ചോദ്യം : അശരണരെയും ദരിദ്രരെയും അനാഥരെയും അമ്മ കൂടുതലായി സ്‌നേഹിക്കാറുണ്ടോ?

അമ്മ: ആളിനെ നോക്കി സ്‌നേഹിക്കുവാൻ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാൽ അവിടെയെത്തുന്ന എല്ലാവർക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റക്കുറച്ചിലും ഉണ്ടാവില്ല. പക്ഷേ, വാതിലുകൾ അടച്ചു മുറിക്കുള്ളിൽതന്നെ ഇരുന്നാൽ ഇരുട്ടിൽ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കിൽ മനസ്സിന്റെ വാതിലുകൾ തുറന്നു പുറത്തേക്കു വരുവാൻ തയ്യാറാവണം. സൂര്യനു കണ്ണു കാണുവാൻ മെഴുകുതിരിയുടെ ആവശ്യമില്ല. ചിലർക്കു് ഈശ്വരൻ മുകളിലെവിടെയോ ഇരിക്കുന്ന ആൾ ആണു്. ആ ഈശ്വരന്റെ പ്രീതിക്കായി അവർ പണം വാരിക്കോരി ചെലവു ചെയ്യും. എന്നാൽ പണം ചെലവു ചെയ്തതുകൊണ്ടു മാത്രം ഈശ്വരപ്രീതി നേടാനാവില്ല. സാധുക്കൾക്കു സേവ ചെയ്യുന്നതാണു് അവിടുത്തേക്കു് ഏറ്റവും ഇഷ്ടമായ കാര്യം. കോടി രൂപയ്ക്കു് ആർഭാടമായി ഉത്സവം നടത്തുന്നതിനെക്കാൾ കൂടുതൽ അവിടുന്നു പ്രീതിയടയുന്നതു് ഒരു സാധുവിനെ ആശ്വസിപ്പിക്കുന്നതു കാണുമ്പോഴാണു്. ആ സാധുവിന്റെ കണ്ണീരു തുടയ്ക്കുവാനുള്ള മനസ്സു കാണുമ്പോഴാണു്. അങ്ങനെയുള്ള ഒരു മനസ്സു് എവിടെ കണ്ടാലും അവിടുന്നു് അവിടെ ഓടിയെത്തും. ഏതു പട്ടുമെത്തയെക്കാളും സ്വർണ്ണ സിംഹാസനത്തെക്കാളും ഭഗവാനു് ഇഷ്ടമായ ഇരിപ്പിടം കാരുണ്യം നിറഞ്ഞ മനസ്സാണു്.

അമ്മ മക്കളുടെ ഹൃദയം മാത്രമേ നോക്കാറുള്ളൂ. സമ്പത്തിനെക്കുറിച്ചോ, ഭൗതിക ചുറ്റുപാടുകളെക്കുറിച്ചോ അമ്മ ചിന്തിക്കാറില്ല. ശരിയായ ഒരമ്മയ്ക്കും തന്റെ മക്കളെക്കുറിച്ചു് അങ്ങനെ ചിന്തിക്കുവാനാവില്ല. എങ്കിലും ദുഃഖിതനായ ഒരാൾ അമ്മയുടെ അടുത്തു വന്നാൽ, അയാളുടെ ദുഃഖത്തിൽ അമ്മയ്ക്കു കരുണ തോന്നും. അയാളുടെ ദുഃഖം അമ്മയുടെ ദുഃഖമായി അമ്മയ്ക്കു് അനുഭവപ്പെടും. ആ ദുഃഖിതനു സമാശ്വാസമേകുവാൻ അമ്മ ആവതു ചെയ്യും.

ചോദ്യം: ഭക്തർക്കുവേണ്ടി, ഇത്രമാത്രം സമയം ചെലവഴിക്കുമ്പോൾ അമ്മയ്ക്കു ക്ഷീണം തോന്നാറില്ലേ?

അമ്മ: പ്രേമമുള്ളിടത്തു ക്ഷീണമില്ല. തന്റെ കുഞ്ഞിനെ തള്ള മണിക്കൂറുകളോളം എടുത്തുകൊണ്ടു നടക്കുന്നു. കുഞ്ഞൊരു ഭാരമായി തള്ളയ്ക്കു തോന്നാറുണ്ടോ?