ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

മോനേ, കുടയിലെ ബട്ടണ്‍ അമരുമ്പോള്‍ കുട നിവരുകയാണു്. വിത്തു മണ്ണിനടിയില്‍ പോകുന്നതുകൊണ്ടാണു് അതു വളര്‍ന്നു വൃക്ഷമാകുന്നതു്. കെട്ടിടം പണിയുമ്പോള്‍ അസ്തിവാരം എത്ര താഴേക്കു പോകുന്നുവോ, അതിനനുസരിച്ചു നിലകള്‍ പണിതുയര്‍ത്താം. ഇതുപോലെ നമ്മിലെ വിനയവും വിശാലതയുമാണു നമ്മുടെ ഉന്നതിക്കു നിദാനം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു.

ആദ്ധ്യാത്മികത്തിൻ്റെ ലക്ഷ്യവും ഹൃദയത്തിൻ്റെ വികാസമാണു്. കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. മോനേ, യുക്തിക്കും ബുദ്ധിക്കും അപ്പുറമാണു് ആത്മതത്ത്വം. പഞ്ചസാര എത്ര കഴിച്ചാലും മധുരം എത്രമാത്രമുണ്ടെന്നു പറയുവാന്‍ കഴിയില്ല. അനന്തമായ ആകാശത്തെ വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ക്കു കഴിയില്ല. പുഷ്പത്തിനു സുഗന്ധം എത്രയുണ്ടെന്നു കണക്കു കൂട്ടിപ്പറയുവാന്‍ സാധിക്കില്ല. ഇതുപോലെ വാക്കുകള്‍ക്കപ്പുറമായ ഒരു തത്ത്വമാണു് ആദ്ധ്യാത്മികം. അതനുഭവമാണു്. അതിൻ്റെ മാധുര്യം നുകരണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.

മോന്‍ ഒരു കഥ കേട്ടിട്ടില്ലേ? ഒരിടത്തു ഒരു കര്‍ഷകന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിനു വെളിയില്‍ നില്ക്കുമ്പോള്‍ ആളുകള്‍ കൂട്ടംകൂട്ടമായി പോകുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ”ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ടു്. അതു കേള്‍ക്കാന്‍ പോകുകയാണു്.” ഗീതാപ്രവചനം കേള്‍ക്കണമെന്നു് ആ കര്‍ഷകനു് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ കൂടെചെന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം മുഴുവന്‍ ആളുകളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞു നാറിയ കീറിയ വസ്ത്രം. പോരാത്തതിനു ദേഹം മുഴുവന്‍ ചെളിയും. ആ സാധുവിനെ വാതില്ക്കല്‍നിന്നവര്‍ അകത്തേക്കു കടത്തിവിട്ടില്ല. കര്‍ഷകനു വലിയ വിഷമമായി. ‘ഭഗവാനേ, നിൻ്റെ കഥ കേള്‍ക്കാനാണു ഞാന്‍ വന്നതു്. എന്നെ ഇവര്‍ കടത്തിവിടുന്നില്ലല്ലോ. ഭഗവാനേ നിൻ്റെ കഥ കേള്‍ക്കുവാന്‍ എനിക്കര്‍ഹതയില്ലേ, ഞാനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്നുകൊണ്ടു് അവിടുത്തെ കഥ കേട്ടുകൊള്ളാം.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്നു. പക്ഷേ, പ്രവചനമൊന്നും മനസ്സിലാകുന്നില്ല. സംസ്‌കൃതഭാഷ. സാധുവിനു ദുഃഖം സഹിക്ക വയ്യാതെയായി. ”ഓ! ഭഗവാനേ, എനിക്കങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ. ഞാനത്രയ്ക്കു പാപിയാണോ എൻ്റെ ഭഗവാനേ…” ആ സാധു കര്‍ഷകന്‍ ഹൃദയംപൊട്ടി വിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ മുന്നിലുള്ള പന്തലിലെ ഒരു വലിയ ചിത്രം കണ്ണില്‍പ്പെട്ടു. ഭഗവാന്‍ കൃഷ്ണൻ്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജ്ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാൻ്റെ തിരുമുഖത്തു ദൃഷ്ടികളൂന്നി കണ്ണുനീര്‍ വാര്‍ത്തു് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നിരുന്നുവെന്നു് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞു് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്കു മടങ്ങി. അടുത്ത ദിവസവും പ്രവചനസ്ഥലത്തു വന്നു. ഭഗവാൻ്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണുനീര്‍ വാര്‍ക്കുക അതു മാത്രമാണു ലക്ഷ്യം. മൂന്നാമത്തെ ദിവസവും വന്നു് അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തുതന്നെയിരുന്നു. ഭഗവാൻ്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു ഭഗവദ്‌രൂപം കണ്ടുകൊണ്ടങ്ങനെ ഇരുന്നു. തന്നെത്തന്നെ മറന്നിരുന്നു.

പ്രവചനമെല്ലാം കഴിഞ്ഞു കേള്‍വിക്കാര്‍ പിരിഞ്ഞുപോയി. പ്രവചനം നടത്തിയ ശാസ്ത്രി ഇറങ്ങിവരുമ്പോള്‍ പന്തലിനു മുന്നിലുള്ള മാവിന്‍ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിനു് അതിശയമായി. ”പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍മാത്രം എന്താണു് ഇവിടെയിരുന്നു കരയുന്നതു്? എൻ്റെ പ്രവചനം അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചുവോ?” ശാസ്ത്രി കര്‍ഷകൻ്റെ അടുത്തു ചെന്നു. കര്‍ഷകനു യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കര്‍ഷകൻ്റെ ചുറ്റും നിറഞ്ഞ ശാന്തി. ശാസ്ത്രി കര്‍ഷകനെ വിളിച്ചുണര്‍ത്തി.
”എൻ്റെ പ്രവചനം നിനക്കു് അത്രമാത്രം ഇഷ്ടപ്പെട്ടോ?”
ശാസ്ത്രിയുടെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു, ”അങ്ങു് എന്താണു പറഞ്ഞതെന്നു് എനിക്കു മനസ്സിലായില്ല. സംസ്‌കൃതം എനിക്കറിയില്ല. പക്ഷേ, ഭഗവാൻ്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം സഹിക്കാനാകുന്നില്ല. തേരില്‍നിന്നു പിന്നിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞതു്! പിറകിലേക്കു നോക്കി നോക്കി അവിടുത്തെ പിടലി എത്ര കണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം.” ഇത്രയും പറഞ്ഞതോടെ ആ സാധുവിനു സാക്ഷാത്കാരം കിട്ടിയെന്നാണു്. കാരുണ്യം, നിഷ്‌കളങ്കഹൃദയം അതാണു് ആ സാധുവിനെ സാക്ഷാത്കാരത്തിനു് അര്‍ഹനാക്കിയതു്. കര്‍ഷകൻ്റെ കണ്ണുനീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച ശാസ്ത്രിയുടെയും കൂട്ടരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തി ശാസ്ത്രിക്കനുഭവപ്പെട്ടു.

മോനേ, ശാസ്ത്രിയും വലിയ ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്‌കളങ്കനായ ആ സാധുകര്‍ഷകനാണു ഭക്തിയുടെ മാധുര്യം അനുഭവിക്കാന്‍ കഴിഞ്ഞതു്. സാക്ഷാത്കാരത്തിനര്‍ഹനായതു്. തനിക്കു വേണ്ടിയല്ലാത്ത കാരുണ്യം, അതാണു് ആ സാധുവില്‍ കണ്ടതു്. സങ്കടം തൻ്റെ കാര്യത്തിലല്ല, ഭഗവാൻ്റെ കഷ്ടതയോര്‍ത്താണു്. നമ്മളൊക്കെ ഒരു ക്ഷേത്രത്തില്‍പ്പോയാല്‍ ‘എനിക്കിന്നതൊക്കെ ഉണ്ടാകണേ, അയലത്തുകാരനു ശിക്ഷ കിട്ടണേ എന്നെ കുറ്റം പറയുന്നവനെ നല്ല പാഠം പഠിപ്പിക്കണേ’ ഇതൊക്കെയായിരിക്കും മനസ്സിലെ ചിന്ത. എന്നാല്‍ ഈ കര്‍ഷകനു് എല്ലാറ്റിനുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെ’ന്ന ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണു്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ ആ വ്യക്തിത്വം അവിടെ നഷ്ടമായി, പരാഭക്തിയായി. അതാണു് ഏറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റെല്ലാവരെക്കാളും ഹൃദയത്തിനാര്‍ദ്രത ആ സാധുകര്‍ഷകനാണുണ്ടായിരുന്നതു്. അതിൻ്റെ ഫലമോ? താനറിയാതെ തന്നില്‍, ആനന്ദം നിറഞ്ഞു. തൻ്റെ അടുത്തെത്തിയവര്‍ക്കും ശാന്തി പകരാന്‍ സാധിച്ചു. മോനേ, ഈശ്വരനെ ഹൃദയം കൊണ്ടാണറിയാന്‍ ശ്രമിക്കേണ്ടതു്. അവിടുന്നു ഹൃദയത്തിലാണു പ്രകാശിക്കുന്നതു്. അവിടുന്നു ഹൃദയനിവാസിയാണു്.

അമ്മയുടെ വാക്പ്രവാഹം മൗനസാഗരമണഞ്ഞു. ആനന്ദമധു തുളുമ്പുന്ന നയനകമലങ്ങള്‍ മെല്ലെ കൂമ്പി. ഹര്‍ഷബാഷ്പം കാരുണ്യത്തിൻ്റെ കപോലങ്ങളില്‍ ആര്‍ദ്രത പടര്‍ത്തി. ചുറ്റുമുണ്ടായിരുന്നവര്‍ക്കു് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. മാര്‍ക്കു് നിശ്ശബ്ദനായി. ധ്യാനനിമഗ്നനായി. മിക്കവരും ജോലി നിര്‍ത്തി അമ്മയുടെ സമീപം വന്നിരുന്നു. ആനന്ദഘനമായ ആ അന്തരീക്ഷത്തില്‍ സര്‍വ്വരുടെയും ചിന്തകളടങ്ങി, അലിഞ്ഞില്ലാതെയായി. പറഞ്ഞറിയിക്കാനാവാത്ത ഭാവാനുഭൂതിയില്‍ മനസ്സു് വിലയം പ്രാപിച്ചു.