27/09/2010, അമൃതപുരി
അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ സേവനത്തിനു അമ്മയോടു രാജ്യം കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ജന്മം നമ്മുടെ പുണ്യമാണു് മന്ത്രി പറഞ്ഞു.
വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.