ഈശ്വരന്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ലോകം. സകല ജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള സകല വിഭവങ്ങളും സമ്പത്തുക്കളും ഈശ്വരന്‍ ഇതിലൊരുക്കി. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്ന് മാത്രം കല്പിച്ചു. ബാക്കി ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്‍കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈശ്വരന്‍ നമ്മെ വിശ്വസിച്ചേല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന്‍ ഈശ്വരനോട് കൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന ഒരവസ്ഥ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. തിരിച്ചറിവില്ലാത്ത മറ്റ് ജീവജാലങ്ങള്‍ ഈശ്വരന്റെ കല്പന വരവണ്ണം തെറ്റിക്കാതെ അനുസരിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ക്രൂരത എല്ലാറ്റിനെയും കടന്നാക്രമിക്കുന്നു.


ഇന്നു ലോകത്തേയ്ക്കു നോക്കുമ്പോള്‍ കലാപങ്ങളും ഭീകരവാദവും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം ഭയാനകമായി കൂടിക്കൊണ്ടിരിക്കൂന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകര്‍ന്നു വീഴുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകം ഒന്നാകെ അനുഭവപ്പെടുന്നു. ഇത്തരം ധാരാളം വാര്‍ത്തകള്‍ ദിവസവും കേട്ടു കേട്ട് ചെവി തഴമ്പിച്ചതു കൊണ്ട് ‘അയ്യോ കഷ്ടം!’ എന്നു പറഞ്ഞ് അപ്പോള്‍ തന്നെ അതൊക്കെ മറന്നു കളയുകയാണ് പലരും ചെയ്യുന്നത്. കേവലം നാവിന്‍ തുമ്പില്‍ ഒതുങ്ങുന്ന അനുകമ്പ കൊണ്ടു മാത്രമായില്ല. നിഷ്‌ക്കാമമായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമുള്ള കൈകളാണ് ഇന്നു ലോകത്തിനു വേണ്ടത്. ഇരുട്ടിന്റെ തീവ്രത കണ്ട് പേടിച്ച്, ‘നമുക്കെന്തു മാറ്റം വരുത്താന്‍ കഴിയും’ എന്ന് സംശയിച്ച് മാറി നില്‍ക്കുകയല്ല ഇപ്പോഴാവശ്യം. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും ദീപങ്ങള്‍ തെളിച്ച് ഒന്നിച്ചൊറ്റക്കെട്ടായി മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് മാറ്റങ്ങള്‍ കൊടുവരാന്‍ തീര്‍ച്ചയായും സാധിക്കും.

നമ്മുടെ മുന്നില്‍ ഇന്ന് ഭാരതത്തിന്റെ രണ്ട് മുഖങ്ങള്‍ ഉണ്ട്. അതിലൊന്ന് വിവരശാസ്ത്രസാങ്കേതിക പുരോഗതി കൊണ്ട് പ്രസന്നമായിരിക്കുന്ന മുഖമാണ്. എന്നാല്‍ അതിന്റെ നിഴലില്‍ മറഞ്ഞിരിക്കുന്ന മറ്റേ മുഖം നമുക്കു ചുറ്റും നടമാടുന്ന ദാരിദ്ര്യവും നിരക്ഷരതയും അനാരോഗ്യവും ശുചിത്വമില്ലായ്മയും സ്ത്രീപീഡനവും ഒക്കെക്കൊണ്ട് വികൃതമായതാണ്. ഒരു വ്യക്തിയിലാണ് ഇപ്രകാരം രണ്ട് ഭിന്നവ്യക്തിത്വങ്ങള്‍ ഒന്നിച്ച് കാണപ്പെടുന്നതെങ്കില്‍ അതൊരു രോഗലക്ഷണമായി നാം കണക്കാക്കും. അതുകൊണ്ടു തന്നെ സുശക്തവും സ്വസ്ഥവുമായ ഒരു ഭാരതം രൂപപ്പെടണമെങ്കില്‍ ഈ രണ്ടു മുഖങ്ങള്‍ മാറി സുന്ദരമായ ഒരൊറ്റ മുഖം മാത്രമാകണം. അങ്ങനെയായാല്‍ ഇവിടെ ആരും പട്ടിണി കിടക്കില്ല. ആര്‍ക്കും കേറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല, ആരും ശരിയായ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരില്ല. നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ഭാരതം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. എന്നാണോ ഈ ഒരു സ്വപ്നം ഓരോ ഭാരതീയന്റേയും ഉറക്കം കെടുത്തുന്നത് അന്നത് ഒരു യാദാര്‍ത്ഥ്യമായിത്തീരുക തന്നെ ചെയ്യും.

ഭൗതിക സുഖസൗകര്യങ്ങള്‍ക്കായുള്ള പരക്കം പാച്ചിലിനിടയില്‍ നാം കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ നാലെണ്ണത്തിന്റെ കാര്യത്തിലെങ്കിലും നാം അടിയന്തിരമായി ശ്രദ്ധിയ്ക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണം. അല്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോയെന്നു വരാം.
1. മൂല്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം
2. സംസ്‌കാരത്തെ അവഗണിച്ചുകൊണ്ടുള്ള പരിഷ്‌ക്കാരം
3. പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള വികസനം
4. ആരോഗ്യത്തെ അവഗണിച്ചുകൊണ്ടുള്ള ജീവിതശൈലി

ഈ നാലു മേഖലകളില്‍ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ പുരോഗതി സുസ്ഥിരമാകും. അത് മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയും ചെയ്യും.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)