തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത പദ്ധതിയാണ്‌വിഷുത്തൈനീട്ടമെന്നും നിരവധി കലാ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍, ഇതിനോടകം ഈ പദ്ധതിയുടെ ഭാഗമായിക്കൊണ്ട് മുന്നോട്ടുവന്നിട്ടുള്ളതാണെന്നും, ഇത് ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിക്കുന്നു’വെന്നും, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപനന്ദ പുരി അഭിപ്രായപ്പെട്ടു.