27/09/2010, അമൃതപുരി
ഒൻപതു ഭാരതീയഭാഷകളിലായി ആരംഭിച്ച മാതാ അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക ഭാരതീയഭാഷാ അന്തർജാലങ്ങൾ (വെബ്‌സൈറ്റ്) ബിഷപ്പ് മാർ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു. മലയാളം, തമിഴ്, കന്നട, തെലുങ്ക്, മാറാഠി, ഹിന്ദി, പഞ്ചാബി, ബംഗാളി, സംസ്‌കൃതം തുടങ്ങിയ ഭാഷകളലാണ് അന്തർജാലങ്ങൾ ഇപ്പോൾ ലഭ്യമാവുക.
അൻപതിയേഴു വയസ്സുകൊണ്ടു നൂറു വയസ്സിന്റെ പ്രവർത്തനം നടത്തിയ അമ്മയെ സാധാരണമായതു് അസാധാരണമാക്കുന്നതു എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. ‘സാധാരണക്കാരെ അസാധാരണക്കാരാക്കുന്ന എല്ലാ വിദ്യകളും അമ്മയുടെ കൈയിലുണ്ടു്’ എന്നു ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ ക്രിസോസ്റ്റം പറഞ്ഞു.
നർമ്മോക്തി നിറഞ്ഞ പ്രഭാഷണത്തിൽ തന്നെപ്പോലെ അല്ല അമ്മയെന്നു കിസോസ്റ്റം തിരുമേനി പറഞ്ഞു. ‘ഞങ്ങളൊക്കെ പ്രസംഗിക്കുകയേയുള്ളൂ. അമ്മയ്ക്കു പ്രസംഗം കുറവും പ്രവൃത്തി കൂടുതലുമാണു്. തനിക്കു അമ്മയോടു് ഒരു അപേക്ഷയേയുള്ളൂ. ആറാറു മാസം കൂടുമ്പോൾ മഠം മാറ്റി സ്ഥാപിക്കണം. എന്നാൽ കേരളം മുഴുവൻ വികസിക്കുമെന്നു ക്രിസോസ്റ്റം പറഞ്ഞു. സമൂഹം അധഃപതിക്കുന്ന എന്നു പറയുന്നവരോടു തനിക്കു പറയാനുള്ളതു്, അമ്മയില്ലായിരുന്നുവെങ്കിൽ സമൂഹംതന്നെ കാണുകയില്ലായിരുന്നുവെന്നു’ മാർ ക്രിസോസ്റ്റം ഓർമ്മിപ്പിച്ചു.