(മലയാളത്തിന്റെ പ്രിയങ്കര നടനായ ശ്രീ മോഹന്‍ലാല്‍, അമ്മയുടെ 56ാം ജന്മദിനത്തില്‍ ‘അമൃതനിധി’ പഠനസഹായം സ്വീകരിക്കാനെത്തിയ കുട്ടികളോട് നടത്തിയ പ്രസംഗത്തില്‍ നിന്ന്)
അമ്മേ, ഈ മകന്റെ പ്രണാമം.
ഇന്ന് ഈ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് എന്റെ പൂര്‍വ്വപുണ്യമാണ്. ഒപ്പം എന്റെ അമ്മയുടെ അനുഗ്രഹാശിസ്സുകളും. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ജന്മത്തില്‍ ഞാനമ്മയെ ആദ്യമായി കാണുന്നത്. ഇന്ന് കാണുന്ന സമൃദ്ധിയും പ്രൗ™ിയും അന്നീ ഗ്രാമത്തിനില്ലായിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറം. കായല്‍ കടന്ന് ഞാനമ്മയുടെ വീട്ടുമുറ്റത്ത് എത്തി. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരോടെല്ലാം കളിതമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് ആര്‍ത്തുല്ലസിച്ചു നടക്കുന്ന അസാധാരണത്വമുള്ള ഒരു സാധാരണക്കാരിയെയാണ് ഞാനവിടെ കണ്ടത്. ദര്‍ശനസമയമായി. അമ്മ കളരിയില്‍ കയറി വാതില്‍ അടച്ചു. പ്രാര്‍ത്ഥന ആരംഭിച്ചു. താമസം വിനാ അമ്മ വാതില്‍ തുറന്ന് വെളിയില്‍ വന്നു. തികച്ചും വ്യത്യസ്തവും ഭീതിദവുമായ രൂപവും ഭാവവും. വാളും ശൂലവും പിടിച്ച് പുരാണവര്‍ണ്ണിതയായ കാളീരൂപം. അതുകാണുവാനും അനുഭവിക്കുവാനും എനിക്ക് യോഗമുണ്ടായി. അതാണ് ഞാന്‍ ആര്‍ജ്ജിച്ച പുണ്യം.
അന്നുമുതല്‍ തുടങ്ങി ഈ ജന്മത്തില്‍ എനിക്ക് അമ്മയോടുള്ള ബന്ധം. ആയത് ഇന്നും അനുസ്യൂതം തുടരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ജിജ്ഞാസയോടെ, ഭക്തിയോടെ ഉറ്റുനോക്കുന്ന ഒരു പുണ്യസങ്കേതമായിത്തീര്‍ന്നിരിക്കുന്നു അമൃതപുരി. അവരുടെ തീര്‍ത്ഥാടനകേന്ദ്രം. വിവിധ ജാതിമതവിശേഷങ്ങള്‍ ഇവിടെ ഒഴുകിയെത്തി ഒന്നായിച്ചേരുന്നു. ഇത്രയധികം ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന കേന്ദ്രബിന്ദു എന്താണ്? എന്ത് അസുലഭതയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത് ?
അത് രണ്ട് അക്ഷരത്തില്‍ ഒതുങ്ങുന്ന ലളിതവും ശുദ്ധവുമായ ഒരു മന്ത്രമാണ് അമ്മ. ഇവിടെ എത്തുന്നവരെല്ലാം അമ്മയുടെ മക്കളാണ്. ഓംകാരത്തില്‍ അലിയാന്‍ വിധിക്കപ്പെട്ട ഓമന മക്കള്‍. ഓരോരുത്തരും അമ്മയുടെ അടുത്ത് എത്തുന്നു. അമ്മ വാത്സല്യപൂര്‍വ്വം കെട്ടിപ്പുണര്‍ന്ന് ഉമ്മ വയ്ക്കുന്നു. അവാച്യമായ നിര്‍വൃതി മക്കളനുഭവിക്കുന്നു. ഇതാണ് അമ്മ നല്‍കുന്ന പ്രഖ്യാതമായ, അസാധാരണമായ, ദര്‍ശനം. ബി.ബി.സി. അമ്മയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ അമ്മയോട് ചോദിച്ചു. ‘അമ്മ എന്തിനാണ് എല്ലാവരേയും പുണരുന്നത്?’ അമ്മ പറഞ്ഞു: ‘നദി എന്തിനാണ് ഒഴുകുന്നത് എന്ന് നദിയോടു് ചോദിക്കുന്നതുപോലെയാണത്. ഒഴുകുന്നത് നദിയുടെ സ്വഭാവമാണ്. അതുപോലെ ഇത് അമ്മയുടെ സ്വഭാവമാണ്. ഒരമ്മ മക്കളോട് കാട്ടുന്ന സ്‌നേഹ ഭാവമാണിത്.’ എത്ര ലളിതവും ഭാവനാ സമ്പൂര്‍ണ്ണവുമാണ് ആ മറുപടി!
അമ്മയുടെ ആലിംഗനത്തിന്റെ പിന്നില്‍ അപൂര്‍വ്വം ചിലര്‍ അല്പമായി അറിയുന്ന ഒരു രഹസ്യമുണ്ട്. അമ്മയുടെ വാത്സല്യ പ്രകടനത്തിന് അടിമപ്പെടുന്ന വ്യക്തിയുടെ ഉള്ളില്‍ താനറിയാതെ ഒരു രാസപ്രവര്‍ത്തനം നടക്കുന്നു; ഒരു ആന്തരിക ശുദ്ധീകരണം. അവരുടെ ദുര്‍വ്വികാരങ്ങള്‍ അവരറിയാതെ അമ്മയുടെ സ്പര്‍ശനമേറ്റ് മഞ്ഞുപോലെ ഉരുകുന്നു. അവയുടെ സ്ഥാനത്ത് സാത്വിക വികാരങ്ങള്‍ ഒഴുകി എത്തുവാന്‍ വഴിയൊരുക്കുന്നു. അമ്മയെ അടിക്കടി കാണുവാനും അനുഭവിക്കാനും ഉല്‍ക്കടമായ ആഗ്രഹം ജനിപ്പിക്കുന്നു. അത്ഭുതമായ പരിണാമ പ്രക്രിയ ആരംഭിക്കുകയായി. നെഗറ്റീവ് ഊര്‍ജ്ജം പുറംതള്ളപ്പെടുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. അങ്ങനെ പുതിയ മനുഷ്യന്‍ ജനിക്കുന്നു. ഇതാണ് ഞാനറിഞ്ഞതും അനുഭവിക്കുന്നതുമായ ദര്‍ശന രഹസ്യം.
കാരുണ്യമൂര്‍ത്തിയായ അമ്മയുടെ സഹായഹസ്തം എത്താത്ത മേഖലകളില്ല. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, സാന്ത്വന ചികിത്സാകേന്ദ്രങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, അമൃതകുടീരങ്ങള്‍ ഇങ്ങനെ എത്രയെത്ര ജീവകാരുണ്യ പദ്ധതികള്‍! ഒതുങ്ങി മാറിനിന്ന് അത്ഭുതത്തോടും ആദരവോടും കൂടി ഓരോന്നും നോക്കിക്കാണുന്നതിന് പകരം ആവുംവിധം നമുക്കതില്‍ പങ്കാളികളാകാം. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും നറുമധുരം നമുക്ക് നുകരാം. ഇതാണ് അമ്മയുടെ ജന്മദിന വേളയില്‍ നമുക്ക് നല്‍കാവുന്ന വിലപ്പെട്ട ഉപഹാരം. പ്രാര്‍ത്ഥനയോടെ നമുക്കത് സമര്‍പ്പിക്കാം.
അമ്മയുടെ എല്ലാ ജന്മദിന വേളകളിലും ജീവകാരുണ്യമേഖലയില്‍ അമ്മ നടത്തുവാന്‍ ഇച്ഛിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചുള്ള അറിവുണ്ടാകാറുണ്ട്. ഈ വര്‍ഷവും വ്യത്യസ്തമല്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ഉറ്റവരുടെ സഹായമില്ലാതെ അനാഥത്വത്തില്‍ അമ്പരന്നു നില്‍ക്കുന്ന കൊച്ചു കുരുന്നുകള്‍ക്ക് അമ്മ നീട്ടുന്ന സഹായഹസ്തം. അവര്‍ക്കു വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം ആദിയായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഈ സഹായ പദ്ധതി അമ്മ നടപ്പിലാക്കുകയാണ്. ഈ രണ്ടു പദ്ധതികളും ഔപചാരികമായി ഉത്ഘാടനം ചെയ്യാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മയുടെ ആ ആജ്ഞ ഞാന്‍ അനുസരിക്കുന്നു. രണ്ടു പദ്ധതികളും ഞാന്‍ ഉത്ഘാടനം ചെയ്തുകൊള്ളുന്നു. ലോകമംഗളത്തിനായുള്ള തീവ്രസാധനയില്‍ മുഴുകിയിരിക്കുകയാണ് അമ്മ. ഒപ്പം അമ്മയുടെ സന്യാസശിഷ്യരും. ഈ ഉത്തമലക്ഷ്യം അമ്മയുടെ വാക്കുകളിലൂടെ ഞാനവതരിപ്പിക്കുകയാണ്.
‘ഈ ലോകത്ത് ഓരോരുവനും നിര്‍ഭയം ഉറങ്ങുവാന്‍ ഇടവരട്ടെ. ഒരു രാത്രി എങ്കിലും ഓരോരുവനും വയറുനിറയെ ഭക്ഷണം കഴിക്കാന്‍ ഇടവരട്ടെ. ഒരു ദിവസമെങ്കിലും ലോകമെമ്പാടും നടക്കുന്ന ആക്രമണങ്ങളില്‍ ഒരുവനും പരിക്കേറ്റ് ആശുപത്രിയില്‍ പോകുവാന്‍ ഇടവരാതിരിക്കട്ടെ. ഒരു ദിവസമെങ്കിലും ദുഃഖിതര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുവാന്‍ ഓരോരുവനും ഇടവരട്ടെ. ഒരു ദിവസമെങ്കിലും ഈ ചെറിയ സ്വപ്നം സാധിതമാകേണമേ’
ഈ സ്വപ്നസാക്ഷാത്ക്കാര യജ്ഞത്തില്‍ നമുക്ക് ഏവര്‍ക്കും പങ്കാളികളാകാം. അതാണ് എന്റെ അമ്മ, നിങ്ങളുടെ അമ്മ, നമ്മുടെ അമ്മ, ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നിറഞ്ഞ കൂപ്പുകൈ, നന്ദി, നമസ്‌കാരം.
26 സെപ്തംബര്‍ 2009, അമൃതപുരി
******