ചോദ്യം : ഗുരുവിനോടൊത്തു താമസിച്ചിട്ടും പതനം സംഭവിച്ചാല്‍, അടുത്ത ജന്മത്തില്‍ രക്ഷിക്കാന്‍ ഗുരുവുണ്ടാകുമോ?

അമ്മ: എപ്പോഴും ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക. അവിടുത്തെ പാദങ്ങളില്‍ത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. പിന്നെ എല്ലാം ഗുരുവിൻ്റെ ഇച്ഛപോലെ എന്നു കാണണം. ഒരു ശിഷ്യന്‍ ഒരിക്കലും പതനത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കില്‍ അതവൻ്റെ ദുര്‍ബ്ബലതയെയാണു കാണിക്കുന്നതു്. അവനു തന്നില്‍ത്തന്നെ വിശ്വാസമില്ല. പിന്നെ എങ്ങനെ ഗുരുവില്‍ വിശ്വാസമുണ്ടാകും? ആത്മാര്‍ത്ഥതയോടെ അവിടുത്തോടു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്നു് ഒരിക്കലും കൈവിടില്ല. ശിഷ്യനു ഗുരുവിങ്കല്‍ പൂര്‍ണ്ണശരണാഗതിയാണു് ആവശ്യം.

ചോദ്യം : യഥാര്‍ത്ഥ ഗുരുസേവ എന്നാലെന്താണു്?

അമ്മ: ‘ഗുരു’ എന്നുപറഞ്ഞാല്‍ വെറും ഒരു വ്യക്തിയല്ല, ചൈതന്യമാണു്. അവിടുന്നു പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ഈ ഒരു ബോധമാണു ശിഷ്യനുണ്ടായിരിക്കേണ്ടതു്. എങ്കില്‍ മാത്രമേ അവനു് ആദ്ധ്യാത്മികമായി ഉയരുവാന്‍ കഴിയൂ. ശിഷ്യന്‍ ഒരിക്കലും ഗുരുവിൻ്റെ സ്ഥൂലശരീരത്തില്‍ മാത്രം ബന്ധിച്ചു നില്ക്കാന്‍ പാടില്ല. സര്‍വ്വചരാചരങ്ങളെയും ഗുരുവായിക്കണ്ടുകൊണ്ടു്, ഭക്തിപൂര്‍വ്വം സേവിക്കുവാനുള്ള വിശാലത ശിഷ്യന്‍ നേടണം. പക്ഷേ, ശിഷ്യനു ഗുരുവിനോടുള്ള ബന്ധംകൊണ്ടാണു വിശാലത നേടുവാന്‍ കഴിയുന്നതു്. ഗുരുവിൻ്റെ വാക്കും പ്രവൃത്തിയും കേട്ടും കണ്ടും വളരുന്ന ശിഷ്യൻ്റെ മനസ്സു് അവനറിയാതെതന്നെ ആ ഭാവത്തിലേക്കുയരും. എന്നാല്‍ വെറും സ്വാര്‍ത്ഥത മാത്രം വച്ചുകൊണ്ടു ഗുരുവിൻ്റെ സ്ഥൂലസാമീപ്യത്തിനു മാത്രം ആഗ്രഹിക്കുന്നവൻ്റെ സേവ യഥാര്‍ത്ഥ ഗുരുസേവയല്ല. ഒരു നിമിഷംപോലും ഗുരുവിൻ്റെ സാമീപ്യത്തില്‍നിന്നും മാറി നില്ക്കാന്‍ വയ്യാത്തത്ര ബന്ധവും വേണം. അതേസമയം തന്നെത്തന്നെ മറന്നും മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനുള്ള വിശാലതയും ഉണ്ടായിരിക്കണം. അതു ഗുരുവിനെന്ന ഭാവത്തോടെ ചെയ്യുവാന്‍ കഴിയണം. അവനാണു ശരിയായ ഗുരുതത്ത്വം ഉള്‍ക്കൊണ്ട ശിഷ്യന്‍. അവൻ്റെ കൂടെ ഗുരു എപ്പോഴും കാണും.

മാവോ മറ്റു ഫലവൃക്ഷങ്ങളോ കാണുമ്പോള്‍ നമ്മുടെ ശ്രദ്ധ പോകുന്നതു തടിയിലല്ല, അതില്‍നിന്നുള്ള ഫലത്തിലാണു്. പക്ഷേ, ആ വൃക്ഷത്തെ ശുശ്രൂഷിക്കാതിരിക്കുന്നുമില്ല. അതുപോലെ ഗുരു വെന്നു പറയുന്നതു ശരീരമല്ല, വ്യാപ്തമായ ചൈതന്യമാണു്. എന്നാല്‍ ഈ ബോധമുണ്ടെങ്കിലും, ശിഷ്യനു ഗുരുസേവയെന്നാല്‍, തൻ്റെ ജീവനെക്കാളും വലുതാണു്. ഗുരുവിനുവേണ്ടി സ്വന്തം ജീവന്‍ വെടിയാന്‍പോലും അവന്‍ തയ്യാറാണു്. ശിഷ്യൻ്റെ ഉള്ളിലെ ഗുരുസങ്കല്പം, വെറും സങ്കുചിതമായ വ്യക്തിത്വത്തിലൊതുങ്ങുന്നില്ല. സര്‍വ്വ ജീവരാശികളിലും ശിഷ്യന്‍ അവൻ്റെ ഗുരുവിനെ ദര്‍ശിക്കുന്നു. ഇതുമൂലം ആര്‍ക്കു ചെയ്യുന്ന സേവനവും ശിഷ്യനു ഗുരുശുശ്രൂഷയാണു്. അതില്‍ അവന്‍ തൃപ്തനും ആനന്ദവാനുമാണു്.