15 ആഗസ്റ്റ് 2002, സ്വാതന്ത്ര്യദിനസന്ദേശം,
ശ്രീ മാതാ അമൃതാനന്ദമയീ ദേവി
മക്കളേ,
ഋഷികളുടെ നാടാണു ഭാരതം. ലോകത്തിനു് എക്കാലത്തും നന്മയും ശ്രേയസ്സും നല്കുന്ന സംസ്‌കാരമാണു് അവര്‍ നമുക്കു പകര്‍ന്നു നല്കിയതു്. ആ സംസ്‌കാരം നമുക്കു് അമ്മയാണു്. അതിനെ നാം സംരക്ഷിക്കുകയും ഉദ്ധരിക്കുകയും വേണം. ‘മാതൃ ദേവോ ഭവ’, ‘പിതൃ ദേവോ ഭവ’, ‘ആചാര്യ ദേവോ ഭവ’, ‘അതിഥി ദേവോ ഭവ’ ഇതാണു നമ്മുടെ പൂര്‍വ്വികര്‍ ഉപദേശിച്ചതു്. അങ്ങനെയാണു് അവര്‍ ജീവിച്ചു കാണിച്ചതു്. ഈ സ്‌നേഹമാണു സമൂഹത്തെ കൂട്ടിയിണക്കുന്ന കണ്ണി. ഇന്നു് ആ കണ്ണി പൊട്ടി ഓരോ വ്യക്തിയും ഓരോ ദ്വീപായി മാറുന്ന കാഴ്ചയാണു നാം കണ്ടുവരുന്നതു്.
പാശ്ചാത്യസംസ്‌കാരത്തില്‍നിന്നു നമുക്കു പലതും പഠിക്കുവാനുണ്ടു്. എന്നാല്‍ അതോടൊപ്പം നാം നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുകയും വേണം. ഇന്നു സര്‍വ്വത്ര അനുകരണമാണു്. നമ്മുടെ ജീവിതംതന്നെ അനുകരണമായി മാറിയിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തെ നഷ്ടമാക്കി മറ്റൊന്നു് ഉള്‍ക്കൊള്ളുന്നതു് ഉടുപ്പിനനുസരിച്ചു ശരീരത്തെ വെട്ടിമുറിക്കുന്നതുപോലെയാണു്, വിശപ്പടക്കാന്‍ കൃത്രിമ ആപ്പിള്‍ കടിക്കുന്നതു പോലെയാണു്. അതുകാരണം നമ്മിലെ സ്വാഭാവികത നഷ്ടമാവുന്നു; നാം ശാരീരികമായും, മാനസികമായും ദുര്‍ബ്ബലരായിത്തീരുന്നു.
നാം കുട്ടികള്‍ക്കു സ്‌നേഹം കൊടുക്കുകയും ഒപ്പം ബോധത്തെ ഉദ്ധരിക്കുകയും വേണം. ബോധവത്കരണം എന്നു പറഞ്ഞാല്‍, സാധാരണ പുല്ലിലൂടെ കുറെനാള്‍ നടന്നാല്‍ വഴി തെളിയും. എന്നാല്‍ പാറക്കല്ലിലൂടെ എത്ര നടന്നാലും വഴി തെളിയില്ല. നനഞ്ഞ കളിമണ്ണുപയോഗിച്ചു പാത്രം ഉണ്ടാക്കിയാല്‍ അതു നന്നായി കിട്ടും. അതുപോലെ ചെറുപ്പത്തില്‍ കുട്ടികള്‍ക്കു സംസ്‌കാരം കൊടുത്തു വളര്‍ത്തിയാല്‍ പെട്ടെന്നു് അവരെ ഉദ്ധരിച്ചുകൊണ്ടുവരുവാന്‍ പറ്റും. ഇരുട്ടുമുറിയിലെ ചെടി സൂര്യപ്രകാശത്തിനു നേരെ വളരും. അതുപോലെ കുട്ടികള്‍ സ്‌നേഹവും അംഗീകാരവും ശ്രദ്ധയും ആഗ്രഹിക്കുന്നു. അതു കിട്ടുന്നിടത്തേക്കു പോകുവാന്‍ അവര്‍ തയ്യാറാകും. അതിനാല്‍ അതുകൂടി അവര്‍ക്കു നല്കാന്‍ നാം തയ്യാറാകണം.
പണ്ടു്, സമൂഹത്തില്‍ പ്രചരിച്ചിരുന്ന കളികള്‍ക്കും കലകള്‍ക്കുമെല്ലാം പ്രചോദനം ആദ്ധ്യാത്മികതയായിരുന്നു. ഇതുമൂലം അവ മനസ്സുകളില്‍ നല്ല സംസ്‌കാരങ്ങളെയാണു് ഉണര്‍ത്തിയിരുന്നതു്. എന്നാല്‍ ഇന്നു ടി.വി.യും സിനിമയും മറ്റും സംസ്‌കാരത്തിനു ഭീഷണിയായിത്തീരുകയാണു്. കലയുടെ ആത്മീയമായ അടിസ്ഥാനം പുനരുദ്ധരിക്കേണ്ടതു സമൂഹത്തിന്റെ താളലയം നിലനിര്‍ത്താന്‍ ആവശ്യമാണു്.
എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എല്ലാവരും അവരുടെ അവകാശങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. കര്‍ത്തവ്യം മറക്കുന്നു. ഒരിടത്തു് അമിതമായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അതു മറ്റൊരിടത്തു മുറിവുണ്ടാക്കും. ഇതു നമ്മള്‍ മറക്കരുതു്. സ്വാര്‍ത്ഥത വര്‍ദ്ധിച്ചു് അധര്‍മ്മം വളരുമ്പോഴാണു പ്രകൃതിയുടെ താളലയം നഷ്ടമാകുന്നതു്. നിയന്ത്രണമില്ലാതെ മനസ്സിലുയരുന്ന ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ പോയാല്‍ അതു് നമ്മെ നിരാശയിലേക്കേ നയിക്കുകയുള്ളൂ. ഒരാഗ്രഹം സാധിച്ചാലുടന്‍ ഇരട്ടി ആഗ്രഹങ്ങള്‍ അവിടെ വന്നു കഴിയും. അതിനാല്‍ ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞു് ആഗ്രഹങ്ങളെ നിയന്ത്രിക്കുവാന്‍ നാം പഠിക്കണം. എടുക്കുക എന്നതിലുപരി കൊടുക്കുക എന്ന ധര്‍മ്മംകൂടി ഉണ്ടെന്നു നാം ഉള്‍ക്കൊള്ളണം. ഇല്ലെങ്കില്‍ നമ്മുടെ ധര്‍മ്മം തന്നെ നശിച്ചുപോകും.
സ്ത്രീ സഹോദരിയാണു്, അമ്മയാണു്, ഭാര്യയുമാണു്. പുരുഷന്‍ സഹോദരനാണു്, പിതാവാണു്, ഭര്‍ത്താവുമാണു്. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്തു ശുദ്ധമായ ഭാവത്തില്‍ വീക്ഷിക്കുവാന്‍ നമുക്കു സാധിക്കണം. സദാചാരവും സംസ്‌കാരവും നഷ്ടമാകാതെ സൂക്ഷിക്കുവാനും നിലനിര്‍ത്തുവാനും നമുക്കു കഴിയണം. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ ഇരുവരും ഒരാത്മാവെന്ന ഏകത്വബോധം ഉണരണം. അതുപോലെ മുതിര്‍ന്നവരെയും ഗുരുജനങ്ങളെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും നാം കുട്ടികളെ പരിശീലിപ്പിക്കണം.
കുടുംബജീവിതത്തെയും സമൂഹജീവിതത്തെയും പ്രകൃതിയെത്തന്നെയും താങ്ങിനിര്‍ത്തുന്ന സ്‌നേഹത്തെ നാം നമ്മുടെ ഉള്ളില്‍ പുനരുദ്ധരിക്കണം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മാതാപിതാക്കളോടും ഗുരുജനങ്ങളോടുമുള്ള കടമ, വ്യക്തിക്കു സമൂഹത്തോടുള്ള കടമ, വിദ്യാര്‍ത്ഥികള്‍ക്കു് അദ്ധ്യാപകരോടുള്ള കടമ, മുതിര്‍ന്നവര്‍ക്കു് ഇളംതലമുറയോടുള്ള കടമ, ഓരോ പൗരനും രാഷ്ട്രത്തോടുള്ള കടമ ഇവയെല്ലാം ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ നാം ശ്രമിക്കണം.
നമ്മെ പ്രസവിച്ച അമ്മ നമുക്കു തന്നതു തിരിച്ചു കൊടുക്കാന്‍ നമുക്കൊരിക്കലും കഴിയില്ല. പത്തുമാസം ചുമന്നു പ്രസവിച്ചു നമ്മെ വളര്‍ത്തിയ നമ്മുടെ അമ്മയോടുള്ള കടപ്പാടു തീര്‍ക്കാന്‍ നമുക്കു സാധിക്കില്ല. പക്ഷേ, അമ്മയുടെ ജീവിതത്തില്‍ വേദന അനുഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ അതു പങ്കുവയ്ക്കാനും അമ്മയെ അനുസരിക്കാനും സ്‌നേഹിക്കുവാനും അമ്മയുടെ ആവശ്യങ്ങള്‍ യഥാവസരം നിറവേറ്റാനുമുള്ള ഒരു മനഃസ്ഥിതി നാം വളര്‍ത്തിയെടുക്കണം.
നമ്മുടെ സംസ്‌കാരവും നമ്മുടെ മാതൃഭൂമിയും നമുക്കമ്മയാണു്. ആ സംസ്‌കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാല്‍ നാം നൂലുപൊട്ടിയ പട്ടങ്ങള്‍പോലെയാകും. ആ സംസ്‌കാരത്തെ ഉദ്ധരിക്കുകയും മാതൃഭൂമിയെ സേവിക്കുകയും ചെയ്യേണ്ടതു നമ്മുടെയെല്ലാം ധര്‍മ്മമാണു്. സംസ്‌കാരത്തെയും ധര്‍മ്മത്തെയും ഉദ്ധരിക്കുക വഴി ശാന്തിയും ഐശ്വര്യവും പുലരുന്ന ഒരു രാഷ്ട്രവും ഒരു ലോകവും പടുത്തുയര്‍ത്തുവാന്‍ നമുക്കു കഴിയും. പ്രകൃതിയുടെതന്നെ താളലയം പുനഃസ്ഥാപിക്കുവാന്‍ കഴിയും.
അതിനായി മക്കളെല്ലാവരും നിശ്ചയദാര്‍ഢ്യത്തോടെ ഒത്തൊരുമിച്ചു പ്രയത്‌നിക്കുക. മക്കളുടെ പ്രയത്‌നം സഫലമാകുവാന്‍ അമ്മ പരമാത്മാവില്‍ അര്‍പ്പിക്കുന്നു.
*****