ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

ഈ ശരീരത്തെയും ഇന്ദ്രിയങ്ങളെയും രണ്ടു തരത്തില്‍ ഉപയോഗിക്കാം. ഈശ്വരനെ അറിയാനാണു ശ്രമമെങ്കില്‍ നമുക്കു നിത്യമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. മറിച്ചു്, വിഷയസുഖങ്ങള്‍ക്കു പിന്നാലെ മാത്രം പായുകയാണെങ്കില്‍ എരിവുള്ള മുളകില്‍ മധുരം കണ്ടെത്താന്‍ ശ്രമിച്ച ആ യാത്രക്കാരൻ്റെ അനുഭവമായിരിക്കും. തീ ഉപയോഗിച്ചു് ആഹാരം പാകം ചെയ്തു ഭക്ഷിച്ചു ശരീരത്തെ പാലിക്കാം. അതേ തീകൊണ്ടു പുരയും കത്തിക്കാം. വിഷയസുഖങ്ങളുടെ സ്വഭാവം ദുഃഖമാണെന്നറിയാതെ അവയ്ക്കു പിന്നാലെ പായുകയാണെങ്കില്‍ അതിൻ്റെ ബുദ്ധിമുട്ടുകള്‍കൂടി സഹിക്കേണ്ടി വരും. ബാഹ്യസുഖങ്ങളുടെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങിയാല്‍ ദുഃഖിച്ചു തളരേണ്ടി വരില്ല.

കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്ത നിമിഷംതന്നെ താഴേക്കു വീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ സാധിക്കുന്നില്ല. ഇതുപോലെ വസ്തുക്കളുടെ പിന്നാലെ സുഖം കിട്ടുമെന്ന മോഹത്തോടെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യനും ദുഃഖത്തിലാണു ചെന്നുവീഴുന്നതു്. മനസ്സു് സുഖം തേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാറില്ല. പകരം ദുഃഖം മാത്രം. ഇതില്‍നിന്നും മനസ്സിലാക്കേണ്ടതു സുഖം പുറമെയുള്ളതല്ലെന്നുള്ളതാണു്. ലോകവസ്തുക്കളില്‍ സുഖം തേടുന്നതാണു ദുഃഖത്തിനും അശാന്തിക്കും കാരണം. ഇതു വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്നേഹം എങ്ങും കാണാനില്ലാതെയായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതെയായി. ഹൃദയം തുറന്നു സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം ഭര്‍ത്താക്കന്മാര്‍ അന്യസ്ത്രീകളെ മോഹിക്കുന്നു, ഭാര്യമാര്‍ പരപുരുഷന്മാരെയും. മോൻ്റെ രാജ്യത്തെ സ്ഥിതിതന്നെ അറിയാവുന്നതല്ലേ? ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടു സ്വന്തം പുത്രിയെപ്പോലും തിരിച്ചറിയുവാനുള്ള കണ്ണു നഷ്ടമായിരിക്കുന്നു. സഹോദരീസഹോദരസങ്കല്പം കൂടി തകരുന്നു. എത്രയോ കുട്ടികള്‍ കൊല ചെയ്യപ്പെടുന്നു. ഇന്നു ലോകത്തു കാണുന്ന അധര്‍മ്മങ്ങള്‍ക്കു മുഴുവനും കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണു്.

സുഖമൊന്നും പാടില്ലെന്നു അമ്മ പറയുന്നില്ല. എന്നാല്‍ അവയുടെ സ്വഭാവം മനസ്സിലാക്കിയിരിക്കണം. ഒന്നും അമിതമാകരുതു്. ധര്‍മ്മം കൈവിടാന്‍ പാടില്ല. സ്വാര്‍ത്ഥസുഖം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, നാശമായിരിക്കും ഫലം. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണു്. വിശപ്പു സ്വാഭാവികമാണു്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. ഇതു പോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തെ പ്രദാനം ചെയ്യും. അതു നമ്മള്‍ മനസ്സിലാക്കുന്നില്ല. വിഷയങ്ങള്‍ അനുഭവിക്കുമ്പോഴുള്ള സുഖംപോലും യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളില്‍നിന്നു കിട്ടുന്നതാണു്. പട്ടി എല്ലില്‍ക്കടിച്ചു ചോര നുണയും. തൻ്റെ മോണ കീറി വരുന്ന രക്തമാണെന്നതറിയുന്നില്ല. ഒടുവില്‍ രക്തമെല്ലാം വാര്‍ന്നു തളര്‍ന്നു വീഴുന്നു. ഇതുപോലെ നമ്മള്‍ ബാഹ്യസുഖത്തിനുവേണ്ടി പരക്കം പാഞ്ഞു ദുഃഖിതരായി നിരാശരായി തളര്‍ന്നു വീഴുന്നു. വീണ്ടും കുതിക്കുന്നു. വീണ്ടും തളര്‍ന്നു വീഴുന്നു. മോനേ, ബാഹ്യസുഖം മാത്രം അന്വേഷിച്ചുപോയാല്‍ മനഃശാന്തിയോടെ ജീവിക്കാനാവില്ല. അതിനാല്‍ നാം നമ്മിലേക്കു നോക്കാന്‍ പഠിക്കണം. യഥാര്‍ത്ഥ ആനന്ദം അവിടെയാണു്. നമ്മുടെ ഉള്ളിലാണു്. അതു കണ്ടെത്തണം അനുഭവിക്കണം. അതിനു മനസ്സിൻ്റെ ചാട്ടം നിര്‍ത്താതെ സാദ്ധ്യമല്ല. മനസ്സു് നിശ്ചലമാകാതെ പറ്റില്ല. മോനേ, ആഴക്കടലില്‍ തിരയില്ല. അതുപോലെ മനസ്സിൻ്റെ ആഴത്തിലേക്കിറങ്ങിയാല്‍ അതു താനെ നിശ്ചലമാകും. പിന്നെ ആനന്ദം മാത്രം.