ചോദ്യം : ഇക്കാലത്തു് അച്ഛനും അമ്മയും ജോലിക്കു പോകുമ്പോള്‍, എങ്ങനെ അവര്‍ക്കു കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും?

അമ്മ: അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാല്‍ തീര്‍ത്തും സമയം ഉണ്ടാകും. എത്ര ജോലിക്കൂടുതല്‍ ഉണ്ടായാലും രോഗം വന്നാല്‍ അവധി എടുക്കാറില്ലേ? കുട്ടിയെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍, അമ്മമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. അവര്‍, ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. കാരണം അമ്മയുടെ ടെന്‍ഷന്‍, വയറ്റില്‍ കിടക്കുന്ന കുട്ടിക്കു രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്‌ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, ആശ്രമങ്ങള്‍ സന്ദര്‍ശിക്കണം, ഗുരുക്കന്മാരില്‍നിന്നു് ഉപദേശങ്ങള്‍ സ്വീകരിക്കണം എന്നും മറ്റും പറയുന്നതു്. എന്നാല്‍ ഇന്നു ലഭിക്കുന്ന ഭൗതികസുഖഭോഗങ്ങള്‍ എപ്പോഴും മനസ്സിന്റെ ചലനം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.

അതുപോലെ കുഞ്ഞിനു മുലപ്പാല്‍ നല്കുന്ന കാര്യത്തിലും അമ്മമാര്‍ ശ്രദ്ധിക്കണം. അതു പ്രേമത്തിന്റെ പാലാണു്; കുഞ്ഞിനോടുള്ള പ്രേമംകൊണ്ടു് ഊറുന്നതാണതു്. കൂടാതെ എളുപ്പം ദഹിക്കുന്ന വളരെയധികം പോഷകാംശങ്ങളും അതിലുണ്ടു്. കുഞ്ഞിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും എല്ലാം അതുത്തമമാണു്. മുലപ്പാലിനു തുല്ല്യം മുലപ്പാല്‍ മാത്രമേയുള്ളൂ.

കുഞ്ഞുങ്ങള്‍ക്കു് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ ചെറുകഥകളിലൂടെയും താരാട്ടുപാട്ടുകളിലൂടെയും അവര്‍ക്കു ധാര്‍മ്മികകാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇന്നു പ്രായമെത്തിയ അച്ഛനും അമ്മയും മക്കള്‍ക്കു് ഒരു ഭാരമായി തോന്നുന്നു. ഓരോരുത്തരും കഴിവതും നേരത്തെ സ്വന്തം വീടുവച്ചു മാറി താമസം തുടങ്ങുന്നു. ഇതിലൂടെ കുട്ടികള്‍ക്കു നഷ്ടമാകുന്നതു കുടുബബന്ധങ്ങളുടെ വളക്കൂറുള്ള മണ്ണാണു്. മുത്തച്ഛനില്‍നിന്നും മുത്തശ്ശിയില്‍നിന്നുമൊക്കെ കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്ന ധാരാളം കുഞ്ഞുകഥകളും അവര്‍ക്കു നഷ്ടമാകുന്നു. ആഴത്തില്‍ വേരോടാനോ, ഉയരത്തില്‍ തലയെടുക്കാനോ കഴിയാതെ ചെടിച്ചട്ടിയിലെ വൃക്ഷത്തൈപോലെ കുഞ്ഞുങ്ങള്‍ മുരടിച്ചു പോകുന്നു. അച്ഛനും അമ്മയും ജോലിക്കു പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്വം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണു് എന്തുകൊണ്ടും ഉത്തമം. ആയമാര്‍ കുട്ടികളെ നോക്കുന്നതിനെക്കാള്‍, സ്‌നേഹത്തോടെയും വാത്സല്യത്തോടെയും അവര്‍ തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ളാദം പകരുകയും ചെയ്യും.

ശരിയും തെറ്റും ഏതെന്നു് അറിയുന്നതിനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍ നിന്നുമാണു്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചു വയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണു്. ഈ കാലയളവില്‍ ഒരു കുട്ടി മിക്ക സമയവും അവന്റെ മാതാവിനോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്കസ്‌നേഹവും നിസ്സ്വാര്‍ത്ഥവാത്സല്യവും കുട്ടിക്കു കുറെയേറെ നഷ്ടമാകുന്നുണ്ടു്. അവിടെ കുഞ്ഞുങ്ങളെ നോക്കുന്നതു് ആയമാരാണു്. അവര്‍ ശമ്പളം പറ്റുന്ന ജോലിക്കാരാണു്. അവര്‍ക്കു ലാളിക്കുവാനും ഓമനിക്കുവാനും സ്വന്തം കുട്ടികള്‍ വീട്ടിലുണ്ടു്. ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിനോടുണ്ടാകുന്ന ഹൃദയവികാരം മറ്റൊരാളുടെ കുഞ്ഞിനോടുണ്ടാവുകയില്ല. അതു കാരണം സംസ്‌കാരം കരുപ്പിടിപ്പിക്കേണ്ട നാളില്‍ത്തന്നെ കുഞ്ഞുങ്ങളുടെ മനസ്സു കൂമ്പടയുന്നു. അമ്മയുടെ ചൂടേറ്റു വളരേണ്ട ചെറുപ്രായത്തില്‍തന്നെ ആയമാരുടെ കൈയിലേല്പിച്ച മാതാപിതാക്കളെ, അവരുടെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കണം എന്ന ഉത്തരവാദിത്വബോധം എങ്ങനെ ആ കുട്ടികള്‍ക്കു് ഉണ്ടാകും? അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരെ വൃദ്ധസദനങ്ങളില്‍ കൊണ്ടാക്കുവാന്‍ തയ്യാറായില്ലെങ്കിലല്ലേ അദ്ഭുതമുള്ളു.

കുട്ടികളുടെ മാര്‍ഗ്ഗദര്‍ശിയാണു് അമ്മ. പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്ന കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരംകൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത മാതാവിനുണ്ടു്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങു് ഇതിനു സാധിക്കുന്നതു മാതാവിനാണു്. അതാണു പറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തി നന്നായി, എന്നാല്‍ ഒരു സ്‌ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്നു്.

വേണ്ടത്ര മാതൃലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാലഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നതു്. ഇതൊഴിവാക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്ധ്യാത്മികസംസ്‌കാരം നേടാതെ പറ്റില്ല. ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവും തിരിച്ചറിയുവാന്‍ അവര്‍ക്കു കഴിയണം. ലളിതജീവിതത്തില്‍ സംതൃപ്തി കണ്ടെത്തണം. ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയം കാണണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടു പോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു ശരിയായ സംസ്‌കാരം പകര്‍ന്നു കൊടുക്കുന്നതാണു്. കാരണം പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റു വളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചു വയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുവാന്‍ ശ്രമിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കഴിയൂ.

വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രസംസ്‌കാരത്തിനാധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടതു് ഇന്നത്തെ ശിശുവാണു്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.