‘ശുചിത്വം ഈശ്വരത്വമാണ്. പ്രകൃതിദത്തമായ ഒന്നിനെയും മോടിപിടിപ്പിക്കേണ്ട കാര്യമില്ല. അതിന് അറ്റകുറ്റപണികളും ആവശ്യമില്ല. കാടിനും കടലിനും മലകൾക്കും നദികൾക്കുമൊക്കെ പ്രകൃതിദത്തമായ സൗന്ദര്യമുണ്ട്. അതൊന്നും ദിവസവും തൂത്തുവാരി വൃത്തിയാക്കേണ്ട കാര്യമില്ല. മനുഷ്യനാണ് അവയൊക്കെ വൃത്തികേടാക്കുന്നത്. പക്ഷേ, മനുഷ്യൻ സൃഷ്ടിക്കുന്നതെന്തും ദിവസവും വൃത്തിയാക്കണം; അറ്റകുറ്റപണികളും ചെയ്യണം. എന്നാൽ, നമ്മുടെ പൊതുസ്ഥലങ്ങളേയും അവിടെയുള്ള മൂത്രപ്പുരകളെയും കക്കുസുകളെയും നമ്മുടെ നിരത്തുകളേയും നമ്മൾ ഏതാണ്ട് പൂർണ്ണമായും അവഗണിച്ച മട്ടിലാണ്. വൃത്തിയില്ലായ്മയുടെ പേരിൽ നമ്മുടെ രാജ്യത്തിന്നുണ്ടാക്കിയ അപമാനം കുറച്ചൊന്നുമല്ല.

കോമൺവെൽത്ത് ഗെയിംസ്സിൽ കായികതാരങ്ങൾക്ക് താമസിക്കാനൊരുക്കിയ ഇടങ്ങൾപോലും മുറുക്കിത്തുപ്പിയും ചപ്പുചവറുകളിട്ടും നമ്മൾ വൃത്തികേടാക്കുന്നു. അത് വിദേശചാനലുകളിൽ കാണിച്ച് നമ്മളെ പരിഹസിക്കുന്നു. വിദേശത്തെ പത്രമാസികളിൽ നമ്മുടെ റോഡുകളുടേയും പൊതുസ്ഥലങ്ങളുടേയും വൃത്തിയില്ലായ്മയെ വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ വന്നു. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

ഭാരതം ആണവശക്തിയാണ്. സമ്പത്തികരംഗത്തും ശാസ്ത്രസാങ്കേതിരംഗത്തും ഭാരതം മുന്നേറുന്നു. 2025ൽ ഭാരതം ലോകത്തിലെതന്നെ മൂന്നാമത്തെ ശക്തിയാകും എന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, പരിസരവൃത്തിയുടെ കാര്യത്തിൽ ഇപ്പോഴും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണു് അവസ്ഥ. ജനിച്ച നാടിന്റെ ആത്മാഭിമാനത്തെ കുത്തി മുറിവേല്പിക്കുമ്പോൾ ഹൃദയം വേദനിക്കണം, ‘ഈ അവസ്ഥ ഇല്ലാതാക്കാൻ എനിക്കെന്തു ചെയ്യാൻ കഴിയും’ എന്ന് ആത്മാർത്ഥമായി ചിന്തിക്കണം. നമ്മളാൽ കഴിയുന്ന കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കണം. പത്രം,ടി.വി. ചാനലുകളുടെ സംഭാവന ഇക്കാര്യത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കും എന്നു ഞാൻ വിശ്വസിക്കുന്നു.’

കേരളത്തിൽ മുഴുവൻ ശുചീകരണത്തിന്റെ ഒരു പുതിയ അദ്ധ്യായം തുറക്കുമെന്നും ഇതിനായി സന്നദ്ധപ്രവർത്തകർക്കു സൈക്കിളും വിദ്യാർത്ഥികൾക്കു പത്തു ലക്ഷം തൂവാലകളും നല്കുമെന്നു് 57-മത് ജൻമദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തവേ അമ്മ പറഞ്ഞു.