ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )
‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും’ എന്നും മറ്റും കുട്ടികളോടു നമ്മള്‍ പറയാറുണ്ടു്. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു ലോകത്തു കണ്ണിനു കാഴ്ചയുള്ളവരെ കാണുവാന്‍ സാധിക്കുകയേ ഇല്ലായിരുന്നു! എന്നാല്‍ ഈ ചെറിയ ഒരു കള്ളവാക്കുകൊണ്ടു കുട്ടികളില്‍ കള്ളം പറയുന്ന സ്വഭാവം വളര്‍ത്താതിരിക്കാന്‍ സാധിക്കും. ‘പരസ്യം പതിക്കരുതെ’ന്ന ഒരു വരി പരസ്യം കൊണ്ടു മറ്റു പരസ്യങ്ങള്‍ തടയാന്‍ കഴിയുന്നതു പോലെ. വലുതായിക്കഴിയുമ്പോള്‍ ഈ പറയുന്നതു സത്യമല്ലെന്നറിഞ്ഞാലും കള്ളം പറയുന്നതു തെറ്റാണെന്നു് അവന്‍ സ്വയം മനസ്സിലാക്കിക്കഴിയും.
മതങ്ങളില്‍ എന്തെങ്കിലും അന്ധമായുണ്ടെങ്കില്‍ അതു സാധാരണക്കാരിലെ ദുര്‍ബ്ബലതയെ മാറ്റാന്‍വേണ്ടി മാത്രമാണെന്നു കാണുവാന്‍ ബുദ്ധിക്കു തിളക്കം വന്നവര്‍ക്കേ കഴിയൂ; സൂക്ഷ്മയുക്തിക്കേ കഴിയൂ. മതബോധം ഉള്‍ക്കൊണ്ടു നീങ്ങുമ്പോള്‍ നമ്മില്‍ ഈശ്വരനോടുള്ള ഭയഭക്തി ക്രമേണ ഈശ്വരപ്രേമമായി വളരുന്നു. സര്‍വ്വരിലും ഈശ്വരനാണു കുടികൊള്ളുന്നതെന്നുള്ള ബോധം സര്‍വ്വജീവരാശികളെയും സ്നേഹിക്കുവാന്‍ നമുക്കു പ്രാപ്തിതരുന്നു. പണ്ടു്, പത്തും നുറും പേരാണു് ഒരു കുടുംബത്തില്‍ ഒന്നിച്ചു സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിച്ചുപോന്നതു്. എന്നാല്‍ ഇന്നു മൂന്നുപേരുള്ള കുടുംബത്തില്‍പ്പോലും മൂവരും മൂന്നു വഴിക്കാണു്. പരസ്പരധാരണയോ ഐക്യമോ ഇല്ല.
പണ്ടു്, കുടുംബങ്ങളിലും സമൂഹത്തിലും നിലനിന്നിരുന്ന പരസ്പര സ്നേഹത്തെക്കുറിച്ചും അവരനുഭവിച്ചിരുന്ന ശാന്തിയെപ്പറ്റിയും ഓര്‍ത്താല്‍ത്തന്നെ സന്തോഷം കൊണ്ടു കണ്ണുനിറയും. അതൊക്കെ സ്വപ്നം കാണുവാനേ ഇനി സാധിക്കൂ. അന്നു് അങ്ങനെ ഒരു സമൂഹം നിലനിന്നിരുന്നുവെങ്കില്‍ അതിനു് ഒരു പ്രധാനകാരണം മതത്തിനു്, ജീവിതത്തിലും സമൂഹത്തിലും കല്പിച്ചിരുന്ന പ്രമുഖസ്ഥാനമായിരുന്നു. ഞാനും നീയും ഭിന്നരാണെന്നുള്ള ദ്വൈതഭാവന വെടിയാനാണു മതം പറയുന്നതു്. മനുഷ്യനിലെ ആന്തരികപ്രകൃതിയെ ബാഹ്യപ്രകൃതിയുമായി സ്നേഹത്തിന്റെ കണ്ണികൊണ്ടു് ഇണക്കി ച്ചേര്‍ക്കുകയാണു മതം ചെയ്യുന്നതു്.