ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മതം എന്താണു പറയുന്നതു് ? (……തുടർച്ച )

മനുഷ്യനു സ്വാര്‍ത്ഥത ഏറിയപ്പോള്‍ മറ്റുള്ളവയുടെ വേദനയെക്കുറിച്ചു ചിന്തിക്കാതായി. നമ്മള്‍ ആഹാരം കഴിക്കുന്നതിനുമുന്‍പു ചെടികള്‍ക്കു വെള്ളമൊഴിച്ചോ, പശുവിനു തീറ്റ കൊടുത്തോ, അയല്‍പക്കത്തുകാര്‍ പട്ടിണിയാണോ എന്നൊക്കെ ഇന്നാരു ചിന്തിക്കുന്നു ? കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം, കുടുംബാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും
നിലനിര്‍ത്തിയിരുന്നു. എണ്ണവിളക്കില്‍ നിന്നുയരുന്ന പുകയും
കാവിലെ ഔഷധച്ചെടികളില്‍ തട്ടിവരുന്ന ഇളംകാറ്റും ഏകാഗ്രതയോടുള്ള പ്രാര്‍ത്ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ ദുഷിച്ച അന്തരീക്ഷം ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തിയതു കാരണം, മന:സംഘര്‍ഷം ഒഴിവാക്കുവാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടുവാനും നമ്മുടെ പൂര്‍വ്വികര്‍ക്കു സാധിച്ചു.

എന്നാല്‍ ഇന്നോ? ഏറിയാല്‍ ഒരു കലണ്ടര്‍പടം വച്ചു് അതിന്റെ മുന്നില്‍ ഒരു ബള്‍ബു കത്തിക്കും. വീട്ടിലുള്ളവര്‍ ത്രിസന്ധ്യാനേരത്തും ടി. വിയില്‍ സിനിമകള്‍ കാണും. ടി.വിയിലെ പരിപാടികള്‍ എല്ലാം മോശമാണെന്നല്ല; നല്ലവയും ഉണ്ടു്. എന്നാല്‍ മിക്കതും മനസ്സിനെ ദുഷിപ്പിക്കുന്നതും അത്യാഗ്രഹവും അസൂയയും സ്പര്‍ദ്ധയും വളര്‍ത്തുന്നവയുമാണു്. സിനിമകള്‍ കണ്ടിട്ടു് അതിലെ വീടും നായികയുടെ സാരിയും നായകന്റെ കാറും വേണമെന്നാഗ്രഹിക്കുന്നവരാണു മിക്കവരും. അതു കിട്ടാതെ വരുമ്പോള്‍ നൈരാശ്യമായി. അതു വെറും സാങ്കല്പികലോകം മാത്രമാണെന്ന കാര്യംതന്നെ മറക്കുന്നു. ടി. വിയും സിനിമകളും മറ്റും കണ്ടിട്ടു മോഷണത്തിനും, കൊലപാതകത്തിനുമുള്ള പ്രേരണ കുട്ടികളില്‍ വര്‍ദ്ധിക്കുന്നതല്ലാതെ മുതിര്‍ന്നവരെ ബഹുമാനിക്കുവാനോ, ആദരിക്കുവാനോ ആരും തയ്യാറായിക്കാണുന്നില്ല.

എന്നാല്‍ മതതത്ത്വം ഉള്‍കൊണ്ടു ജീവിക്കുന്നവര്‍ അങ്ങനെയായിരുന്നില്ല. ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’ എന്നാണു് അവര്‍ ആദ്യം പഠിക്കുന്നതു്. മാതാപിതാക്കളെയും ഗുരുജനങ്ങളെയും വന്ദിക്കാനും അനുസരിക്കാനുമുള്ള സംസ്‌കാരമാണു് അവര്‍ക്കു ലഭിച്ചതു്. മുതിര്‍ന്നവരെ അനുകരിച്ചു പ്രകൃതിയെ സ്നേഹിക്കാനും അതിനോടിണങ്ങി ജീവിക്കാനും കുട്ടികള്‍ക്കു കഴിഞ്ഞു. മുറ്റത്തെ മുല്ലയ്ക്കു വെള്ളമൊഴിക്കാനും പശുവിനെ അഴിച്ചു പുല്ലു തീറ്റുവാനും സന്ധ്യാദീപം കൊളുത്തി നാമംചൊല്ലുവാനും അവരെ പ്രത്യേകം പഠിപ്പിക്കേണ്ടി വന്നില്ല. ‘ബുദ്ധിജീവി’ ചമഞ്ഞുനടക്കുന്നവര്‍ അന്ധവിശ്വാസമെന്നു പറഞ്ഞു പുച്ഛിക്കുമെങ്കിലും യുക്തിയായി ചിന്തിക്കുകയാണെങ്കില്‍ മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യസമൂഹത്തിന്റെയും നന്മയെമാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു കാണുവാന്‍ പ്രയാസമില്ല. (തുടരും ………..)