ചോദ്യം : മതങ്ങളുടെ പേരില്‍ നടന്നിരുന്ന ജന്തുബലിയെ എങ്ങനെ ന്യായീകരിക്കുവാന്‍ സാധിക്കും?

അമ്മ : ജന്തുബലിയും നരബലിയും മറ്റും ഒരുകാലത്തു പ്രചരിക്കുവാന്‍ കാരണം ശരിയായ തത്ത്വബോധം ജനങ്ങളിലേക്കു് എത്തിക്കുവാന്‍ കഴിയാതിരുന്നതു കൊണ്ടാണു്. പണ്ടു്, മതഗ്രന്ഥങ്ങള്‍ സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്നില്ല. പണ്ഡിതരായ ബ്രാഹ്മണര്‍ അവയൊക്കെ സൂക്ഷിച്ചു. സാധാരണക്കാര്‍ അവരുടെ ബുദ്ധിയില്‍ തോന്നിയവിധം ഈശ്വരാരാധന ചെയ്തു തൃപ്തരായി.

അമ്മ ഫ്രാന്‍സില്‍ച്ചെന്നപ്പോള്‍ അവിടുത്തെ ഒരു ഭാഷയെക്കുറിച്ചു കേട്ടു. പണ്ടു്, ഇന്ത്യയില്‍നിന്നു് അടിമകളായി റീയൂണിയനിലും മൗറീഷ്യസിലും ആളുകളെ എത്തിച്ചിരുന്നു. അവര്‍ക്കു് അവിടുത്തെ ഭാഷ വശമില്ല. അവര്‍ അവിടെക്കേട്ടതു പറഞ്ഞുപറഞ്ഞു് ഒരു പുതിയ ഭാഷ രൂപംകൊണ്ടു. അതുപോലെ, അറിവുള്ളവര്‍ ചെയ്തിരുന്ന ആചാരങ്ങളും അനുഷ്ഠാനക്രമങ്ങളും കണ്ടിട്ടു്, സാമാന്യജനങ്ങളും അവരുടെതായ രീതിയില്‍ ഓരോന്നു ചെയ്തു. പിന്നീടു വന്നവര്‍ അതനുകരിച്ചുവെന്നുമാത്രം. നമുക്കു് ഏറ്റവും ഇഷ്ടപ്പെട്ടതെന്തോ; അതാണു് ഈശ്വരനു സമര്‍പ്പിക്കേണ്ടതു്. വളരെ നാളുകളായി കാണാതിരുന്ന ഒരു സുഹൃത്തു പെട്ടെന്നൊരു ദിവസം വീട്ടിലേക്കു വന്നാല്‍ നമ്മള്‍ ഏതുവിധമാണു സ്വീകരിക്കുക? സുഹൃത്തിനു് ഇഷ്ടമായ എല്ലാ വിഭവങ്ങളും എത്രയും വേഗം തയ്യാറാക്കി നല്കും. ഇല്ലേ ? ഒരു സുഹൃത്തിൻ്റെ കാര്യത്തില്‍ അങ്ങനെയാകുമ്പോള്‍ സ്നേഹസ്വരൂപനായ ഈശ്വരൻ്റെ കാര്യത്തിലോ?

വേട്ടയാടി ജീവിച്ചിരുന്ന പ്രാകൃതമനുഷ്യര്‍ക്കു് ഏറ്റവും പ്രിയപ്പെട്ടതു്, പക്ഷികളുടെയും ജന്തുക്കളുടെയും മാംസമായിരുന്നു. അവരതു് ഈശ്വരനു സമര്‍പ്പിച്ചു. പാല്പായസം ഇഷ്ടപ്പെട്ടവര്‍ അതു് ഈശ്വരനു നിവേദിച്ചു. പാല്പായസത്തെക്കുറിച്ചു് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ക്കു് അതിനെങ്ങനെ സാധിക്കും? അവര്‍ തങ്ങളുടെ ഭക്ഷണത്തിൻ്റെ ഒരു ഭാഗം മാംസം ഭഗവാനു നിവേദിച്ചു. അതവരുടെ പിന്‍തലമുറക്കാരും അനുകരിച്ചു. ശരിയായ ജ്ഞാനം ഉള്‍ക്കൊണ്ടവര്‍ ഇവര്‍ക്കുവേണ്ട തത്ത്വം ഉപദേശിച്ചു കൊടുത്തതുമില്ല. വാസ്തവത്തില്‍ നമ്മുടെ മനസ്സിനെ ഈശ്വരനു സമര്‍പ്പിക്കുവാനാണു ശാസ്ത്രങ്ങള്‍ പറയുന്നതു്. എന്നാല്‍ മനസ്സു് എടുത്തുകൊടുക്കുവാന്‍ കഴിയുന്ന ഒരു വസ്തുവല്ല. അതിനാല്‍ മനസ്സു് ഏതൊന്നില്‍ ബന്ധിച്ചു നില്ക്കുന്നുവോ, അതു സമര്‍പ്പിക്കുമ്പോള്‍ മനസ്സു് സമര്‍പ്പിച്ചതിനു തുല്യമായി. അതാണു യാഗാദികര്‍മ്മങ്ങളില്‍ സമ്പത്തു് ദാനംചെയ്യുന്നതിൻ്റെ പിന്നിലെ തത്ത്വം. മനുഷ്യൻ്റെ മനസ്സു് ഏറ്റവുമധികം ബന്ധിച്ചുനില്ക്കുന്നതു സമ്പത്തിലാണല്ലോ.

ഓരോരുത്തരും അവരവര്‍ക്കു് അറിയാവുന്ന രീതിയില്‍ തങ്ങളുടെ സ്വഭാവമനുസരിച്ചു് ഈശ്വരപൂജ നടത്തി. ഋഷീശ്വരന്മാര്‍ ദേവിയെ ശുദ്ധസത്ത്വമൂര്‍ത്തിയായിക്കണ്ടു് ആരാധിച്ചു. പണം മോഹിച്ചവര്‍ ലക്ഷ്മിയായി, സമ്പത്തിൻ്റെ ദേവതയായിക്കണ്ടു. വിദ്യാര്‍ത്ഥികള്‍ സരസ്വതീദേവിയായിക്കരുതി പൂജിച്ചു. യോദ്ധാക്കളും കാട്ടുജാതിക്കാരും കാളിയായി വാളും ശൂലവും ധരിച്ച ദേവിയെ ആരാധിച്ചു. എല്ലാം ഒരു ശക്തിതന്നെ. ഓരോരുത്തരും അവരുടെ ഭാവനയനുസരിച്ചു രൂപം കൊടുത്തുവെന്നുമാത്രം. സര്‍വ്വശക്തനു് ഏതു വേഷവും ധരിക്കാം. അതിനാല്‍ ഇതിനൊക്കെ ഈശ്വരനെയോ, മതതത്ത്വങ്ങളെയോ പഴിപറഞ്ഞിട്ടു കാര്യമില്ല. മതത്തിൻ്റെ പേരില്‍ സമൂഹത്തിനും പ്രകൃതിക്കും ദോഷമായ എന്തെങ്കിലും അനാചാരങ്ങള്‍ നിലനില്ക്കുന്നുവെങ്കില്‍ ശരിയായ തത്ത്വം അവരെ ബോദ്ധ്യപ്പെടുത്തി അതില്‍നിന്നു പിന്തിരിപ്പിക്കാനാണു നമ്മള്‍ ശ്രമിക്കേണ്ടതു്. ഒരു വ്യാജ ഡോക്ടര്‍ തെറ്റായ മരുന്നു കുറിച്ചുകൊടുത്തതിനാല്‍, രോഗി മരിച്ചുവീണുവെന്നു പറഞ്ഞു്, എല്ലാ ഡോക്ടര്‍മാരും കള്ളന്മാരാണെന്നു പറയുന്നതുപോലെയാണു്; കാലപ്പഴക്കത്താല്‍ കടന്നുകൂടിയ ഏതെങ്കിലും അനാചാരത്തിൻ്റെ പേരില്‍ മതതത്ത്വങ്ങളെ ഒന്നടങ്കം പുച്ഛിക്കുന്നതു്. കുട്ടിയെ കുളിപ്പിച്ചുകുളിപ്പിച്ചു്, വെള്ളത്തോടൊപ്പം കുട്ടിയെയും കളയുന്നതിനു തുല്യമാണതു്.