ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ?

അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. പക്ഷേ, പശുവിനു് ഒരു അനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്തു് ഒരു അടി കൊടുത്തു. എന്നിട്ടും അതേ നില്പുതന്നെ. അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണു്, ‘ഞാന്‍ ദിവസവും വന്നു പശുവിൻ്റെ കയര്‍ അഴിക്കാറുണ്ടു്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ടു കയര്‍ അഴിച്ചില്ല. കയറഴിക്കുന്നതുപോലെ കാട്ടിയാലോ?’ അയാള്‍ പശുവിൻ്റെ കയറെടുത്തു കുറ്റിയില്‍നിന്നും അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തുകഴിഞ്ഞതും പശു ഒരു എതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്നും ഇറങ്ങി. നമ്മുടെ സ്ഥിതിയും ഇതുതന്നെ. ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തിലാണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം. അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബദ്ധനല്ല എന്ന ബോധമൊന്നു് ഉറച്ചു കിട്ടിയാല്‍ മതി. പക്ഷേ, ഇതൊന്നു മാറിക്കിട്ടാന്‍, ശരിയായ ബോധമുറച്ചു കിട്ടാന്‍ ഗുരുവിൻ്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ത്ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നുവെന്നല്ല. നമ്മള്‍ ബദ്ധരല്ലെന്നു ഗുരു നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ടഴിക്കേണ്ടതുള്ളൂ.

വെള്ളത്തിലെ ഓളമടങ്ങിയാല്‍ മാത്രമേ സൂര്യൻ്റെ പ്രതിബിംബം കാണുവാന്‍ കഴിയൂ. അതുപോലെ മനസ്സിൻ്റെ ഓളമടങ്ങിയാല്‍ മാത്രമേ ആത്മാവിൻ്റെ പ്രതിബിംബം ദര്‍ശിക്കാന്‍ സാധിക്കൂ. പുത്തനായി ഒരു പ്രതിബിംബത്തെ കൊണ്ടുവരേണ്ടതില്ല. അലകള്‍ അടക്കിയാല്‍ മാത്രം മതി. വെറും കണ്ണാടിയില്‍ വസ്തുക്കളെ പ്രതിബിംബിച്ചു കാണാന്‍ പറ്റുകയില്ല. പിന്നില്‍ രസം പുരട്ടിയിരിക്കണം. അതുപോലെ നമ്മില്‍ നിഷ്‌കാമത്തിൻ്റെ രസം പരന്നാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയൂ.

എന്നാല്‍ അഹങ്കാരഭാവം ഇരിക്കുന്നിടത്തോളം കാലം നിഷ്‌കാമഭാവം ഉണ്ടാവുക സാദ്ധ്യമല്ല. ആ അഹങ്കാരഭാവത്തെ കളയുന്നതിനു വേണ്ട സാഹചര്യങ്ങളിലൂടെ ഗുരു ശിഷ്യനെ നയിക്കുന്നു. അഹങ്കാരത്തെ അരിഞ്ഞരിഞ്ഞു വീഴ്ത്താന്‍ അവനു സാധിക്കുന്നു. ഗുരുവിൻ്റെ സാമീപ്യവും അവിടുന്നു കിട്ടുന്ന സത്സംഗവും മൂലം ശിഷ്യനില്‍ അവനറിയാതെതന്നെ ക്ഷമ വളരും. ക്ഷമ പരിശീലിക്കേണ്ട സാഹചര്യങ്ങളില്‍ ഗുരു ശിഷ്യനെ നിയോഗിക്കും. ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ക്കൂടി നയിക്കും. ഒട്ടും ഇഷ്ടമില്ലാത്ത ജോലികള്‍ അവനു നല്കും. അതവനില്‍ ദേഷ്യമുണ്ടാക്കും. അനുസരണക്കേടുകാട്ടും. അപ്പോള്‍ ഗുരു വേണ്ട സത്സംഗം കൊടുക്കും. അതവനെ മനനം ചെയ്യാന്‍ പ്രേരിപ്പിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി അവന്‍ അവനില്‍ത്തന്നെ കണ്ടെത്തും. അങ്ങനെ ഓരോ സാഹചര്യത്തില്‍ക്കൂടി ഗുരു ശിഷ്യനിലെ ദുര്‍ബ്ബലതകളെ അകറ്റുന്നു. അവനെ ശക്തനാക്കിത്തീര്‍ക്കുന്നു. അതിലൂടെ അവനു് അഹങ്കാരത്തെയും അതിജീവിക്കാന്‍ കഴിയുന്നു. ഗുരുവിനെ നാം ആശ്രയിക്കുന്നതു് അഹങ്കാരത്തെ കളയുവാന്‍വേണ്ടിയാണു്. ശംഖില്‍നിന്നു മാംസം പോയിക്കഴിഞ്ഞാലേ നാദം ഉയരൂ. അതുപോലെ നമ്മിലെ ഞാന്‍ പോകാതെ ആത്മീയലക്ഷ്യത്തിലെത്താനാവില്ല. അതിനാല്‍ അവിടുത്തോടു പൂര്‍ണ്ണശരണാഗതി അടയുക. പരിപൂര്‍ണ്ണ സമര്‍പ്പണം വന്നു കഴിഞ്ഞാല്‍പ്പിന്നെ അവിടെ ഞാനില്ല അവിടുന്നു മാത്രം. ആ അവസ്ഥയെ വാക്കാല്‍ വിവരിക്കാന്‍ കഴിയില്ല.

ഗുരുവിൻ്റെ മുന്നിലെത്തിയിട്ടും ‘എൻ്റെ സാക്ഷാത്കാരം’ എന്ന ചിന്തയുമായിട്ടാണു നീങ്ങുന്നതെങ്കില്‍ അതിനര്‍ത്ഥം ഗുരുവിനോടു സമര്‍പ്പണം വന്നിട്ടില്ല എന്നാണു്. ഗുരുവിനോടുള്ള വിശ്വാസം പൂര്‍ണ്ണമായിട്ടില്ല എന്നാണു്. അങ്ങനെയുള്ളവര്‍ക്കു് ആദ്ധ്യാത്മികത്തില്‍ ഉയരാന്‍ കഴിയില്ല. ഗുരുവിൻ്റെ മുന്നിലെത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാ ചിന്തകളും വെടിഞ്ഞു് അവിടുത്തെ വാക്കു പൂര്‍ണ്ണമായും അനുസരിക്കുക. അതു മാത്രമേ ശിഷ്യന്‍ ചെയ്യേണ്ടതുള്ളൂ. സാക്ഷാത്കാരത്തിനുള്ള ആഗ്രഹംകൂടി ഗുരുവിങ്കല്‍ സമര്‍പ്പിച്ചു ഗുരുവിനോടുള്ള അനുസരണ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നവനാണു യഥാര്‍ത്ഥ ശിഷ്യന്‍. അവനുള്ളതാണു പൂര്‍ണ്ണത. അവൻ്റെ അവസ്ഥയെക്കുറിച്ചു പറയുവാന്‍ വാക്കുകളില്ല.