ആധുനിക ലോകത്തിന്റെ മൂന്നാമത്തെ ശാപം പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. അതിന്റെ ഫലമായി നമ്മുടെ കൃഷി നശിച്ചു, കൃഷിസ്ഥലങ്ങള്‍ നശിച്ചു, കുളങ്ങളും പുഴകളും കാവുകളും നശിച്ചു. നല്ല ഭക്ഷണവും നല്ല വെള്ളവും നല്ല വായുവും കിട്ടാതായി.

വാഴത്തോട്ടത്തില്‍ കയറിയ ആനക്കൂട്ടത്തെപ്പോലെ മനുഷ്യന്‍ ഇന്ന് പ്രകൃതിയെ ചവുട്ടി മെതിക്കുകയാണ്. ലോകത്തില്‍ 100 കോടിയിലധികം ജനങ്ങള്‍ക്ക് ശുദ്ധജലം പോയിട്ട്, മാലിന്യം കലര്‍ന്ന വെള്ളം പോലും കുടിക്കാന്‍ കിട്ടുന്നില്ല. 20 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലിനജലം കുടിച്ചിട്ടുണ്ടാകുന്ന പലതരം അസുഖങ്ങളാല്‍ മരണപ്പെടുന്നത്. ഓരോ മിനിറ്റിലും ഒരു കുട്ടി വീതം ഈ വിധത്തില്‍ മരിക്കുന്നു എന്നാണു് കണക്കുകള്‍ പറയുന്നതു്. സമീപഭാവിയില്‍ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടുമോ എന്നു സംശയമാണ്. മലിനീകരണത്തിന്റെ കാര്യം എടുത്താല്‍ സ്വന്തം ഗ്രാമങ്ങളേയും നഗരങ്ങളേയും വൃത്തിഹീനമാക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ്. എവിടേയും ചപ്പുചവറുകള്‍ വലിച്ച് എറിയുകയും തുപ്പുകയും ചെയ്യുന്ന സംസ്‌ക്കാരത്തില്‍ നിന്ന് നമ്മള്‍ എപ്പോഴാണ് മുക്തരാകാന്‍ പോകുന്നത്? പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ചെടികള്‍ നട്ടുവളര്‍ത്തുവാനുമൊക്കെ നമ്മള്‍ മുമ്പോട്ട് വന്നേപറ്റൂ.

ഇന്നത്തെ മനുഷ്യസമൂഹം നേരിടുന്ന നാലാമത്തെ ശാപം ആരോഗ്യത്തെ അവഗണിച്ച്‌ കൊണ്ടുള്ള ജീവിതശൈലിയാണ്. പറമ്പിലും പാടത്തും പണിയെടുക്കുന്നത് നമുക്ക് കുറച്ചിലാണ്. വ്യായാമം ചെയ്യാന്‍ പോലും നമുക്ക് മടിയാണ്. അത് കാരണം ശരീരം ദുര്‍ബലമാകുന്നു. അമ്മയ്ക്ക് പറയാനുള്ളത് മക്കള്‍ കുറച്ചെങ്കിലും വീട്ടുവളപ്പിലോ തോട്ടത്തിലോ അദ്ധ്വാനിക്കണം. കുറച്ച് പച്ചക്കറി വീട്ടുവളപ്പിലോ ടെറസ്സിലോ കൃഷിചെയ്ത് ഉണ്ടാക്കിയാല്‍ വിഷം കലര്‍ന്ന പച്ചക്കറി ഒഴിവാക്കാന്‍ സാധിക്കും.

കാലുകുത്തുന്നിടമെല്ലാം, അതു് ഭൂമിയിലായാലും മറ്റുഗ്രഹങ്ങളായാലും അവിടെയുള്ള സകല വസ്തുക്കളിലും ‘ഞാന്‍’ അല്ലെങ്കില്‍, ‘എന്റെത്’ എന്ന മുദ്ര പതിച്ച് ലേബലൊട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. എന്തിലും ഏതിലും ഇങ്ങനെ ലേബലൊട്ടിച്ച് അധികാരം സ്ഥാപിക്കാനുള്ള ഈ പ്രവണതയായിരിക്കാം ഒരുപക്ഷെ മനുഷ്യന്‍ തന്റെ സഹജീവികളോടും ലോകത്തോടും മറ്റ് ജീവജാലങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധം. ഈ മനോഭാവം തന്നെയാണ് ലോകം ഇന്ന് നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണവും. പാമ്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല. അഹങ്കാരം വര്‍ദ്ധിക്കുന്തോറും ബോധം കുറയും, അല്പത്തരവും ദുരഭിമാനവും കൂടും. അതുകൊണ്ടായിരിക്കാം ഈ അപകടങ്ങളൊന്നും നമ്മള്‍ തിരിച്ചറിയാത്തതും അഹംഭാവത്തെ ഒരു ഭൂഷണമാക്കി കൊണ്ടുനടക്കുന്നതും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)