ചോദ്യം : അമ്മയെക്കുറിച്ചു സംസാരിക്കവെ ചിലർ പറയുകയുണ്ടായി, സ്‌നേഹം മർത്ത്യരൂപം പൂണ്ടാൽ എങ്ങനെയിരിക്കുമെന്നറിയണമെങ്കിൽ അമ്മയെ നോക്കിയാൽ മതിയെന്നു്. എന്താണു് ഇതിനെക്കുറിച്ചു് അമ്മയ്ക്കു പറയുവാനുള്ളതു്?

അമ്മ: (ചിരിക്കുന്നു) കൈയിലുള്ള നൂറു രൂപയിൽനിന്നും ആർക്കെങ്കിലും പത്തുരൂപാ കൊടുത്താൽ പിന്നീടു തൊണ്ണൂറു രൂപ മാത്രമെ ശേഷിക്കുകയുള്ളു. എന്നാൽ സ്‌നേഹം ഇതുപോലെയല്ല. എത്ര കൊടുത്താലും തീരില്ല. കൊടുക്കുന്തോറും അതേറിക്കൊണ്ടിരിക്കും. കോരുന്ന കിണർ ഊറുംപോലെ. ഇത്ര മാത്രമേ അമ്മയ്ക്കറിയൂ. അമ്മയുടെ ജീവിതം സ്‌നേഹസന്ദേശമായിത്തീരണം. അതു മാത്രമേ അമ്മ ചിന്തിക്കുന്നുള്ളൂ. സ്‌നേഹത്തിനുവേണ്ടിയാണു മനുഷ്യൻ ജനിച്ചതു്, അതിനുവേണ്ടിയാണു ജീവിക്കുന്നതു്. എന്നാൽ ഇന്നു കിട്ടുവാനില്ലാത്തതും അതൊന്നു മാത്രമാണു്. സ്‌നേഹത്തിനാണു് ഇന്നു ദാരിദ്ര്യം.

ചോദ്യം : അമ്മ എല്ലാവരെയും മടിയിൽ കിടത്തി ആശ്വസിപ്പിക്കാറുണ്ടല്ലോ. ഇതു നമ്മുടെ സമൂഹത്തിൽ അസാധാരണമല്ലേ?

അമ്മ: അമ്മമാർ കുഞ്ഞുങ്ങളെ വാരിപ്പുണരാറില്ലേ? ഭാരതത്തിൽ എന്നും കീർത്തിക്കപ്പെട്ടിട്ടുള്ളതു മാതൃശിശുഭാവമാണു്. കൂടാതെ അമ്മയുടെ അടുത്തു് ആരു വന്നാലും അവർ അമ്മയുടെ ആത്മാവിൽനിന്നും ഭിന്നരായിട്ടു് അമ്മയ്ക്കു തോന്നാറില്ല. നമ്മുടെ ശരീരത്തിൽ ഒരു വേദന വന്നാൽ എത്രയും വേഗം കൈ അവിടെയെത്തും, ആശ്വസിപ്പിക്കുവാൻ. അതുപോലെ മറ്റുള്ളവരുടെ ദുഃഖം അമ്മയ്ക്കു സ്വന്തം ദുഃഖമായിട്ടു മാത്രമേ തോന്നിയിട്ടുള്ളു. ഒരു കൊച്ചുകുഞ്ഞു വേദനകൊണ്ടു നിന്നു കരയുന്നതു കാണുമ്പോൾ അതിന്റെ അമ്മയ്ക്കു നോക്കിനില്ക്കാനാവുമോ?