അമൃതപുരി, 27/09/2010

ജഗത്ഗുരുശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പിറന്നാളിനോടനുബന്ധിച്ച് നൽകുന്ന അമൃതകീർത്തി പുരസ്‌കാരത്തിന് കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. പി ഉണ്ണിയെ തിരഞ്ഞെടുത്തു. വൈദികവൈജ്ഞാനിക ആദ്ധ്യാത്മിക താന്ത്രിക മേഖലകളിലെ പണ്ഡിത പ്രതിഭകളെ ആദരിക്കാൻ മഠം ഏർപ്പെടുത്തിയ അമൃതകീർത്തി പുരസ്‌കാരം, അമ്മയുടെ 57-മത് ജന്മദിനത്തിൽ കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: എൻ.പി. ഉണ്ണിക്കു കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അമ്മയുടെ കൈകളിൽ നിന്ന് ഏറ്റുവാങ്ങി സമ്മാനിച്ചു.

‘ശേഷിച്ച ജീവിതം ആദ്ധ്യാത്മിക പുരോഗതിക്കായി സമർപ്പിക്കുകയാണെന്ന് വാഗ്ദാനം ചെയ്യുന്നു. അതിനായി അമ്മ വേണ്ടവിധം എന്നെ നയിക്കണം’ എന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി നന്ദിപ്രകാശിപ്പിച്ചുകൊണ്ട് ഡോ: ഉണ്ണി പറഞ്ഞു.

ആദ്ധ്യാത്മിക, ദാർശനിക, വൈജ്ഞാനിക സാഹിത്യത്തിന് സമഗ്ര സംഭാവനകൾ നൽകുന്നവർക്കാണ് അമൃതകീർത്തി പുരസ്‌കാരം നൽകുന്നത്. 123456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അമൃതകീർത്തി പുരസ്‌കാരം.

സംഭാവനകൾ

ഭാരതീയസംസ്‌കാരത്തിന്റെ അനഘരത്‌നഖനിയായ സംസ്‌കൃതത്തിന്റെ മുത്തുകളും രത്‌നങ്ങളും പാശ്ചാത്യസംസ്‌കൃതിക്കു പരിചിതമാക്കിയ ഡോ: ഉണ്ണി നാല്പതിലേറെ പ്രൗഡഗ്രന്ഥങ്ങളുടെ കർത്താവാണു്.

തന്ത്രപദ്ധതിയേക്കുറിച്ചും തന്ത്രത്തേക്കുറിച്ചും ഇംഗ്ലീഷിൽ രചിച്ച ഗ്രന്ഥം, കേരള തന്ത്രസാഹിത്യത്തിന്റെ ആംഗലേയ വിവർത്തനവും പഠനവും, ശങ്കരസ്മൃതി വിവർത്തനവും പഠനവും തുടങ്ങിയ ഗ്രന്ഥങ്ങൾ പൗര്യസ്ത്യ പാശ്ചാത്യ സംസ്‌കാരങ്ങളെ വിളക്കിചേർക്കുന്ന കണ്ണികളായി. കൗടില്യന്റെ അർഥശാസ്ത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പഠനവും, മൂന്നോളം വാല്യങ്ങളായി പ്രസിദ്ധീകരിച്ച അർഥശാസ്ത്രവ്യാഖ്യാനം എന്നിവ ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ ഏറെ ആദരവ് പിടിച്ചുപറ്റി.

കാളിദാസന്റെ സമ്പൂർണ്ണ കൃതികൾ ആംഗലേയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഡോ. ഉണ്ണി, മലയാളഭാഷയിലും ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗണേശപുരാണം (മലയാളപരിഭാഷ), 108 ഉപനിഷത്തുകളുടെ മലയാളപരിഭാഷ, ശ്രീമദ് ദേവീഭാഗവതം (ടിപ്പണിയോടുകൂടി), 70ഓളം പുരാണങ്ങളുടെ സംക്ഷിപ്ത വിവരണമായ പുരാണസർവ്വസ്വം തുടങ്ങിയവ അതിൽ ചിലതുമാത്രം.

വിവിധ സർവകലാശാലകളിൽ ഡോ.ഉണ്ണി വിസിറ്റിംഗ് പ്രൊഫസറായും 12ഓളം സർവകലാശാലകളിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ സംസ്‌കൃതിയെക്കുറിച്ചുള്ള 150ഓളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 വർഷത്തെ അദ്ധ്യാപന രംഗത്തെ സേവനത്തിനിടയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഡോ. ഉണ്ണി സംസ്‌കൃതഭാഷ പകർന്നുനൽകി.

ജീവിതം

ശ്രീ വല്ലഭന്റെ (തിരുവല്ല) തിരുമുറ്റത്തുനിന്നും ശ്രീ പത്മനാഭ സന്നിധിയിലേയ്ക്കുള്ള (തിരുവനന്തപുരം) യാത്രയിൽ ഡോ. എൻ.പി.ഉണ്ണിയ്ക്ക് സൂര്യ തേജസ്സായി വഴികാട്ടിയത് സംസ്‌കൃതഭാഷ മാത്രമായിരുന്നു. സംസ്‌കൃതത്തിന്റെ കൈപിടിച്ച് പ്രകാശത്തിലേക്ക് നടന്നപ്പോൾ പടിഞ്ഞാറൻ നാടുകൾക്ക് ദേവനാഗരിക ഭാഷയുടെ സത്തയും സൗന്ദര്യവും പകർന്നു നൽകാൻ അദ്ദേഹത്തിനു സാധിച്ചു.

1936 ജനവരി 26ന് തിരുവല്ലയിലാണ് അദ്ദേഹം ജനിച്ചത്. 1958ൽ സംസ്‌കൃതം ബി.ഏ. ഓണേഴ്‌സ് പാസ്സാവുന്നത് സ്വർണ്ണ തിളക്കത്തോടെ ഒന്നാം റാങ്ക് നേടിയാണ്. 1972ൽ കേരള സർവ്വകലാശാലയിൽ സംസ്‌കൃതം റീഡറായി. 80മുതൽ 96വരെ അവിടെ സംസ്‌കൃത വിഭാഗം മേധാവിയായി സേവനം അനുഷ്ഠിച്ചു. ശ്രീശങ്കരന്റെ പാദമുദ്ര പതിഞ്ഞ കാലടിയിലെ സംസ്‌കൃത സർവ്വകലാശാലയുടെ മുഴുവൻസമയ വൈസ്ചാർസിലറായി 96മുതൽ 2000വരെ സേവനം അനുഷ്ഠിച്ചു.