ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ശാപം മൂല്യങ്ങളില്‍നിന്ന് അകന്നു പോയ വിദ്യാഭ്യാസമാണ്. വിനയത്തെ വളര്‍ത്തുന്നത് എന്തോ അതാണ് വിദ്യ, എന്നായിരുന്നു പഴയ സങ്കല്പം.
ഇന്നത് എവിടെ എത്തി നില്ക്കുന്നു. അദ്ധ്യാപകരോടുള്ള അനാദരവും പഠിപ്പ് മുടക്കും കടന്ന് അത് മയക്ക് മരുന്നിലേക്കും കുറ്റകൃത്യങ്ങളിലേക്കും വളരുകയാണ്. വിത്ത് മണ്ണിന് അടിയില്‍ പോയാല്‍ മാത്രമേ അതില്‍നിന്ന് മുള കിളിര്‍ത്ത് വരുകയുള്ളൂ. അതുപോലെ നമ്മുടെ തല കുനിയണം. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ വളര്‍ച്ചയുണ്ടാവുകയുള്ളൂ. അതിന് മൂല്യങ്ങളും സമൂഹത്തോടുള്ള സ്നേഹവും അറിവിനോടുള്ള ആദരവും പകര്‍ന്ന് തരുന്ന വിദ്യാഭ്യാസം നമുക്ക് വേണം. അദ്ധ്യാപകന്റെ ബുദ്ധിയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ ബുദ്ധിയിലേക്ക് പകരുന്ന കുറച്ച് വിവരങ്ങള്‍ മാത്രമാകരുത് വിദ്യാഭ്യാസം. മറിച്ച് യഥാര്‍ത്ഥ മനുഷ്യ സൃഷ്ടിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. സ്വഭാവശുദ്ധീകരണം, കഴിവുകളുടെ പോഷണം, സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കൂറ്, യഥാര്‍ത്ഥമായ ജ്ഞാനദാഹം എല്ലാം പകര്‍ന്ന് നല്കുന്നതായിരിക്കണം വിദ്യാഭ്യാസം. വിവരം വിജ്ഞാനമായി, വിജ്ഞാനം വിവേകമായി വളരണം.
നമ്മുടെ ഇളംതലമുറ നേരിടുന്ന ഗുരുതരമായ മറ്റൊരു സ്ഥിതിവിശേഷമാണ് സംസ്‌ക്കാരത്തെ മറന്ന് കൊണ്ടുള്ള പരിഷ്‌ക്കാരം. കുട്ടികള്‍ പുത്തന്‍ പരിഷ്‌ക്കാരങ്ങളുടേയും സാങ്കേതിക ഉപകരണങ്ങളുടേയും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ ശല്യമൊഴിവാക്കുവാന്‍ മുതിര്‍ന്നവര്‍ അവര്‍ക്ക് ഐപ്പാഡും സ്മാര്‍ട്ട്‌ഫോണുകളുമൊക്കെ നല്കും. ഫലമോ അതിവേഗം അവര്‍ അതിന്റെ അടിമകളായി മാറുന്നു. പിന്നെ അവര്‍ക്ക് മറ്റാരും വേണ്ട. അവരും ആ ഉപകരണങ്ങളും മാത്രമായുള്ള ലോകത്തിലേക്ക് ചുരുങ്ങിപ്പോവുകയാണ്. മാനസിക വൈകല്യങ്ങള്‍, അനാരോഗ്യം മുതലായവയൊക്കെയാണ് അതിന്റെ ഫലം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഐപ്പാഡുപോലെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ അതിന്റെ ഉപയോഗം കുട്ടികള്‍ക്ക് ദോഷം ചെയ്യാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കളും അദ്ധ്യാപകരും എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പരിഷ്‌ക്കാര ഭ്രമത്തിന്റെ മറ്റൊരുമുഖം അന്ധമായ അനുകരണമാണ്. നമ്മുടെ സംസ്‌ക്കാരം പാടെ മറന്ന് വിദേശ സംസ്‌ക്കാരത്തെ യുവതലമുറ അന്ധമായി അനുകരിക്കുന്നു. ഈ അന്ധമായ അനുകരണത്തിന് ഒരു മാറ്റമുണ്ടാകണമെങ്കില്‍ ജീവിതത്തില്‍ വിലപ്പെട്ടതും പ്രധാനപ്പെട്ടതും എന്താണ് എന്ന ഒരു തിരിച്ചറിവ് ഇളം പ്രായത്തില്‍ത്തന്നെ മുതിര്‍ന്നവര്‍ കുട്ടികളില്‍ വളര്‍ത്തണം.
(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)