26-09-2009, അമൃതപുരി
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ശ്രീ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത ‘വിദ്യാമൃതം’ 2007 സെപ്റ്റംബറിലാണ് ആരംഭിച്ചത്. കേരളം, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുട്ടികളും ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുട്ടികളും ഈ പദ്ധതിയുടെ ഗുണ ഭോക്താക്കളായി.

വിദ്യാമൃതം വിദ്യാസഹായ നിധി ലഭിക്കുന്ന കുട്ടികളുടെ സംഗമം ‘വിദ്യാമൃത സംഗമം 2009’ സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ അമൃതപുരിയില്‍ നടന്നു. വിദ്യാമൃത ഗുണഭോക്താക്കള്‍ക്കായി വിവിധ ജില്ലകളില്‍ നടന്ന മത്സരങ്ങളുടെ അവസാന ഘട്ടം അമൃതപുരിയില്‍ നടന്നു.

അമൃതവിശ്വവിദ്യാപീഠം അങ്കണത്തില്‍ തയ്യാറാക്കിയ പ്രൗഢഗംഭീരമായ പന്തലിലാണ് ചടങ്ങുകള്‍ നടന്നത്. കൃത്യം 4.30ന് അമ്മയ്‌ക്കൊപ്പം എത്തിയ വിശിഷ്ട അതിഥികളെ വിവിധ നിറങ്ങളിലുള്ള റിബണ്‍ വീശി കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ബഹു. കേരള ഗവര്‍ണര്‍ ആര്‍. എസ് ഗവായ് വിദ്യാമൃത സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ജഗത്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ മഹനീയ സാന്നിധ്യം അനുഗ്രഹവര്‍ഷമായി. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗത വചനം അരുളി. ‘ത്യാഗത്തിന് മറുവാക്കായി കാരുണ്യത്തെ വളര്‍ത്തിയെടുക്കുകയല്ല അമ്മ ചെയ്യുന്നത്. സ്വന്തം കണ്‍കോണുകളിലെ മിഴിനീര്‍ തുടയ്ക്കുന്നതുപോലെയാണ് അമ്മ മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും ഏറ്റെടുക്കുന്നത്’. അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രം സ്വാമി ചെറിയ വാക്കുകളില്‍ വരച്ചുകാട്ടി.

മാതാ അമൃതാനന്ദമയി മഠം നല്‍കിയ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് എത്തിയ പതിനായിരക്കണക്കിന് കുട്ടികള്‍ ആഹ്ലാദത്തിന്റെ തിരകള്‍ ഉണര്‍ത്തി. വിദ്യാമൃതത്തിന്റെ പുതിയ ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് അന്‍പത് കുട്ടികള്‍ക്ക് ബഹു. മന്ത്രി വയലാര്‍ രവി, ഭരത് മോഹന്‍ലാല്‍ എന്നിവര്‍ വിദ്യാ സഹായധനം വിതരണം ചെയ്തു.

അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് വിലപ്പെട്ടതാണെന്ന് ശ്രീ വയലാര്‍ രവി ചൂണ്ടിക്കാട്ടി. മണ്‍മറഞ്ഞ തന്റെ പത്‌നിയ്ക്ക് അമ്മയോടുണ്ടായിരുന്ന ആദരവും ബഹുമാനവും അദ്ദേഹം അനുസ്മരിച്ചു. വിദ്യാമൃത സഹായനിധി വിതരണം ചെയ്തുകൊണ്ട് പ്രശസ്ത ചലചിത്ര താരം ഭരത് മോഹന്‍ലാല്‍ തുടര്‍ന്ന് സംസാരിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കായി അമ്മ നടത്തുന്ന നിസ്തുല സേവനങ്ങള്‍ എല്ലാവരും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാമൃത ഗുണഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സമ്മാനാർഹരായവർക്ക് ബഹു. ഗവർണർ ആർ എസ് ഗവായ് സമ്മാനങ്ങൾ നൽകി. അമ്മയുടെ ജീവകാരുണ്യ പ്രവർത്തനമായ വിദ്യാമൃതം പദ്ധതിയുടെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ തന്റെ ജന്മസ്ഥലമായ വിദർഭയിൽ നിന്നാണ് എന്ന് നന്ദിപൂർവ്വം സ്മരിച്ചു. വിദർഭയുടെ നൊമ്പരങ്ങൾ അകറ്റാൻ അമ്മ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കരുണയുടെ നറും നിലാവായ അമ്മ ‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുത്തിരുന്ന പതിനായിരങ്ങൾ ഇതേറ്റു ചൊല്ലിയപ്പോൾ ലോക ശാന്തിയ്ക്കുള്ള അമ്മയുടെ മറ്റൊരു ശ്രമംകൂടി പൂവിടുന്നത് കാണാൻ സാധിച്ചു. ദേശീയ ഗാനാലാപനത്തോടെ സമ്മേളനം പര്യവസാനിച്ചു.

സമ്മേളനാനന്തരം കുട്ടികൾ ഏറെക്കാത്തിരുന്ന നിമിഷം സമാഗതമായി. നവരാത്രിനാളിൽ തങ്ങൾക്ക് വിദ്യാസഹായനിധി നൽകിയ, പുത്തൻ വസ്ത്രം നൽകിയ അമ്മയുടെ അനുഗ്രഹവർഷത്തിനായി അവർ അമ്മയ്ക്ക് ചുറ്റും എത്തി. കുട്ടികളുമായി സംവദിക്കുന്ന അമ്മ വേറിട്ട കാഴ്ച്ചയായി. അമ്മ നേതൃത്വം നൽകിയ ഭജനയിൽ കുട്ടികൾ ഏറ്റുപാടി. തുടർന്ന് അമ്മയുടെ ദർശനവും ഉണ്ടായിരുന്നു.