ചോദ്യം : സൃഷ്ടി മായ മൂലമുള്ള തോന്നലാണെന്നു പറയുന്നു. പക്ഷേ, എനിക്കതു സത്യമായിത്തോന്നുന്നുവല്ലോ?

അമ്മ: മോനേ, ഞാനെന്ന ബോധമുള്ളപ്പോഴേ സൃഷ്ടിയുള്ളൂ. അല്ലെങ്കില്‍ സൃഷ്ടിയുമില്ല, ജീവന്മാരുമില്ല.

ബ്രഹ്മം ബ്രഹ്മമായിത്തന്നെ സ്ഥിതി ചെയ്യുന്നു. ഒരു കുട്ടി മണിക്കൂറുകളോളം കരഞ്ഞു വഴക്കടിച്ചു് ഒരു പാവയെ സ്വന്തമാക്കി. കുറെ സമയം പാവയുമായി കളിച്ചിട്ടു് അതിനെ ശരീരത്തോടു ചേര്‍ത്തുപിടിച്ചു കിടന്നുറങ്ങി. ആ പാവയെ ഒന്നു തൊടാന്‍ കൂടി ആ കുട്ടി ആരെയും അനുവദിച്ചിരുന്നില്ല. ഉറക്കത്തില്‍ പാവ താഴെ വീണു. കുട്ടി അറിഞ്ഞില്ല. ഒരാള്‍ വിലപിടിപ്പുള്ള രത്‌നങ്ങളും സ്വര്‍ണ്ണവും മറ്റും തലയിണക്കീഴില്‍ ഒളിച്ചുവച്ചിട്ടു് അതിനു മീതെ തലവച്ചു കിടന്നുറങ്ങി. ആ സമയം ഒരു കള്ളന്‍ അവയെല്ലാം മോഷ്ടിച്ചു. ഉറങ്ങുന്നതിനു മുന്‍പുവരെയും അയാളുടെ മനസ്സില്‍ ആഭരണങ്ങളെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു. അതുമൂലം ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല. എന്നാലുറക്കത്തില്‍ എല്ലാം മറന്നു. തന്നെക്കുറിച്ചോ തന്‍റെ സ്വത്തിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ഒന്നും ഓര്‍മ്മയില്ല. ആനന്ദംമാത്രം.

ഗാഢസുഷുപ്തിയില്‍ കിട്ടിയ ആനന്ദമാണു ഉണരുമ്പോഴുള്ള ഉന്മേഷത്തിനു കാരണം. ഉണര്‍ന്നു കഴിയുമ്പോഴാണു് ‘എന്‍റെ പാവയും, എന്‍റെ മാലയും എന്‍റെ ബന്ധുക്കളും’ എല്ലാം വരുന്നതു്. ഞാനെന്ന ബോധം വരുമ്പോള്‍ എല്ലാം തിരിയെ വരുന്നു. ബ്രഹ്മം ബ്രഹ്മമായിത്തന്നെ സദാ സ്ഥിതി ചെയ്യുന്നു. പക്ഷേ, ചിന്തകളടങ്ങുന്ന സമയത്തു മാത്രമേ അതിന്‍റെ അനുഭൂതി നമുക്കു ലഭിക്കുന്നുള്ളൂ.