അസ്ഥിരത ജീവിതത്തിന്റെ സ്വഭാവമാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നതായി നമ്മള് എന്നും കേള്‍ക്കാറുണ്ട്.
ജീവിതത്തെ ഒരു മത്സരക്കളിയോട് ഉപമിക്കാം. കളിയില്‍ പലപ്പോഴും എന്താണ് സംഭവിക്കുകയെന്നത് അവസാനം വരെ അറിയുവാന്‍ കഴിയില്ല. ലക്ഷ്യത്തിലെത്തുന്നതുവരെ കളിക്കാരന്റെ ഓരോ നീക്കവും ജാഗ്രതയോടെ ആയിരിക്കണം. അല്പം അശ്രദ്ധ വന്നാല്‍ അയാള്‍ തോറ്റുപോകും. അതേ സമയം, പ്രതികൂലസാഹചര്യങ്ങളെ ഒഴിവാക്കാന്‍ നമ്മള് എത്ര പ്രയത്നിച്ചാലും ജീവിതത്തില്‍ അത്തരം ഘട്ടങ്ങള്‍ വന്നുചേരും. അപ്പോള്‍ അവയെ സ്വീകരീക്കാന്‍ നമ്മള് തയ്യാറാകണം. വാസ്തവത്തില്‍, ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ ഒരുപോലെ സ്വീകരിക്കുവാന്‍ നമ്മള് സന്നദ്ധരാകുമ്പോള്‍ മാത്രമേ ജീവിതത്തിന് പൂര്‍ണതയുണ്ടാകൂ.
ലോകത്തില്‍ പ്രശ്നങ്ങളില്ലാത്ത ഒരുസ്ഥലം മാത്രമേയുള്ളൂ. അത് ശ്മശാനമാണ്. ഗുസ്തി മത്സരത്തില്‍ കളിക്കാര്‍ പരസ്പരം മല്ലിടുമ്പോള്‍, അവരിലൊരാള്‍ അടികൊണ്ടു വീണെന്നുവരാം. എന്നാല്‍ വീണതുകൊണ്ടു മാത്രം അയാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. വീണ്ടും സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കാതിരുന്നാല് മാത്രമേ അയാള്‍ പരാജയപ്പെടുന്നുള്ളു. ജീവിതവും ഇതുപോലെയാണ്. ജീവിതത്തില്‍ ചില തിരിച്ചടികളുണ്ടായതുകൊണ്ടു മാത്രം ഒരാള്‍ പരാജയപ്പെട്ടു എന്നു പറയാനാവില്ല. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെങ്കില്‍ അതോടെ അയാള്‍ പരാജിതനായി എന്നു പറയാം. അലസരെ വിധി വലിച്ചിഴക്കുമ്പോള്‍ പരിശ്രമശാലിക്ക് വിധി വഴി മാറിക്കൊടുക്കുമെന്നത് നമ്മള് മറക്കരുത്. ജീവിതത്തില്‍ ശരിയായ വീക്ഷണവും, പ്രതിസന്ധികളെ നേരിടാനുള്ള മനോബലവും കൈവരിക്കുന്നതിനുള്ള ഒരേ ഒരു വഴി ആദ്ധ്യാത്മികജ്ഞാനം നേടുക എന്നതാണ്. ഈ ജ്ഞാന പ്രാപ്തിക്ക് ധ്യാനാത്മകമായ മനസ്സ് ആവശ്യമാണ്.
അക്ഷമയും ദേഷ്യവും വരുമ്പോള്‍ നാം ചെയ്യുന്ന പ്രവൃത്തികള്‍, ജീവിതകാലം മുഴുവന്‍ നമ്മെ വേട്ടയാടും. ഒരു വാക്കുകൊണ്ടു ശത്രുവിനെ മിത്രമാക്കാം, മിത്രത്തെ ശത്രുവാക്കാം. ഒരു വൃക്ഷം കൊണ്ട് നമുക്ക് ലക്ഷക്കണക്കിന് തീപ്പെട്ടികളുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഒരു തീപ്പെട്ടികൊണ്ട് ഒരു കാടുതന്നെ കരിച്ചു ചാമ്പലാക്കാന്‍ കഴിയും. ഇതേപോലെ ഒരു ദുശ്ചിന്തയോ തെറ്റായ വാക്കോ മതി നമുക്കും ലോകത്തിനും നാശം വിതയ്ക്കാന്‍. അതുകൊണ്ട് എന്തുപറയുമ്പോഴും എന്തുചെയ്യൂമ്പോഴും നമ്മള് ബോധവാന്മാരായിരിക്കണം.
(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)