കുടുംബത്തിലും സമൂഹത്തിലും ഔദ്യേഗിക ജീവിതത്തിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്കു് അര്‍ഹിക്കുന്ന സ്ഥാനവും പരിഗണനയും സ്വാതന്ത്ര്യവും നല്കുന്നില്ലെന്നാണു് അവര്‍ പറയുന്നതു്. ആദരിക്കുന്നില്ലെന്നു മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറയുന്നു. ഈ യാഥാര്‍ത്ഥ്യം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം കൂടിപ്പോകുന്നു, കുടുംബത്തെയും കുട്ടികളെയും നോക്കാതെ, അവര്‍ ധിക്കാരികളാകുന്നു എന്നൊക്കെയാണു പുരുഷന്മാരുടെ അഭിപ്രായം.
ഇതിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നതിനു മുന്‍പു്, ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നറിയണം. അതിന്റെ വേരു കണ്ടെത്തണം. അതു സാധിച്ചാല്‍, പിന്നെ ഈ ധാരണകള്‍ മാറ്റുന്ന കാര്യം കുറച്ചു കൂടി എളുപ്പമാകും. ഭൂതകാലം പുരുഷന്റെ മനോതലത്തില്‍ കണക്കിലേറെ ദുരഭിമാനവും ‘സ്ത്രീയെക്കാള്‍ താന്‍ വലുതു്. അവള്‍ക്കു സ്ഥാനവും സ്വാതന്ത്ര്യവും ആവശ്യമില്ല’ എന്ന അഹങ്കാരചിന്തയും അരക്കിട്ടുറപ്പിച്ചിട്ടുണ്ടാകും.
എന്നാല്‍, സ്ത്രീയുടെ ചിന്തയും മനസ്സും പ്രവര്‍ത്തിക്കുന്നതു മറ്റൊരു തരത്തിലാണു്, ‘ഇത്രയും കാലം പുരുഷന്മാര്‍ ഞങ്ങളെ കണക്കിലധികം നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്തു മതിയായി. ഇനിയും ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം.’
ഈ രണ്ടു ഭാവങ്ങളിലും നിറഞ്ഞു നില്ക്കുന്നത് വിദ്വേഷവും പകയുമാണു്. ഇന്നു സ്ത്രീപുരുഷന്മാരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇത്തരം നശീകരണചിന്തകളാണു്.
‘ആരാണു വലുതു്’ എന്നു തെളിയിക്കാനുള്ള ഈ മത്സരം സ്ത്രീപുരുഷന്മാര്‍ ഉപേക്ഷിക്കണം. ഇതില്‍ നിന്നു മനസ്സിനെ മോചിപ്പിക്കണം. ‘ഞാന്‍’ ഭാവം വളര്‍ത്തി, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ അതു സഹായിക്കുകയുള്ളൂ.