ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്?

അമ്മ : മതത്തില്‍ ഇല്ലാത്തതൊന്നും ശാസ്ത്രത്തില്‍ക്കാണുവാന്‍ കഴിയില്ല. മതം പ്രകൃതിയെ സംരക്ഷിക്കുവാന്‍തന്നെയാണു് പറയുന്നതു്. സര്‍വ്വതിനെയും ഈശ്വരനായിക്കണ്ടു സ്നേഹിക്കാനും സേവിക്കാനുമാണു മതം നമ്മെ പഠിപ്പിക്കുന്നതു്. മലകളെയും വൃക്ഷങ്ങളെയും വായുവിനെയും സൂര്യനെയും പശുക്കളെയും നദികളെയും മറ്റും ഓരോ രീതിയില്‍ ആരാധിച്ചിരുന്നു. പാലിനെ ആശ്രയിച്ചാല്‍ മോരും തൈരും വെണ്ണയും എല്ലാം കിട്ടും എന്നു പറയുന്നതുപോലെ, മതത്തില്‍നിന്നു നമുക്കു വേണ്ടതെല്ലാം ലഭിക്കും.


പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.

മതത്തില്‍പ്പറയുന്ന ഭയഭക്തി, നമ്മെ ഭയപ്പെടുത്തുവാനുള്ളതല്ല, നമ്മില്‍ ശ്രദ്ധ വളര്‍ത്താന്‍ വേണ്ടിയുള്ളതാണു്. ഏതു കര്‍മ്മവും ശരിയായ ഫലത്തിലെത്തണമെങ്കില്‍ ശ്രദ്ധ വേണം. ശ്രദ്ധയുണ്ടെങ്കിലേ ക്ഷമയുണ്ടാവുകയുള്ളൂ. ക്ഷമയുള്ളവൻ്റെ കര്‍മ്മമേ ശരിയായ കര്‍മ്മമാവുകയുള്ളൂ. ഈശ്വരനോടുള്ള ഭയഭക്തിയെന്നതുകൊണ്ടു നിങ്ങള്‍ എന്താണു ഭാവനചെയ്യുന്നതു്? അമ്മയുടെ ലോകത്തില്‍ ഈശ്വരനോടുള്ള ഭയഭക്തിയെന്നാല്‍; അദ്ധ്യാപകനോടുള്ള ബഹുമാനവും ഒരമ്മയോടുള്ള ബന്ധവും ഇതു രണ്ടുംകൂടി ചേരുന്നതാണു്. ഈ ഒരു ഭാവമാണു നമുക്കു പരമാത്മാവിനോടു വേണ്ടത്. അതു കേവലം ഭയമല്ല; നമ്മിലെ വിവേകബുദ്ധിയെ വളര്‍ത്തുന്ന തത്ത്വമാണു്. ചീത്തക്കര്‍മ്മം ചെയ്താല്‍ അതിൻ്റെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നു പറയുന്നതു്, നമ്മിലെ വിവേകശക്തിയെ ഉണര്‍ത്താന്‍ വേണ്ടിയാണു്. അല്ലാതെ; വാളും ഗദയുമായി വന്നു് നമ്മുടെ കൈവെട്ടാന്‍, എവിടെയെങ്കിലും മുകളില്‍ ഒരു സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഈശ്വരന്‍ വരുമെന്നല്ല. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണു് ഈശ്വരൻ്റെ വാസം. പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ചു് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണു പൂജിക്കുന്നതു്.

‘നിന്നില്‍ വൈരക്കല്ലുണ്ടു്. അതു് അജ്ഞാനമാകുന്ന എണ്ണയില്‍ വീണുകിടക്കുന്നതിനാല്‍ തിളക്കം നഷ്ടമായിരിക്കുന്നു. അതിൻ്റെ തിളക്കം വീണ്ടെടുക്കൂ. നീ നിന്നിലേക്കു നോക്കൂ, നീയാരാണെന്നറിയൂ. അഹങ്കാരത്തെ വെടിഞ്ഞു് നിൻ്റെ ബോധത്തെ ഉണര്‍ത്തൂ. നിൻ്റെ ധര്‍മ്മം എന്താണെന്നറിയൂ. നീ അഞ്ചോ, ആറോ അടിയില്‍ ഒതുങ്ങുന്ന ഒരു മനുഷ്യനല്ല; അനന്തമായ ആ തത്ത്വം തന്നെയാണു്. അതു മനസിലാക്കി ജീവിക്കൂ’ എന്നാണു മതം പറയുന്നതു്. പൂച്ചയെക്കണ്ടാല്‍ പേടിച്ചോടുന്ന എലിക്കുഞ്ഞിനെ പ്പോലെയാകാതെ മൃഗരാജനായ സിംഹത്തെപ്പോലെയാകാനാണു നാം ശ്രമിക്കേണ്ടതു്. അതാണു മതം പഠിപ്പിക്കുന്നതു്. മതം ശക്തിയുടെ മന്ത്രമാണു്. മതം മനുഷ്യനിലെ മദത്തെക്കളയാനുള്ള തത്ത്വമാണു്.

(തുടരും…….)