അമൃതപുരി, സെപ്തംബർ 22,
സംസ്ഥാന ഗവൺമെന്റുകളുടെയും മറ്റു സംഘടനകളുടെയും പിന്തുണയും സഹകരണവുമുണ്ടെങ്കിൽ ഭാരതത്തിലുടനീളമുള്ള സ്‌കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാൻ മഠം തയ്യാറാണെന്നു് അമ്മ പറഞ്ഞു. ‘ഭാരതം വളരുന്നു, വികസിക്കുന്നു എന്നാണു പറയുന്നതു്. പക്ഷേ, പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ നമ്മൾ ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിലാണു്. നമ്മുടെ റോഡുകളുടെയും പൊതുസ്ഥലങ്ങളിലെ കുളിമുറികളുടെയും കക്കൂസുകളുടെയും വൃത്തിയില്ലായ്മ അതിനു തെളിവാണു്’ അമ്മ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ റോഡുകളും പൊതുസ്ഥലങ്ങളും പബ്ലിക് ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും അവർ പരമാവധി വൃത്തിയായിട്ടാണു സൂക്ഷിക്കുന്നതു്. അതു കാണുമ്പോൾ ഭാരതത്തിലെ നിരത്തുകളുടെയും പബ്ലിക് ടോയ്‌ലറ്റുകളുടെയും ശോചനീയാവസ്ഥയെക്കുറിച്ചു ദുഃഖം തോന്നാറുണ്ടു്. വഴിവക്കിൽനിന്നു മൂത്രമൊഴിക്കുന്നതും പൊതുനിരത്തിലും നടപ്പാതകളിലും തുപ്പുന്നതും ഇന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ ശീലങ്ങളാണു്. ചവറ്റുകൊട്ടകൾ വച്ചിട്ടുണ്ടെങ്കിലും ചപ്പുംചവറും അവശിഷ്ടങ്ങളും അതിൽ നിക്ഷേപിക്കുന്ന ശീലവും നമുക്കില്ല. അതു നടുറോഡിലോ വഴിവക്കിലോ വലിച്ചെറിയും.
പരിസരവൃത്തി ശുചിത്വം ഇവ വികാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണു്. ഇതു നടപ്പാക്കാൻ നല്ല തോതിൽ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും റോഡിന്റെ വശങ്ങളിലും പരിസരവൃത്തിയെ കുറിച്ചോർമ്മിപ്പിക്കുന്ന സൂചനാഫലകങ്ങൾ ആവശ്യത്തിനു വയ്ക്കണം. ടി.വി., പത്രമാധ്യമങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഇതിന്റെ വിജയത്തിലേക്കു് ആവശ്യമാണെന്നും അമ്മ പറഞ്ഞു.
സംസ്ഥാന സർക്കാരുകളും സ്‌കൂൾ മാനേജ്‌മെന്റുകളും നാട്ടുകാരും സഹകരിച്ചാൽ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും പബ്ലിക് ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ മാതാ അമൃതാനന്ദമയീ മഠം തയ്യാറാണെന്നു് അമ്മ അറിയിച്ചു.
കൃത്യമായി രൂപരേഖ തയ്യാറാക്കി വേണ്ടപോലെ ആസൂത്രണം ചെയ്തു്, വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. കേരളത്തിലായിരിക്കും ഈ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുക. ക്രമേണ മറ്റു ഭാരത സംസ്ഥാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.