ശരീരമനോബുദ്ധികളുടെ ശരിയായ ക്രമീകരണത്തിലൂടെ നമ്മുടെ ഉള്ളിലെ അനന്തശക്തികളെ ഉണര്‍ത്താനും സ്വന്തംപൂര്‍ണതയെ സാക്ഷാത്ക്കരിക്കാനുമുള്ള മാര്‍ഗ്ഗമാണുയോഗ. ലോകജീവിതത്തില്‍ നമ്മുടെ കാര്യക്ഷമതയും ആരോഗ്യവും മനഃപ്രസാദവും മൂല്യബോധവും വളര്‍ത്താനും യോഗ പ്രയോജനപ്പെടുന്നു. ഇക്കാരണങ്ങളാല്‍ ജീവിതശൈലീരോഗങ്ങളും മനോജന്യരോഗങ്ങളും ഏറിവരുന്ന ഇക്കാലത്ത് യോഗയുടെപ്രസക്തിയും പ്രചാരവും അനുദിനംവളരുകയാണ്.

അന്താരാഷ്ട്രീയ യോഗാ ദിവസത്തോടനുബന്ധിച്ച് അമേരിക്കയിലെ സാന്റാഫെയിൽ നടന്ന യോഗാദിനാചരണത്തിൽ നിന്ന്

ഭാരതത്തിന്റെ മണ്ണില്‍ വികസിച്ചുവന്ന ഒരു ശാസ്ത്രമെന്നനിലയില്‍ യോഗയുടെ പ്രചാരം ഓരോ ഭാരതീയനിലും അഭിമാനം ഉണര്‍ത്തുന്നു.

സാധാരണ വ്യായാമങ്ങളെ അപേക്ഷിച്ച് യോഗയ്ക്കുള്ള പ്രത്യേക മേന്മയെന്തെന്ന് പലരും ചോദിക്കാറുണ്ട്. ഏതുരീതിയിലുള്ളവ്യായാമവും ശരീരത്തിനുംമനസ്സിനും നിരവധിപ്രയോജനം ചെയ്യുന്നുണ്ട്. എന്നാല്‍ യോഗയിലൂടെ ലഭിക്കുന്നപ്രയോജനങ്ങള്‍ സാധാരണ വ്യായാമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. സാധാരണ വ്യായാമമുറകള്‍ വേഗതയേറിയ ശരീരചലനങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ പോഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യോഗ എല്ലാ അവയവങ്ങളുടെയും വിശ്രാന്തിയിലും പ്രാണശക്തി ശരിയായ ദിശയില്‍ തിരിച്ചുവിടുന്നതിലുമാണ് കൂടുതല്‍ശ്രദ്ധിക്കുന്നത്. ആന്തരികഗ്രന്ഥികള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമതയ്ക്കും രോഗശമനത്തിനും അത് വഴിതെളിയ്ക്കുന്നു. നാഡികള്‍ശുദ്ധമാകുന്നു. മനോബലവും, മനസ്സിന്റെ ഏകാഗ്രതയുംവര്‍ദ്ധിക്കുന്നു. പേശികള്‍ അയവുള്ളതും കരുത്തുറ്റതുമാകുന്നു. സാധാരണ വ്യായാമങ്ങളേക്കാള്‍ അധികം വിഷാദം കുറയ്ക്കാനും സ്ഥായിയായ പ്രസന്നത നിലനിര്‍ത്താനും യോഗ സഹായിക്കുന്നു.

സാധാരണ വ്യായാമങ്ങളില്‍നിന്ന് വ്യത്യസ്തമായിയോഗാസനങ്ങള്‍ സാവകാശം ശ്വാസാത്തില്‍ ശ്രദ്ധിച്ചുകൊണ്ടാണ് ചെയ്യാറ്. അതോടൊപ്പം ശരീരത്തിന്റെ ഓരോ ചലനവും ബോധപൂര്‍വ്വം നിരീക്ഷിക്കുകയും ആവാം. അതിലൂടെമനസ്സിനെ ശാന്തമാക്കുവാനും ധ്യാനത്തിനു തുല്യമായ ഒരു അനുഭവം വളര്‍ത്താനും സാധിക്കുന്നു. അങ്ങനെ ശരീരത്തിനും മനസ്സിനും യോഗ ഒരുപോലെ ഗുണംചെയ്യുന്നു.
സാധാരണ വ്യായാമങ്ങള്‍പോലെ യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ആവശ്യമായ ഒരു കാര്യമല്ല. ഗുരുതരമായ രോഗം ബാധിച്ച ഒരാളുടെ രോഗം ഭേദമാക്കുവാന്‍ മരുന്നിനോടൊപ്പം പഥ്യമായ ആഹാരവും മതിയായ ഉറക്കവുംവിശ്രമവുമെല്ലാം ആവശ്യമാണല്ലോ? അതുപോലെ യോഗ പൂര്‍ണ്ണമാകണമെങ്കില്‍ അച്ചടക്കപൂര്‍ണവുംമൂല്യാധിഷ്ഠിതവുമായ ഒരു ജീവിതരീതിയായി അതുവികസിക്കണം. യോഗ ബോധപൂര്‍വ്വം ചെയ്യുന്നതിലൂടെക്രമേണജിവിതത്തിലെ ഓരോ പ്രവൃത്തിയെയും ബോധത്തോടെ സ്വയം കണ്ടുകൊണ്ടുചെയ്യുവാനും സാധിക്കുന്നു. അങ്ങനെ നമ്മുടെ ചിന്തയിലും മനോവികാരങ്ങളിലും ഗുണപരമായ മാറ്റം സാദ്ധ്യമാകുന്നു. ക്രമേണ ധ്യാനത്തില്‍ കൂടുതല്‍ കൂടുതല്‍ ഏകാഗ്രതകൈവന്ന് സ്വന്തം പൂര്‍ണതയെ അഥവാ ഉണ്‍മയെ സാക്ഷാത്ക്കരിക്കാനും സാധിക്കുന്നു.
യോഗ ആരോഗ്യകരമായ ജീവിതത്തിന്റെയും ആന്തരികവും ബാഹ്യവുമായ ശുചിത്വത്തിന്റേയും സന്ദേശം പരത്തുന്നു. ജാതി മത വര്‍ണ്ണ വിഭാഗീയതകള്‍ക്ക് അതീതമായ ഏകത്വത്തെയും, എല്ലാ ജീവരാശികളോടുമുള്ള അഹിംസയെയും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഇക്കാരണങ്ങളാല്‍ സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളരുവാനും ലോകശാന്തിയ്ക്കുംയോഗയുടെ പ്രചാരം വഴിതെളിക്കും.യോഗയിലൂടെ ശാരീരികവും മാനസികവും ആത്മീയവുമായി കൂടുതല്‍ ഉയര്‍ന്നതലങ്ങളെ സാക്ഷാത്കരിക്കാന്‍ മാനവരാശിക്ക് കഴിയട്ടെ.