ചോദ്യം : ഒരുവന്‍ സാക്ഷാത്കാരത്തിനെക്കാള്‍ കൂടുതലായി ഗുരുവിൻ്റെ സേവയ്ക്കായി ആഗ്രഹിച്ചാല്‍ ഗുരു അവനോടൊപ്പം എല്ലാ ജന്മങ്ങളിലും കൂടെയുണ്ടാകുമോ?


അമ്മ: ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതിയടഞ്ഞ ശിഷ്യൻ്റെ ഇച്ഛ അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും ഗുരു കൂടെയുണ്ടാകും. പക്ഷേ, അവന്‍ ഒരു സെക്കന്‍ഡുപോലും വെറുതെ കളയുവാന്‍ പാടില്ല. സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കു പരിമളം നല്കുന്ന ചന്ദനത്തിരിപോലെയായിത്തീരണം. അവൻ്റെ ഓരോ ശ്വാസവും ലോകത്തിനുവേണ്ടിയായിരിക്കും, താന്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും അവന്‍ ഗുരുസേവയായിക്കാണും. മോനേ, ഗുരുവിങ്കല്‍ പൂര്‍ണ്ണ ശരണാഗതി വന്നുകഴിഞ്ഞവനു പിന്നെ ജന്മമില്ല. അഥവാ പിന്നെ ജനിച്ചാല്‍ത്തന്നെ അതു ഗുരുവിൻ്റെ ഇച്ഛയ്ക്കനുസരിച്ചായിരിക്കും.

എന്നാല്‍ ഗുരുക്കന്മാര്‍ പല തരക്കാരുണ്ടു്. പുരാണങ്ങളും ശാസ്ത്രങ്ങളും പഠിച്ചിട്ടു് ഉപദേശം കൊടുക്കുന്നവരുണ്ടു്. അവരും ഗുരുവാണു്. ഏതെങ്കിലും ഒരു പുസ്തകം വായിച്ചിട്ടു് എന്തെങ്കിലും പറഞ്ഞു നടക്കുന്നവരും ഇന്നു ഗുരുവാണു്. എന്നാല്‍ യഥാര്‍ത്ഥ ഗുരു ഇതൊന്നുമല്ല. തപസ്സിലൂടെ, ത്യാഗത്തിലൂടെ സത്യത്തെ സാക്ഷാത്കരിച്ച ശാസ്ത്രം പറയുന്ന ആ പരമാവസ്ഥയെ അനുഭൂതിതലത്തിലറിഞ്ഞ ആളാണു യഥാര്‍ത്ഥ ഗുരു. പുറമെ നോക്കിയാല്‍ മറ്റുള്ളവരില്‍നിന്നും വലിയ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, യഥാര്‍ത്ഥ ഗുരുവില്‍നിന്നുള്ള പ്രയോജനം ഗുരു ചമയുന്നവരില്‍നിന്നു ലഭിക്കില്ല. കാശ്മീരിലെ തണുത്ത കാലാവസ്ഥയില്‍ വളരുന്ന ആപ്പിള്‍ മരത്തില്‍ നിറയെ ആപ്പിളായിരിക്കും. ആയിരക്കണക്കിനു കാണും. മറ്റു കാലാവസ്ഥയിലും ആപ്പിള്‍ വളര്‍ന്നെന്നു വരും. പക്ഷേ, ആയിരം പോയിട്ടു് ആറു് ആപ്പിളെങ്കിലും കിട്ടിയെന്നു വരില്ല. ഇങ്ങനെയുള്ള മരങ്ങള്‍ക്കധികം ആയുസ്സും കാണില്ല. സദ്ഗുരുക്കമാര്‍ നല്ല കാലാവസ്ഥയില്‍ വളര്‍ന്നു വേണ്ടുവോളം ഫലം തരുന്ന ആപ്പിള്‍മരംപോലെയാണു്. പുറമേക്കു വലിയ ധാടിയും മോടിയും കാട്ടുന്നവരുടെ ഉള്ളില്‍ വലിയ കഴമ്പൊന്നും കാണണമെന്നില്ല. അങ്ങനെയുള്ളവരെ ആശ്രയിച്ചാല്‍ വേണ്ട പ്രയോജനം കിട്ടില്ല. പത്തു വാട്ടിൻ്റെയും ആയിരം വാട്ടിൻ്റെയും ബള്‍ബുകള്‍ തമ്മിലുള്ള വ്യത്യാസം ഇവര്‍ തമ്മിലുണ്ടു്.

യഥാര്‍ത്ഥ ഗുരുക്കന്മാരുടെ സാന്നിദ്ധ്യംതന്നെ നമ്മില്‍ ആനന്ദം പകരും. നമ്മുടെ വാസനകളെ ക്ഷയിപ്പിക്കും.
സദ്ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ വാക്കുകളില്‍ മാത്രമൊതുങ്ങുന്നില്ല. അവരുടെ വാക്കുകള്‍, പ്രവൃത്തികളില്‍ കാണാന്‍ കഴിയും. അവരുടെ ജീവിതം നോക്കിയാല്‍ ശാസ്ത്രം മുഴുവന്‍ കാണുവാന്‍ സാധിക്കും. പ്രത്യേകിച്ചൊരു ശാസ്ത്രവും പഠിക്കേണ്ട കാര്യമില്ല. അവര്‍ മഹാത്യാഗികളാണു്. ചോക്ലേറ്റുകൊണ്ടോ കല്ക്കണ്ടംകൊണ്ടോ ഒരു രൂപമുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണു സദ്ഗുരുക്കന്മാര്‍. മാധുര്യം മാത്രമേയുള്ളൂ, കളയേണ്ടതായി യാതൊന്നുമില്ല. അവര്‍ ലോകോദ്ധാരണം മാത്രം ലക്ഷ്യമാക്കി ജന്മമെടുത്തിട്ടുള്ളവരാണു്. അവര്‍ വ്യക്തികളല്ല. ആദര്‍ശമാണു്. ആ മാര്‍ഗ്ഗത്തില്‍ നീങ്ങുക മാത്രമേ വേണ്ടൂ. നമ്മുടെ ജ്ഞാനക്കണ്ണു തുറപ്പിച്ചു് അന്ധകാരം നീക്കിത്തരുന്നതു് ഈ മഹാഗുരുക്കന്മാരാണു്.

ഈശ്വരന്‍ സര്‍വ്വതിലും സര്‍വ്വരിലും സ്ഥിതിചെയ്യുന്നുണ്ടു്. എന്നാല്‍ നമ്മുടെ തെറ്റിനെ തിരുത്തി അവിടുത്തെ ലോകത്തിലേക്കു നമ്മളെ ഉയര്‍ത്തി വിടുന്നതു സദ്ഗുരുവാണു്. അതുകൊണ്ടാണു ഗുരുതന്നെ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എന്നു പറയുന്നതു്. മോനേ, ഈശ്വരതത്ത്വത്തിനും അപ്പുറമാണു സദ്ഗുരുവിനുള്ള സ്ഥാനം. അങ്ങനെയുള്ള ഒരു സദ്ഗുരുവിനെ കിട്ടിക്കഴിഞ്ഞാല്‍പ്പിന്നെ അവന്‍ സാക്ഷാത്കാരത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല. ജന്മങ്ങളെക്കെുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ഗുരുവിൻ്റെ ഓരോ പാതയും പിന്തുടര്‍ന്നാല്‍ മതി. ഗുരുവിൻ്റെ സമീപത്തിലെത്തിയതോടെ കുളം നദിയോടു ചേര്‍ന്നതുപോലെ നദി സമുദ്രത്തില്‍ ലയിച്ചതുപോലെ അവന്‍ ചേര്‍ന്നു കഴിഞ്ഞു. എത്തേണ്ടിടത്തു് അവന്‍ എത്തിക്കഴിഞ്ഞു. പിന്നീടെല്ലാം ഗുരു നോക്കിക്കൊള്ളും. ഗുരു അവനെ ലക്ഷ്യത്തിലെത്തിച്ചുകൊള്ളും. ആത്മാര്‍ത്ഥമായി അവിടുത്തെ പാദങ്ങളില്‍ തന്നെ സമര്‍പ്പിക്കുക, അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. ഗുരു ശിഷ്യനെ ഒരിക്കലും കൈവെടിയില്ല.