ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്.

ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള്‍ മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര്‍ പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. അപ്പോള്‍ ‘ഇത് നിന്റെ അമ്മയല്ലേ, ഇത് നിന്റെ അച്ഛനല്ലേ. നിനക്ക് അവരെ നോക്കാന്‍ വയ്യേ.’ എന്നിങ്ങനെ പരസ്പരം പറയാന്‍ തുടങ്ങും. വേണ്ട സമയത്ത് വേണ്ട പോലെ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ നമ്മള്‍ പിശുക്കു കാണിക്കുന്നു. ഒരു മരുന്ന് വാങ്ങിയ്ക്കുമ്പോള്‍ അതിന്റെ പുറത്ത് കാലാവധി അവസാനിക്കുന്ന തീയതി എഴുതിയിട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ ആ മരുന്ന് ഉപയോഗശൂന്യമാകും. സ്നേഹത്തിന് അങ്ങനെ കാലാവധി വയ്ക്കാന്‍ കഴിയില്ല. വേണ്ട സമയത്ത് വേണ്ട രീതിയില്‍ സ്നേഹം പ്രകടിപ്പിക്കാതെയിരുന്നാല്‍ ഒരു പക്ഷേ പിന്നീടൊരിക്കലും അതിന് അവസരം ലഭിക്കണമെന്നില്ല. മാത്രമല്ല, അതു ഭാവിയില്‍ വലിയ
ദുഃഖത്തിനും പശ്ചാത്താപത്തിനും വഴിയൊരുക്കും.

ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം നമ്മുടെ മറ്റുള്ള ആഗ്രഹങ്ങളെക്കാളും തീവ്രമാകുന്നത് എപ്പോഴാണോ അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്തി നമ്മളില്‍ ഉണര്‍ന്നിട്ടുള്ളൂ എന്നു പറയാം. ഏതുതരത്തിലുള്ളതായാലും ശരി ഭക്തി അമൂല്യമാണ്, അത് മഹത്തായ സമ്പത്താണ്. കാരണം ഹൃദയത്തില്‍ അല്പമെങ്കിലും താല്പര്യം ഭഗവാനോടു തോന്നിയാല്‍ ക്രമേണ അതു വളര്‍ന്ന് നമ്മെ ശുദ്ധീകരിക്കും. അധര്‍മ്മി ധര്‍മ്മിഷ്ഠനാകും. സ്വാര്‍ത്ഥി ക്രമേണ നിഃസ്വാര്‍ത്ഥിയാകും. ഭോഗി ക്രമേണ ത്യാഗിയാകും. ഒടുവില്‍ മനോമാലിന്യങ്ങള്‍ എല്ലാം അകന്ന് ഈശ്വരാനുഭൂതി
ഉണ്ടാകും. ലോകം വെല്ലുവിളികളുയര്‍ത്തും. പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ധ്യാനാത്മകമായി ഉള്ളിലേക്ക് നോക്കിയാല്‍, അതിനെല്ലാം അതീതമായൊരു ശക്തിയും ശാന്തിയും നമുക്കവിടെ കണ്ടെത്താം.

ലോകം ദുഃഖിപ്പിക്കും. കരയിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍, ഉള്ളിലേക്ക് നോക്കിയാല്‍, സകല ദുഃഖങ്ങള്‍ക്കും അതീതമായൊരു സന്തോഷവും പുഞ്ചിരിയും നമുക്കവിടെ കണ്ടെത്താം. ലോകം നമ്മുടെ പാതയില്‍ മുള്ളു വിരിക്കും. നോവിപ്പിക്കാന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍ ആ കൂര്‍ത്തമുള്ളുകള്‍ക്ക് അതീതമായൊരു പൂമണവും പൂമെത്തയും നമുക്കവിടെ കണ്ടെത്താം. ലോകം ഭയപ്പെടുത്തും ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കും. അപ്പോഴും ഉള്ളിലേക്ക് നോക്കിയാല്‍, അതിനതീതമായൊരു നിര്‍ഭയത്വവും ധീരതയും നമുക്കവിടെ കണ്ടെത്താം.

(അമ്മയുടെ അറുപത്തിരണ്ടാം ജന്മദിന പ്രഭാഷണത്തിൽ നിന്ന്)