ചോദ്യം : ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്കുന്നതു കാണാം. പക്ഷേ, ബുദ്ധിയല്ലേ പ്രധാനം? ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ സാധിക്കും?

അമ്മ: മോനേ, ബുദ്ധി ആവശ്യമാണു്. ബുദ്ധി വേണ്ട എന്നു് അമ്മ ഒരിക്കലും പറയില്ല. പക്ഷേ, നല്ലതു ചെയ്യേണ്ട സമയങ്ങളില്‍ പലപ്പോഴും ശരിയായ ബുദ്ധി നമ്മില്‍ പ്രവര്‍ത്തിക്കാറില്ല. സ്വാര്‍ത്ഥതയാണു മുന്നില്‍ നില്ക്കുന്നതു്. വിവേകബുദ്ധി വരാറില്ല.

ബുദ്ധിയും ഹൃദയവും വാസ്തവത്തില്‍ രണ്ടല്ല. വിവേകബുദ്ധിയുണ്ടെങ്കില്‍ വിശാലത താനേ വരും. വിശാലതയില്‍നിന്നു നിഷ്കളങ്കതയും വിട്ടുവീഴ്ചയും വിനയവും പരസ്പരസഹകരണവും ഉണ്ടാകും. ആ വിശാലതയുടെ വാക്കുതന്നെയാണു ഹൃദയം എന്നതു്. ജീവിതത്തില്‍ ‘ഹൃദയം’ എന്ന വാക്കു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കു് ഒരു കുളിര്‍മ്മ അനുഭവപ്പെടുന്നു. എന്നാലിന്നു മിക്കവരിലും ബുദ്ധി മാത്രമേ കാണുന്നുള്ളൂ. വിവേകബുദ്ധി കാണാനില്ല. നമ്മിലുള്ളതു ശരിയായ ബുദ്ധിയല്ല, അഹങ്കാരബുദ്ധിയാണു്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നതു് ഈ അഹങ്കാരബുദ്ധിയാണു്. അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളല്‍നിന്നു് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികത്തിലായാലും ഭൗതികത്തിലായാലും ഈ വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല.

അമ്മ ഒന്നു ചോദിക്കട്ടെ, മോന്‍ വീട്ടില്‍ ഒരു നിയമം വയ്ക്കുകയാണു്. എൻ്റെ ഭാര്യ ഇന്ന രീതയില്‍ ജീവിക്കണം, ഇന്ന രീതിയില്‍ വേണം സംസാരിക്കുവാന്‍, ഇന്ന രീതിയില്‍ വേണം പെരുമാറുവാന്‍. കാരണം അവളെൻ്റെ ഭാര്യയാണു്. ഈ ചിട്ടകളനുസരിച്ചു ഭാര്യ ജീവിക്കണം എന്നുവച്ചാല്‍ വീട്ടില്‍ ശാന്തിയുണ്ടാകുമോ? ഇല്ല. മോന്‍ ഓഫീസില്‍നിന്നും നേരെ വീട്ടില്‍ വന്നു. ഭാര്യയോടും കുട്ടികളോടും ഒരു വാക്കുമുരിയാടുന്നില്ല. ഓഫീസറുടെ ഭാവത്തില്‍തന്നെ മുറിയില്‍ ചെന്നിരുന്നു് ഓഫീസുകാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ വീട്ടിലുള്ളവര്‍ക്കു് അതിഷ്ടമാകുമോ? ഇതെൻ്റെ രീതിയാണെന്നു പറഞ്ഞാല്‍ അവര്‍ക്കുള്‍ക്കൊള്ളുവാന്‍ സാധിക്കുമോ? വീട്ടില്‍ ശാന്തിയുണ്ടാകുമോ? അതേ സമയം വീട്ടിലെത്തി ഭാര്യയോടു കുശലങ്ങള്‍ ചോദിച്ചു്, കുട്ടികളൊടൊത്തു് അല്പസമയം ചെലവഴിച്ചു്, ഇങ്ങനെയൊക്കെയാകുമ്പോള്‍ ഈ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും. കുടുംബത്തില്‍ ശാന്തി നിറയും. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചും സഹിച്ചും നീങ്ങിയാല്‍ വീട്ടില്‍ ശാന്തിയും സന്തോഷവും കളിയാടും. ഭാര്യയോടു സ്നേഹമുള്ളതുകൊണ്ടാണു നമ്മള്‍ അവരുടെ കുറവുകള്‍ സാരമാക്കാത്തതു്. അവര്‍ അഥവാ തെറ്റു ചെയ്താലും പിന്നെയും നമ്മള്‍ സ്നേഹിക്കും. അവിടെ ഹൃദയത്തിനല്ലേ പ്രാധാന്യം കൊടുക്കുന്നതു്? ഭാര്യയുമായി ഒരു ഹൃദയൈക്യം ഉള്ളതുകൊണ്ടല്ലേ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ കഴിയുന്നതു്? ഈ ഒരു ഭാവത്തിനാണു് അമ്മ ഹൃദയം എന്നുപറയുന്നതു്. നമുക്കു ജനിക്കുന്ന കുഞ്ഞിനോടു് എങ്ങനെ പെരുമാറണമെന്നു് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകുമോ? നമ്മുടെ ഇഷ്ടത്തിനു കുഞ്ഞു നില്ക്കുമോ? അവനു നിര്‍ബ്ബന്ധബുദ്ധിയില്ലേ? കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവൻ്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും ക്ഷമിക്കുന്നു. അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെയും ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം പകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു.

കുടുംബത്തില്‍ സന്തോഷത്തോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ സാധിക്കുന്നതു്, ഹൃദയം പങ്കിടുന്നതുകൊണ്ടു മാത്രമാണു്. ഹൃദയത്തിൻ്റെ സ്ഥാനം ബുദ്ധി കൈയടക്കിയാല്‍ നമുക്കു് ആനന്ദം നുകരാന്‍ പറ്റില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്ക്കാം. ‘ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്കു് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം’ എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, ഇതു കുടുംബത്തില്‍ പറ്റില്ല. ഓഫീസിലാണെങ്കിലും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അഥവാ അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം. ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടു വീഴ്ചയ്ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. വിവേകബുദ്ധി വന്നാല്‍ വിശാലതയും വിട്ടുവീഴ്ചയും താനേ വരും. അവിടെ ഹൃദയത്തിനു പ്രാധാന്യം വരുന്നു. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തില്‍ വരുന്നില്ല. അതിൻ്റെ കുറവാണു ജീവിതത്തിനുള്ളതു്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണു്. ഈ വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ചു് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്കു വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിൻ്റെ ഭാവം വളര്‍ത്തിയാലേ ഈ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ടു്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്തു് ഹൃദയത്തിനു സ്ഥാനം കൊടുക്കുകതന്നെ വേണം.