മാർച്ച് 23 2019, അമൃതപുരി
മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു.
“മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ഈ സ്നേഹവും സൗഹാർദ്ദവും എന്നെന്നും നിലനിൽക്കാൻ പരമാത്മാവ് അനുഗഹിക്കട്ടെ. ഈ ആദരവ് പ്രകടിപ്പിച്ചതിലൂടെ മൈസൂർ സർവകലാശാല ‘മാനവ സേവാ മാധവ സേവ’ – മനുഷ്യനെ സേവിക്കുന്നതിലൂടെ ഈശ്വരനെ സേവിക്കുന്നു – എന്ന മഹത്തായ ആദർശത്തെയാണ് മുറുകെപ്പിടിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന മക്കളുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിനു വേണ്ടി ഇത്രയെങ്കിലുമെല്ലാം ചെയ്യുവാൻ മാതാ അമൃതാനന്ദമയി മഠത്തിനു സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആദരവിനെ അമ്മ, മക്കളുടെ ആത്മാർത്ഥതയ്ക്കും, പ്രയത്നത്തിനും മുൻപിൽ സമർപ്പിക്കുകയാണ്. ” ചടങ്ങിൽ സംസാരിക്കവെ ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
വിജ്ഞാനത്തോടൊപ്പം വിവേകവും വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതാണ് പുത്തന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലെ പ്രധാന ന്യൂനത. വിദ്യാഭ്യാസമേഖലയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്.വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേര്‍തിരിച്ചു കാണുന്നതാണ് ഇതിനു കാരണം. ഇത് മൂലം വിദ്യാഭ്യാസ മൂല്യങ്ങള്‍ പോലും ഇന്ന് നഷ്ടപ്പെടുകയാണ്. ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അമ്മ ചൂണ്ടിക്കാട്ടി.
അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും, സത്യം, ധർമ്മം, ദരിദ്രർക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകത അമ്മ എടുത്തു പറഞ്ഞു.
“ഇന്നത്തെ സർവകലാശാലകളിൽ എത്രത്തോളം സാമ്പത്തിക സഹായം ലഭ്യമാക്കി; എത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു; ബൗദ്ധിക ശക്തിയിലൂടെ എന്തൊക്കെ നേടി എന്നതിനെയൊക്കെ ആശ്രയിച്ചാണ് അധ്യാപകരുടെയും, ഗവേഷകരുടെയും സ്ഥാനക്കയറ്റവും മറ്റും തീരുമാനിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളോടൊപ്പം അവരുടെ കണ്ടുപിടിത്തങ്ങൾ എത്രത്തോളം സമൂഹത്തിലേ താഴേക്കിടയിലുള്ളവർക്ക് ഉപകാരപ്പെട്ടു എന്നും ദരിദ്രർക്കും മറ്റും എത്രത്തോളം സേവനങ്ങൾ ലഭ്യമായി എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം സ്വർണത്തിനു പരിമളം ഉണ്ടാകുന്നതു പോലെ അവയുടെ മൂല്യം ഒന്നുകൂടി വർദ്ധിക്കും.” അമ്മ പറഞ്ഞു
അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും, സത്യം, ധര്‍മ്മം, ദരിദ്രര്‍ക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അമ്മ വിവരിച്ചു
“കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ ആദ്ധ്യാത്മിക മാർഗദർശനത്തോടൊപ്പം, വലിയതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്ത്, ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് അമ്മ ചെയ്തത്. അമ്മയ്ക്ക് ഈ ബിരുദം സമ്മാനിക്കുന്നതിലൂടെ മൈസൂർ സർവകലാശാല അനുഗ്രഹീതമായിരിക്കുന്നു.” മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജി ഹേമന്ത കുമാർ പറഞ്ഞു.
നമുക്ക് ഈശ്വരനെ കണ്ണുകളാൽ കാണാൻ സാധിക്കില്ലായിരിക്കാം, എന്നാൽ ദരിദ്രർക്കും, ദുഖിതർക്കുമായി അനവരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ ഈശ്വരന്റെ എല്ലാ ദിവ്യ ഗുണങ്ങളും നമുക്ക് ദർശിക്കുവാൻ സാധിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുള്‍ക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും ചടങ്ങില്‍ മുഖ്യഅതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേയും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.
1916ൽ സ്ഥാപിതമായ മൈസൂർ സർവകലാശാല ഭാരതത്തിലെ ആറാമത്തേതും, കർണ്ണാടകയിലെ ആദ്യത്തെതുമായ സർവകലാശാലയാണ്. ആദ്ധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളിൽ അമ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിസ്തുലമായ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്.
17ആം തീയതി മൈസൂരിൽ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടർച്ചയായാണ്, ഇന്ന് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ മൈസൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി. ഹേമന്ത കുമാർ ഓണററി ഡോക്ടറേറ്റ് ബിരുദം അമ്മയ്ക്ക് സമർപ്പിച്ചത്. ബഹു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാർ ചൗബേ, ബഹു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ള, ബഹു. മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ലിംഗരാജ ഗാന്ധി തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചsങ്ങിൽ സംബന്ധിച്ചു.
രണ്ടാമത്തെ തവണയാണ് അമ്മയ്ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് – ബഫല്ലോ അമ്മയ്ക്ക് ‘ഓണററി ഡോക്ടറേറ്റ് ഇൻ ഹ്യൂമൻ ലെറ്റേഴ്സ്’ നൽകി ആദരിച്ചിരുന്നു.