അമ്മയുടെ മനസ്സില്‍ എന്നും ഓണം
ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005

ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു.

ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ.

ഈ കടലിനും മറുകടലിനും അപ്പുറം ശിഷ്യപരമ്പരകള്‍ക്ക് സ്‌നേഹം പകരുന്ന അമ്മയായി മാറും മുന്‍പ് ഈ കടലോരത്തിന്റെ പഞ്ചാരമണല്‍ത്തിട്ടകളില്‍ കളിച്ചുവളര്‍ന്ന ഒരു ചെറുപ്പമുണ്ട് മാതാ അമൃതാനന്ദമയിയ്ക്ക്. പൂവിളികള്‍ ആ മനസ്സിലും ഉയരുന്നുണ്ട്. ഓര്‍മ്മകളുടെ പൂക്കൂടകളില്‍ അമ്മ അതൊക്കെ ശേഖരിച്ചുവച്ചിട്ടുമുണ്ട്. സമീപകാലത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയ ഏറ്റവും ദീര്‍ഘമായ ഈ അഭിമുഖത്തിലൂടെ അമ്മ ഓര്‍മ്മകളുടെ പൂക്കാലത്തിലേയ്ക്കു മടങ്ങുന്നു.

അമ്മയുടെ ഓര്‍മ്മയിലെത്തുന്ന ആദ്യത്തെ ഓണക്കാല സ്മൃതിയെന്താണ്?

ഈ ഗ്രാമത്തില്‍ എന്നു തിരുവോണമാണ് മോനെ. അടുത്തടുത്തു വീടുകള്‍. അഞ്ച് ഏക്കറിനുള്ളില്‍ നൂറോളം വീടുകള്‍ കാണും. സാധാരണ ദിവസങ്ങളില്‍തന്നെ ഞങ്ങള്‍ കൂട്ടുകാരൊക്കെ ഒരു വീട്ടില്‍ കൂടും, പഠിക്കും, അവിടെത്തന്നെ കിടന്നുറങ്ങും. കുട്ടികള്‍ തൊട്ടപ്പുറത്ത് വീട്ടിലുണ്ട്, സുരക്ഷിതരാണെന്ന വിശ്വാസം അച്ഛനും അമ്മയ്ക്കും ഉണ്ട്. ഏതുവീട്ടില്‍ പോയാലും ഊണുകഴിക്കുകയാണെങ്കില്‍ നമുക്കും തരും. വന്നവര്‍ പോയിക്കഴിഞ്ഞ് കഴിക്കാം എന്നില്ല. അടുപ്പിലെ തീ പോലും അങ്ങോട്ടും ഇങ്ങോട്ടും കൈമാറും. അവിടെ സന്ധ്യാദീപം കൊളുത്തിയാല്‍ ഇവിടെ കൊണ്ടുവരും. പരിചയമില്ലാത്തവര്‍ വന്നാലും വീട്ടില്‍ താമസിപ്പിക്കും. കുടില്‍കെട്ടും ധര്‍മ്മവും സ്‌നേഹവുമൊക്കെ പഠിപ്പിച്ച ആദ്യകാല അനുഭവങ്ങളാണിതൊക്കെ.

ആഘോഷങ്ങള്‍ക്ക് ഈ നാടിന് പ്രത്യേകതകളില്ലേ?

ഉണ്ട്, അന്നന്നു ജോലിയ്ക്കുപോയി കിട്ടിയിട്ടല്ലേ മക്കള്‍ കഴിയുന്നത്? അവര്‍ക്കും ബാങ്ക്‌ നിക്ഷേപമൊന്നുമില്ല. പണം കിട്ടുമ്പോള്‍ പാത്രങ്ങളും വെങ്കലവുമൊക്കെ വാങ്ങിവയ്ക്കും. മഴക്കാലത്ത് ഇതൊക്കെ വിറ്റിട്ടു ജീവിയ്ക്കും. ഓണമാകുമ്പോള്‍ പുതുവസ്ത്രം നിര്‍ബന്ധമായി വാങ്ങും. എന്നും വീട്ടില്‍ മീന്‍ കാണും പക്ഷേ, ഓണത്തിനും ഉത്സവദിവസങ്ങളിലും ശിവരാത്രിയ്ക്കും മാത്രമാണ് മീനില്ലാത്തത്.

അന്‍പതും അറുപതും വീട്ടുകാര്‍ ഒരു മുറ്റത്തു കൂടി വലിയ ഊഞ്ഞാലുകളിലാടും. ‘മാവേലി നാടുവാണീടും..’ എന്നൊക്കെ പാടും. പത്തും പതിനഞ്ചും ആണും പെണ്ണുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. ഒരു വ്യത്യാസവുമില്ല. 12 വയസ്സിനുശേഷം പെണ്‍കുട്ടികളെ കടയിലൊന്നും വിടില്ല. പക്ഷേ, ഓണക്കാലത്ത് ആ നിബന്ധനകളൊന്നുമില്ല. വീട്ടില്‍നിന്നും തല്ലും അടിയും കിട്ടാത്ത ദിവസങ്ങളാണത്. പെണ്ണുങ്ങള്‍ ഓടിയാല്‍ ഭൂമികുലുങ്ങുമെന്നു പറയും. ആണുങ്ങള്‍ക്കാകാം. ധൈര്യമായി കൂവാനും ബഹളം വയ്ക്കാനും വിടുന്നത് ഓണദിവസങ്ങളിലാണ്. ആ ദിവസം ഓടാം, കൂവാം, ഉച്ചത്തില്‍ മിണ്ടാം, അയലത്തിനപ്പുറത്തേയ്ക്ക് ധൈര്യമായി പോകാം.

വീട്ടിലെ സാഹചര്യം എങ്ങനെയായിരുന്നു?

അമ്മ (ദമയന്തി) 11 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അച്ഛന്‍ (സുഗുണാനന്ദന്‍) വലിയ ദാനധര്‍മ്മിയാണ്. പക്ഷേ, മുന്‍ശുണ്ഠിയാണ്. അച്ഛനും അമ്മയും മറ്റുസഹോദരങ്ങളും ഇപ്പോഴുമുണ്ട്. അമ്മയുടെ വീട്ടില്‍ എനിക്കു പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ വരെ ധാരാളം കൃഷിയുണ്ട്. ഓണത്തിന് അവിടുന്ന് പച്ചക്കറിയൊക്കെ കൊണ്ടുവരും. എനിക്ക് 27 വയസ്സാകുംവരെ ഞങ്ങള്‍ക്കും കുറച്ചു കൃഷിയുണ്ടായിരുന്നു.

മാനുഷ്യരെല്ലാരും ഒന്നുപോലെ എന്നുപറയുന്നത് പാലിക്കാന്‍ ഏറെ ശ്രദ്ധിച്ചയാളാണ് അമ്മ. വീട്ടില്‍ ആരുവന്നാലും എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം എന്നാണ് ചിന്ത. ഉള്ളതെല്ലാം അവര്‍ക്കു കൊടുത്തിട്ട് കഞ്ഞിവെള്ളത്തില്‍ തേങ്ങയിട്ട് ഞങ്ങള്‍ക്കു തരും. എന്നാലും വന്നവര്‍ക്കു നന്നായി കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന ചിന്തയാണ് അമ്മയ്ക്ക്. വീടിന്റെ മുന്നില്‍ മുറുക്കാനും ചായയും ബീഡിയുമൊക്കെ എപ്പോഴുമുണ്ടാകും. വരുന്നവരെ തൃപ്തിപ്പെടുത്തുക എന്നല്ലാതെ ഞങ്ങക്കില്ല എന്നൊരു ചിന്ത വീട്ടിലില്ല.

മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണത്തിന്റെ തത്വം അമ്മയുടെ ചെറുപ്പകാല ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടോ?

എത്ര പാവപ്പെട്ടവരും പുതിയ വസ്ത്രമൊക്കെ വാങ്ങുന്ന കാലമാണ് അത്. വലിയവനും ചെറിയവനും പരസ്പരം ഇല്ലാതാകുന്ന അവസ്ഥ. വലിയവന്‍ താഴേക്കു വരുന്നു. ചെറിയവന്‍ വലിയവന്റെ നിലയിലാകുന്നു. അഹങ്കാരമില്ലാതാകുന്നു. വിത്തില്‍നിന്ന് വൃക്ഷത്തിലേയ്ക്ക് വളരും പോലെ. ഞങ്ങളുടെ വീട്ടില്‍ തെങ്ങില്‍ കയറാന്‍ വരുന്ന ആള്‍ക്ക് ഒരു ജോടി വസ്ത്രം കൊടുക്കും. ആശാരിപ്പണിക്കാര്‍ക്കുമുണ്ട് ദക്ഷിണ. മൂപ്പത്തിമാരാണ് വസ്ത്രം വാങ്ങിക്കൊടുക്കുന്ന വേറെ ഒരുവിഭാഗം. താഴ്ന്ന ജാതിക്കാര്‍ക്കും വസ്ത്രം കൊടുക്കാറുണ്ട്.

താഴ്ന്ന ജാതിക്കാരോട് അവഗണന ഉണ്ടായിരുന്നോ?

അതുണ്ട് മോനെ. താഴ്ന്ന ജാതിക്കാര്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കുമെങ്കിലും എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുക. അലക്കുകാരെ വിളിക്കും പക്ഷേ, അവരെക്കൊണ്ട് കിണര്‍ തൊടിക്കില്ല. വെള്ളം നമ്മള്‍ കോരിക്കൊടുക്കും. ഞാനാണെങ്കില്‍ അവരെക്കൊണ്ടുതന്നെ കോരിപ്പിക്കും. അമ്മയുടെ അച്ഛനൊന്നും അത് തീരെ ഇഷ്ടമില്ല. കിണറ്റില്‍ നമ്മുടെ വെള്ളമാണ്. അത് അവര്‍ക്കു കൊടുക്കുന്നുമുണ്ട്. പിന്നെ കോരിക്കൊടുക്കുന്നതില്‍ എന്താണ് തെറ്റ് മോനെ?

ഓണപ്പരീക്ഷയെക്കുറിച്ചൊക്കെ എന്താണ് ഓര്‍മ്മ?

ആ കാലത്ത് ടെന്‍ഷന്‍ വരാനുള്ള പുസ്തകങ്ങളൊന്നുമില്ല മോനെ. ഞാനാണെങ്കില്‍ ഒന്നില്‍ പഠിച്ചിട്ടില്ല. നേരിട്ട് രണ്ടാം ക്ലാസ്സില്‍ ചേര്‍ന്നു. ശ്രായിക്കാട്ടെ ഓലക്കുടിലാണ് സ്‌ക്കൂള്‍. നാലുവരെ പഠിച്ചു. അഞ്ചില്‍ രണ്ടുമാസമേ പഠിച്ചുള്ളൂ. അപ്പോഴെക്കും അമ്മയ്ക്കു സുഖമില്ലാതായി. പഠിപ്പുനിര്‍ത്തി. അന്ന് മൂന്നിലൊന്നും ഇംഗ്ലീഷും ഹിന്ദിയുമില്ല. അഞ്ചാം ക്ലാസ്സിലാണ് ഇംഗ്ലീഷ് സ്‌പെല്ലിങ്ങ് പഠിപ്പിക്കുന്നതുതന്നെ. കലണ്ടര്‍ നോക്കിയാണ് ഞാന്‍ പിന്നെ ഇംഗ്ലീഷ് പഠിച്ചത്.

ചെറുപ്പത്തിലെ കളികള്‍ ?

മിക്കപ്പോഴും മാവില്‍ എറിയാന്‍ പോകും. ഇവിടത്തെ കായലില്‍ ആറുമാസമെങ്കിലും നല്ല വെള്ളമാണ്. അതില്‍ കിടന്നു മദിക്കും. അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്കൊന്നും അന്ന് ഉടുപ്പിട്ടില്ലെങ്കില്‍ നാണമൊന്നുമില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ ഉടുപ്പൊക്കെ അഴിച്ചു കരയിലേയ്ക്കൊറ്റ ഏറാണ്. സഹോദരന്മാര്‍ വന്ന് വഴക്കു പറയുമ്പോഴാണ് കരയ്ക്കു കയറുക.

ദിനചര്യകള്‍ എങ്ങനെയായിരുന്നു?

വെളുപ്പിന് എഴുന്നേറ്റില്ലെങ്കില്‍ തലയില്‍ ഒരു കുടം വെള്ളം വീഴും. ഏറ്റവും വലിയ ചീത്തയും കേള്‍ക്കും. അമ്മ പശുവിനെയും ആടിനെയും കോഴിയേയുമൊക്കെ വളര്‍ത്തിയിരുന്നു. ചിട്ടി നടത്തിയിരുന്നു. വെളുപ്പിന് മൂന്നിന് അമ്മ ഉണരും. കീര്‍ത്തനം ചൊല്ലും. ചീനിയുടെ (മരച്ചീനിയുടെ) തൊലി പശുവിനു കൊടുക്കാന്‍ പോകുമ്പോള്‍ കാണാം ഓരോ വീട്ടിലും പത്തും പതിനഞ്ചും മക്കള്‍. ചിലപ്പോള്‍ ഭക്ഷണമുണ്ടാവില്ല. മറ്റൊരു വീട്ടില്‍ ജോലിയുണ്ട് അതുകൊണ്ട് ഭക്ഷണവുമുണ്ട്. ഇതൊക്കെ എന്റെ ഉള്ളില്‍ വിചിത്രമായ ചോദ്യമുണ്ടാക്കി കുഞ്ഞേ. ദുഃഖിക്കുന്നവരെ സൃഷ്ടിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. കുഴിയില്‍ വീണവരെ പിടിച്ചുണര്‍ത്തുന്ന ഉള്‍വിളിക്ക് എവിടെ നിന്നാണ് എനിക്ക് ഉത്തരം കിട്ടിയതെന്ന് അറിയില്ല.

പൂ പറിയ്ക്കാന്‍ പോവില്ലേ?

ഇവിടെ അടുത്തുതന്നെ ആവശ്യത്തിനു പൂ ഉണ്ടാകും. കുറച്ചു വലുതായപ്പോഴാണ് അകലേയ്ക്കൊക്കെ പോയത്. വലുതായപ്പോള്‍ കുറച്ചു കാലം തയ്യല്‍ പഠിക്കാന്‍ പോയിരുന്നു. അതു കഴിഞ്ഞു മടങ്ങുമ്പോഴും പൂ പറിയ്ക്കാറുണ്ട്.

ഓണത്തിനപ്പുറം എന്തായിരുന്നു നാട്ടിലെ ഉത്സവം?

പത്തിരുപതു വര്‍ഷം മുന്‍പ് ഈ ഗ്രാമത്തില്‍ ക്ഷേത്രങ്ങളില്ല. എങ്കിലും വര്‍ഷത്തില്‍ പച്ചപന്തലിടും. വഴിനീളെ വിളക്കു കത്തിച്ചുവയ്ക്കും ഫോട്ടോയും വയ്ക്കും. ദൂരെയ്ക്കൊന്നും പോകില്ല. ഇവിടത്തെ സ്വര്‍ഗ്ഗം ഓച്ചിറ ക്ഷേത്രം വരെ പോകുന്നതാണ്. അപ്പോഴും അച്ഛന്റെ കക്ഷത്തില്‍ കയ്യുണ്ടാകും. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ യാത്ര.

ഓണത്തിനും വരുന്നില്ലേ മാറ്റം?

ഉത്സവങ്ങള്‍ക്കൊക്കെ ഇപ്പോള്‍ സിലബസ്സായി. ടൈംടേബിള്‍ പോലെ എല്ലാം ചടങ്ങുകള്‍. ജീവിതവും അതുപോലെ. പഠിക്കാന്‍ സിലബസ്സ് വേണം. അവിടെ അല്പം മത്സരവുമാകാം. ഞാന്‍ എതിര്‍ക്കില്ല. പക്ഷേ, കുടുംബത്തില്‍ അതുവേണോ കുഞ്ഞേ? ഇപ്പോള്‍ കാര്‍ഡുവാങ്ങി അയയ്ക്കും. ‘ഐ ലൗ യു’ എന്നെഴുതും. അതിനൊരു പ്രത്യേക ദിവസം വയ്ക്കേണ്ട കാര്യമില്ല. പ്രേമം സ്വാഭാവികമായി ഉള്‍ത്തട്ടില്‍നിന്നും വരേണ്ടതല്ലേ? ചെണ്ട പറഞ്ഞു പഠിപ്പിക്കാനാവുമോ? പ്രേമവും അനുഭവിച്ചു പഠിക്കേണ്ടതല്ലേ?

പണ്ടൊക്കെ മക്കളെല്ലാം ഓണത്തിനു വീട്ടില്‍ വരും. ഒരുമിച്ചു കഴിച്ചു കഴിയും. ഇപ്പോഴും വരുന്നുണ്ട് പക്ഷേ, എല്ലാവരും കൂടി ഹോട്ടലില്‍ പോകും അല്ലെങ്കില്‍ പായ്ക്കറ്റ് വാങ്ങി കഴിക്കും. അന്ന് നെല്ലുകുത്തി അരിയുണ്ടാക്കും പായസത്തിന്. അദ്ധ്വാനത്തിന്റെ ഒരു വശം കൂടി അതിനുണ്ട്. ഇപ്പോള്‍ പത്തുലക്ഷത്തിന്റെ വാഹനത്തില്‍ കയറി ജിംനേഷ്യത്തില്‍ പോകും. കാര്യമില്ല. അതിനുപകരം നടന്നാല്‍ മതി. വയസ്സു വളരെ നീളുന്നുണ്ട് പക്ഷേ, ചെറുപ്പത്തിലേ വാര്‍ദ്ധക്യമാണിന്ന്. പണ്ട് വാര്‍ദ്ധക്യത്തിലും ചെറുപ്പമായിരുന്നു.

എല്ലാ ദിവസവും തിരുവോണമാകണം എന്നതാണ് എന്റെ ആഗ്രഹം മോനെ. ഞാന്‍ ഉദ്ദേശിക്കുന്ന ഓണം അതാണ്. ആ തത്വം മനസ്സിലാക്കാന്‍ ആത്മീയത അറിയണം.

ഗുരുശിഷ്യബന്ധമാണ് എന്റെ ലോകത്തില്‍ പ്രധാനം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാകുമ്പോള്‍ അത് എന്റെയും നിന്റെയുമാകും. എന്നും ഒരുപോലെ തന്നെ. തിരുവോണത്തിന് പടിഞ്ഞാറ് സൂര്യനുദിച്ച് കിഴക്ക് അസ്തമിക്കാറില്ലല്ലോ? ഓണത്തിന്റെ തത്വമനസരിച്ച് ജീവിച്ച് എന്നും തിരുവോണമാക്കി മാറ്റാന്‍ നമുക്കു കഴിയണം. എങ്കിലേ നമുക്കു നമ്മുടെ ധര്‍മ്മം നിറവേറ്റാന്‍ കഴിയൂ. എല്ലാവര്‍ക്കും അവരവരുടെ ധര്‍മ്മമുണ്ട്. ടീച്ചര്‍ അമ്മയുടെ ധര്‍മ്മവും അമ്മ ടീച്ചറുടെ ധര്‍മ്മവും കാണിച്ചിട്ടു കാര്യമില്ല. ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നല്ല ആ ഉപദേശം നമ്മുടെ ജീവിതത്തില്‍ ഉപയോഗപ്രദമാക്കുകയാണ് വേണ്ടത്.

ബുദ്ധി വളരുന്നുണ്ട് പക്ഷേ, വിവേക ബുദ്ധിയിലേയ്ക്കു വരുന്നില്ല. അറിവുണ്ട്, ബുദ്ധിയില്ല. ബുദ്ധി വളരുന്നു ഹൃദയം തകരുന്നു. ഇന്നെല്ലാം യാന്ത്രികമാണ്. നല്ല വീടുണ്ട് പക്ഷേ, കുടുംബങ്ങള്‍ തകരുന്നു. അമ്മയെയും അച്ഛനെയും നോക്കിയില്ലെങ്കില്‍ നമ്മുടെ കുഞ്ഞ് നമ്മളെയും നോക്കില്ല. കൊടുക്കുന്നതാണ് കിട്ടുക.

പണ്ട് അമ്മ കറിയ്ക്കരച്ചുകൊണ്ടിരിക്കുമ്പോള്‍ അപ്പുറത്ത് എവിടെയെങ്കിലും കുഞ്ഞ് കാണും. കരഞ്ഞാല്‍ കേള്‍ക്കാത്ത ദൂരത്ത് പക്ഷേ, കുഞ്ഞ് വിശന്നുകരയുമ്പോള്‍ അമ്മയ്ക്ക് മുല ചുരത്തുന്നതായി തോന്നും. പ്രേമത്തിന്റെ തരംഗമാണ് ആ നെഞ്ചില്‍ വന്നുതട്ടുന്നത്.

പാശ്ചാത്യ ലോകത്ത് 15 വയസ്സുവരെയെ മക്കള്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ളൂ. മൃഗമനസ്സ് പൊങ്ങുന്ന പ്രായമല്ലേ മോനെ? അവര്‍ക്കു സ്വാതന്ത്ര്യം വേണം. ബന്ധങ്ങളെ നിയമങ്ങള്‍ വച്ച് ആണി തറച്ചുവയ്ക്കുകയാണവിടെ. അതല്ലല്ലോ സ്വാതന്ത്ര്യം. സ്‌നേഹമുണ്ടെങ്കില്‍ ഭാരമില്ലല്ലോ? കര്‍മ്മമല്ല, മനോഭാവമാണ് വലുത്.

ഇന്ത്യയുടെ പോക്കും പടിഞ്ഞാറോട്ടല്ലേ?

അവിടെ പതിമൂന്നു വയസ്സിലെങ്കിലും പെണ്ണിന് ബോയ്ഫ്രണ്ടില്ലെങ്കില്‍ മാതാപിതാക്കള്‍ മാനസിക രോഗികളെ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കും. 18 വയസ്സാകുമ്പോള്‍ കുട്ടികള്‍ വീടുവിടും. പിന്നെ പിറന്നാളിനോ മറ്റോ അമ്മയ്ക് ഒരു കാര്‍ഡ് അയയ്ക്കും. ഇതൊക്കെ ഇവിടേയ്ക്കും വളരെ വേഗം പടരുന്നുണ്ട്. നമുക്കും സ്വാഭാവികത നഷ്ടപ്പെടുന്നു. എല്ലാം നമുക്ക് ഉള്‍ക്കൊള്ളാം. പക്ഷേ, നമ്മുടേത് നഷ്ടപ്പെടുത്തരുത്. അന്ധമായ ആവേശവും അനുകരണവും വേണ്ട.

ഇനിയുള്ള അമ്മമാരുടെ കാര്യത്തില്‍ വിഷമമുണ്ട് മോനെ. മക്കള്‍ക്കോ മരുമക്കള്‍ക്കോ അവരെ നോക്കാന്‍ പറ്റുമോ? അമ്മായിഅമ്മ പഴയ അമ്മയാണ്. അവര്‍ക്ക് ചീത്തകേട്ടു ശീലമുണ്ട്. ഇപ്പോള്‍ വന്ന മരുമകള്‍ പക്ഷേ, അതുകേള്‍ക്കില്ല. മുന്‍വിധിവച്ച് പോകുന്നവരാണവര്‍. അപ്പോള്‍ യുദ്ധം വരും. പ്രായം വരുമ്പോള്‍ അച്ഛനും അമ്മയ്ക്കും കൊച്ചുകുട്ടികളുടെ ബുദ്ധിയാണ്. കുട്ടിളെ അടിച്ചു പഠിപ്പിക്കാം. പക്ഷേ, വലുതായാലോ? ആരും നോക്കാനില്ലാത്ത അമ്മമാരെ ഇങ്ങോട്ടുകൊണ്ടുവരാന്‍ ഞാന്‍ പറയും. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഇവിടെ അതിനു സൗകര്യമൊരുക്കാന്‍ ആലോചിക്കുകയാണ്. ആശ്രമത്തിന്റെ വിവിധകേന്ദ്രങ്ങളിലും അമ്മമാരെ സംരക്ഷിക്കാന്‍ സൗകര്യമുണ്ടാക്കണം.

ഓര്‍മ്മയിലെ കളിക്കുട്ടിയില്‍നിന്ന് ദിവ്യ മാതൃത്വത്തിന്റെ ചൈതന്യത്തിലേയ്ക്ക് അമ്മ തിരികെ എത്തുന്നു. രാവേറെ ചെന്നിരുന്നു. പക്ഷേ, വെണ്‍നിലാവുചോരുന്ന ചിരിയുമായി അമ്മ മക്കള്‍ക്കൊപ്പം പകല്‍പോലെ ശോഭപരത്തുന്നു. നിത്യതേജ്വസിനിയായി.