ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഏതു മാര്‍ഗ്ഗമാണു് ഇന്നത്തെ കാലഘട്ടത്തില്‍ അനുയോജ്യമായതു്?

അമ്മ: മോനേ, ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ചു എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല. ‘സമത്വം യോഗമുച്യതേ’ എന്നാണു ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. സര്‍വ്വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണ്ണത പറയുവാന്‍ പറ്റുകയുള്ളൂ. സര്‍വ്വതിലും നല്ലതുമാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രം കാണുന്നതുപോലെ, അതിലെ മാധുര്യം നുകരുന്നതുപോലെ, എല്ലായിടത്തും എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവനേ സാക്ഷാത്കാരത്തിനു് അര്‍ഹനാകുന്നുള്ളൂ.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണ്ണമായും മറക്കുവാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്ന ബോധം ഉറയ്ക്കണം. ഈശ്വരനു പ്രതേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടെയും ഹൃദയത്തിലാണു് അവിടുന്നു വസിക്കുന്നതു്. പക്ഷേ, എല്ലാവിധത്തിലുമുള്ള മമതാബന്ധത്തെ, ശരീരബോധത്തെ മാറ്റിയെടുക്കണം. അതു മാത്രമേ വേണ്ടതുള്ളൂ. ആത്മാവിനു ജനനമില്ല, മരണമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അതോടെ നമ്മിലുറയ്ക്കും. മരണഭയം പോയി മറയും. ഉള്ളില്‍ ആനന്ദം നിറയും.
സാധകന്‍ ഏതു സാഹചര്യത്തെയും ക്ഷമയോടെ സ്വാഗതം ചെയ്യുവാനുള്ള ഒരു മനസ്സു് വളര്‍ത്തിയെടുക്കണം. തേനില്‍ ഉപ്പു വീണാല്‍ വീണ്ടും വീണ്ടും തേന്‍ പകര്‍ന്നു ഉപ്പുരസം മാറ്റിയെടുക്കാം. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ ഞാനെന്ന ഭാവത്തെ സച്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരശ്രമം ആവശ്യമാണു്. ഇങ്ങനെ മനസ്സു ശുദ്ധമാകുമ്പോള്‍, ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാന്‍ നമുക്കു കഴിയും. ഇതിലൂടെ നാം ആദ്ധ്യാത്മികമായി മുന്നേറിക്കൊണ്ടിരിക്കുകയാണു ചെയ്യുന്നതു്. പക്ഷേ, നാമറിയാറില്ല എന്നു മാത്രം.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണു സാക്ഷാത്കാരം. കാലു തട്ടി മറിഞ്ഞു വീണാല്‍ കണ്ണിന്റെ അശ്രദ്ധയാണെന്നു പറഞ്ഞു കണ്ണു കുത്തിപ്പൊട്ടിക്കാറില്ല. കാലിനെ ആശ്വസിപ്പിക്കും. ഇടതുകൈ മുറിഞ്ഞാലുടനെ വലതുകൈ ആശ്വസിപ്പിക്കാനെത്തും. അതുപോലെ മറ്റൊരാള്‍ തെറ്റു ചെയ്താലും അതു ക്ഷമിച്ചു് അവനിലും തൻ്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണിതു്. അങ്ങനെയുള്ളവനു തന്നില്‍നിന്നു ഭിന്നമായി യാതൊന്നുമില്ല. ഈ ഒരവസ്ഥയിലെത്താതെ സാക്ഷാത്കാരത്തെക്കുറിച്ചു് എന്തു പറഞ്ഞാലും അതു പറച്ചില്‍ മാത്രമാണു്. വാക്കിനു പിറകില്‍ അനുഭവത്തിൻ്റെ ശക്തിയില്ല. പക്ഷേ, ഈ ഒരു ബോധതലത്തിലേക്കു് ഒരുവന്‍ ഉയരണമെങ്കില്‍, അനുഭൂതിതലത്തിലറിയണമെങ്കില്‍ സദ്ഗുരുവിൻ്റെ സഹായം കൂടാതെ സാദ്ധ്യമല്ല. അതിനാകട്ടെ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക എന്നുള്ളതില്‍ കവിഞ്ഞു യാതൊന്നും ചെയ്യുവാനില്ല