ചോദ്യം : അമ്മേ, ഈ പ്രപഞ്ചം മായയാണോ?
അമ്മ: അതേ. പ്രപഞ്ചം മായതന്നെയാണു്. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്കു ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇതു മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെന്നു പറഞ്ഞു. എന്നാലതിലെ നന്മ മാത്രം ഉള്‍ക്കൊണ്ടു ജീവിച്ചാല്‍ അതു നമ്മെ ബന്ധിക്കില്ല. ശരിയായ രീതിയില്‍ മുന്നോട്ടു പോകുവാന്‍ സഹായകമാവുക മാത്രമേയുള്ളൂ.
വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാല്‍ വഴുതി ചെളിയില്‍ വീണു. കാലില്‍ മുഴുവന്‍ ചെളിയായി, നമുക്കതു് അഴുക്കായിട്ടാണു തോന്നിയതു്. ഉടനെതന്നെ നല്ല വെള്ളത്തില്‍ കാലു കഴുകിയതിനു ശേഷമേ യാത്ര തുടരൂ. എന്നാല്‍ അതുവഴി വന്ന ഒരു കുലാലന്‍ ആ ചെളി കണ്ടപ്പോള്‍ അതിന്‍റെ പ്രയോജനത്തെപ്പറ്റി ചിന്തിച്ചു. കുടമുണ്ടാക്കാന്‍ ആ ചെളി നല്ലതാണെന്നു മനസ്സിലാക്കിയ അയാള്‍ ആ ചെളി ഉപയോഗിച്ചു കുടമുണ്ടാക്കി. കുലാലനു് അതഴുക്കായി തോന്നിയില്ല. വിറകൊടിക്കാന്‍ കാട്ടില്‍പ്പോയ സ്ത്രീക്കു ഒരു കല്ലു കിട്ടി. നല്ല ആകൃതിയുള്ള കല്ലായതിനാല്‍ അവരതു അരകല്ലായി ഉപയോഗിച്ചു. എന്നാല്‍ കല്ലുകളുടെ മേന്മ അറിയാവുന്ന ഒരാള്‍ അതു കണ്ടപ്പോള്‍ അതിന്‍റെ ശ്രേഷ്ഠത മനസ്സിലാക്കി. ആ കല്ലു വാങ്ങി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ഫലങ്ങളും രത്‌നങ്ങളും കാഴ്ച്ച വച്ചു പൂജകളര്‍പ്പിച്ചു. അതിന്‍റെ മഹത്ത്വം അറിയാത്തിടത്തോളം അതു വെറും കല്ലു മാത്രമാണു്. തീ ഉപയോഗിച്ചു് ആഹാരം പാകം ചെയ്യാം പുരയും കത്തിക്കാം. സൂചികൊണ്ടു തയ്ക്കുകയും കണ്ണു കുത്തിപ്പൊട്ടിക്കുകയും ചെയ്യാം. ഡോക്ടര്‍ക്കു കത്തി രോഗിയെ രക്ഷിക്കാനുള്ള ഉപകരണമാണെങ്കില്‍ കൊലയാളിക്കു് അതു മാരകായുധമാണു്.
അതിനാല്‍ എല്ലാം മായയെന്നു പറഞ്ഞു തള്ളാതെ ഏതൊരു വസ്തുവിന്‍റെയും യഥാര്‍ത്ഥ തത്ത്വം മനസ്സിലാക്കി അതു ജീവിതത്തില്‍ പ്രയോഗിക്കുക. ചീത്തവശത്തെ ഉപേക്ഷിക്കുക. ഋഷീശ്വരന്മാര്‍ പ്രപഞ്ചവസ്തുക്കളിലെല്ലാം നന്മമാത്രം ദര്‍ശിച്ചു. മായയെ അറിഞ്ഞവര്‍ ലോകത്തെ രക്ഷിക്കുന്നു. അവര്‍ ഒരിക്കലും മായയ്ക്കധീനരാകുന്നില്ല. എന്നാല്‍ മായയെ മനസ്സിലാക്കാത്തവര്‍ സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു ഭാരമാവുകയും ചെയ്യുന്നു. അവര്‍ കൊലപാതകികള്‍ക്കു തുല്യരാണു്. എല്ലാറ്റിന്‍റെയും നല്ലവശം മാത്രം സ്വീകരിച്ചു മുന്നോട്ടുപോയാല്‍ ഒന്നും മായയായി കാണാന്‍ കഴിയില്ല. എല്ലാം നമ്മെ നന്മയിലേക്കു നയിക്കുന്നവ മാത്രം.
ചന്ദ്രന്‍റെ പ്രതിബിംബം വെള്ളത്തില്‍ക്കണ്ട നായ വെള്ളത്തിലേക്കു നോക്കി കുരച്ചു ചാടി. അതിന്‍റെ കാഴ്ച മുകളിലേക്കു പോയില്ല. ഒരു കുട്ടി ചന്ദ്രനെപ്പിടിക്കാന്‍ കിണറ്റിലേക്കു ചാടി മുങ്ങിച്ചത്തു. നിത്യമായിട്ടുള്ളതു് എന്താണെന്നു അവര്‍ക്കറിയില്ല. നിത്യവും അനിത്യവും ഉണ്ടു്. അവയെ നല്ലവണ്ണം വേര്‍തിരിച്ചറിയണം. വസ്തുവിനെ വിട്ടു നിഴലിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ പ്രയോജനമുണ്ടോ? ‘ഞാന്‍’ (അഹങ്കാരം) ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ. നിഴലുള്ളൂ. ‘ഞാന്‍’ ഇല്ലെങ്കില്‍ പ്രപഞ്ചവുമില്ല. ഈ മായയുമില്ല. നട്ടുച്ചയ്ക്കു സൂര്യന്‍ തലയ്ക്കുനേരെ മുകളില്‍ എത്തുമ്പോള്‍പ്പിന്നെ നിഴലു കാണാനുണ്ടാവില്ല. ജ്ഞാനം പൂര്‍ണ്ണമല്ലാത്തതുകൊണ്ടാണു മായയുണ്ടെന്നു തോന്നുന്നതു്. ജ്ഞാനോദയത്തിനുശേഷം ഉണ്മ മാത്രമേ കാണാന്‍ കഴിയൂ.